ഹൈടെക് എ.ടി.എം പണം തട്ടിപ്പ്; ഗബ്രിയേലുമായി പൊലീസ് മുംബൈയിലേക്ക്

തിരുവനന്തപുരം: ഹൈടെക് എ.ടി.എം പണംതട്ടിപ്പുകേസില്‍ പൊലീസ് അന്വേഷണം ശക്തമാക്കുന്നു. അഞ്ചാം പ്രതിയെന്ന് സംശയിക്കുന്ന കോസ്മെയും രാജ്യംവിട്ട സ്ഥിതിക്ക് പഴുതടച്ച അന്വേഷണത്തിനാണ് ഒരുങ്ങുന്നത്. കൂടുതല്‍ തെളിവെടുപ്പിന് പിടിയിലായ  റുമേനിയന്‍ സ്വദേശി ഗബ്രിയേല്‍ മരിയനുമായി തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ മുംബൈയിലേക്ക് തിരിക്കും. അസിസ്റ്റന്‍റ് കമീഷണര്‍ കെ.ഇ. ബൈജുവിന്‍െറ നേതൃത്വത്തിലെ സംഘമാണ് മുംബൈയിലേക്ക് പോകുക.
ഞായറാഴ്ച ഗബ്രിയേലിനെ ഇയാള്‍  താമസിച്ചിരുന്ന തലസ്ഥാനത്തെ ഹോട്ടലുകളായ  സ്റ്റാച്യുവിലെ  ചിരാഗ് ഇന്‍, പനവിളയിലെ കീസ് ഇന്‍റര്‍നാഷനല്‍ ഹോട്ടല്‍, തമ്പാനൂര്‍ അമല റെസിഡന്‍സി, കോവളം ഉദയസമുദ്ര എന്നിവിടങ്ങളില്‍ കൊണ്ടുപോയി തെളിവെടുത്തു. ഇതില്‍ അമല റെസിഡന്‍സിയിലെ സി.സി ടി.വി കാമറയില്‍ പതിഞ്ഞ മറ്റു പ്രതികളുടെ ചിത്രങ്ങള്‍ ഹോട്ടല്‍ അധികൃതര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.
തട്ടിപ്പിന് ഒരുങ്ങുന്നതിന് മുന്നോടിയായി മുംബൈയില്‍ നിരവധി സ്ഥലത്ത് ഇയാളും കൂട്ടാളികളും തങ്ങിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിടുണ്ട്. അതുകൊണ്ടാണ് മുംബൈയിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്. പണം തട്ടിയ സംഘത്തിലുണ്ടായിരുന്ന കോസ്മെ രാജ്യം വിട്ട സ്ഥിതിക്ക് ഇവര്‍ക്ക് പ്രദേശിക സഹായം നല്‍കിയ ആരെങ്കിലും ഉണ്ടോയെന്നും പരിശോധിക്കും.
ഗബ്രിയേല്‍ അറസ്റ്റിലായതിനുശേഷവും കോസ്മെ മുംബൈയിലെ എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിച്ചുവെന്ന് പോലീസ് കണ്ടത്തെിയിട്ടുണ്ട്. മുംബൈയിലെ എ.ടി.എം കൗണ്ടറില്‍നിന്ന് ലഭിച്ച സി.സി ടി.വി ദൃശ്യങ്ങളില്‍നിന്നുമാണ് അഞ്ചാമന്‍ കോസ്മെയെ കുറിച്ച വിവരങ്ങള്‍ പൊലീസിന് ലഭിക്കുന്നത്. ഇയാളെ തിരിച്ചറിഞ്ഞപ്പോഴേക്കും പണവുമായി ഇയാളും രാജ്യം വിട്ടിരുന്നു. 11ന് മുംബൈ വിമാനത്താവളത്തില്‍നിന്നാണ് രാജ്യം വിട്ടത്.  
ഗബ്രിയേലിനെ കൂടാതെ ക്രിസ്റ്റെന്‍ വിക്ടര്‍, ബോഗ് ബീന്‍ ഫ്ളോറിന്‍, ഇയോന്‍ സ്ളോറിന്‍ എന്നിവരായിരുന്നു തലസ്ഥാനത്ത് എത്തിയത്. കോസ്മെ മുംബൈയില്‍ മാത്രമായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ഇതുവരെ എട്ടുലക്ഷം രൂപ നഷ്ടമായെന്ന പരാതിയാണ് പൊലീസിന് ലഭിച്ചത്.  രാജ്യം വിട്ടവരെ കണ്ടത്തൊനും സമാനമായ കുറ്റകൃത്യങ്ങള്‍ക്കുള്ള വിവരങ്ങള്‍ ശേഖരിക്കാനും റെഡ് കോര്‍ണര്‍ നോട്ടീസും പര്‍പ്ള്‍ നോട്ടീസും ഇന്‍റര്‍പോള്‍ പുറത്തിറക്കും. ഇതിന് ഡി.ജി.പി ലോക്നാഥ് ബെഹ്റ ഇന്‍ര്‍പോളിന് കത്തയച്ചിട്ടുണ്ട്. അതേസമയം, വെഞ്ഞാറമൂട് എസ്.ബി.ടി ശാഖയില്‍നിന്ന് 12 ഓളം പേരുടെ പണം നഷ്ടപ്പെട്ടതായി പരാതിയുണ്ട്. ഈ സംഭവത്തിന് എ.ടി.എം തട്ടിപ്പുമായി ബന്ധമുണ്ടോ എന്ന കാര്യവും പരിശോധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.