കണ്ടാലും കൊണ്ടാലും കേരളത്തിലെ കോൺഗ്രസ് പഠിക്കില്ല -എ.കെ ആന്‍റണി

കൊച്ചി: കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശവുമാ‍യി പ്രവർത്തകസമിതിയംഗം എ.കെ ആന്‍റണി. കണ്ടാലും കൊണ്ടാലും കോൺഗ്രസ് പഠിക്കില്ലെന്ന് ആന്‍റണി പറഞ്ഞു. സംഘപരിവാർ കോൺഗ്രസ് വോട്ടുകൾ അടർത്തിയെടുക്കുന്നു. കേരളത്തിലെ ജനകീയ അടിത്തറ പങ്കിട്ടെടുക്കാനുള്ള സംഘപരിവാർ ശ്രമം തിരിച്ചറിയണമെന്നും ആന്‍റണി വ്യക്തമാക്കി. കൊച്ചിയിൽ രാജീവ് ഗാന്ധി സത് ഭാവന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്‍റണി.

കോൺഗ്രസിൽ തലമുറ മാറ്റം വേണമെന്ന് ആന്‍റണി പറഞ്ഞു. ചെറുപ്പക്കാർ പാർട്ടി നേതൃത്വത്തിലേക്ക് വരണം. ഒറ്റക്കെട്ടായി മുന്നോട്ടു പോയില്ലെങ്കിൽ അടർന്നു പോയവർ തിരികെ വരില്ല. അവരെ തിരികെ കൊണ്ടുവരണം. പാർട്ടിയുടെ ജനകീയ അടിത്തറയിൽ നേതാക്കൾ ചോർച്ച ഉണ്ടാക്കി. ഗ്രൂപ്പുകൾ തമ്മിൽ തല്ലിയത് കൊണ്ടാണ് ഭരണത്തുടർച്ച ഇല്ലാതായത്. ഒരുമിച്ച് നിന്നില്ലെങ്കിൽ നേതാക്കൾക്ക് ചരിത്രം മാപ്പുനൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  

കോൺഗ്രസ് മുക്ത ഭാരതം ലക്ഷ്യമിടുന്ന ബി.ജെ.പിയും യു.ഡി.എഫ് ശിഥിലമാക്കാൻ ആഗ്രഹിക്കുന്ന സി.പി.എമ്മും ഒരുമിച്ച് കോൺഗ്രസിനെതിരെ അണിനിരക്കുകയാണ്. ഈ അപകടം കോൺഗ്രസ് പ്രവർത്തകർ തിരിച്ചറിയണം. കോൺഗ്രസ് തമ്മിൽതല്ലുന്ന കൂടാരമായാൽ ആരും ഇങ്ങോട്ടുവരില്ല. കൂട്ടായ നയപരിപാടികളാണ് വേണ്ടതെന്നും ആന്‍റണി പറഞ്ഞു.

നേതാക്കള്‍ ഒന്നിച്ചിരുന്നു ഫോട്ടോ എടുത്തതു കൊണ്ടോ സംയുക്ത പ്രസ്താവന ഇറക്കിയത് കൊണ്ടോ കോണ്‍ഗ്രസ് രക്ഷപ്പെടില്ല. തിരുവനന്തപുരത്ത് ചില നേതാക്കള്‍ തിരക്കിട്ട് കൂടിയിരുന്ന് നയം രൂപീകരിച്ചിട്ട് കാര്യമില്ല. സമയമെടുത്തുള്ള ചര്‍ച്ചകളും നയരൂപീകരണവുമാണ് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ വേണ്ടത്. 67ല്‍ കോണ്‍ഗ്രസ് തകര്‍ന്നപ്പോള്‍ ജാതി-മത വ്യത്യാസമില്ലാതെ മുന്നോട്ടുവന്ന ഒരുപറ്റം ചെറുപ്പക്കാരായിരുന്നു തുണയായത്. എന്നാല്‍, ചെറുപ്പക്കാരുടെ പടയണി പാര്‍ട്ടിയില്‍ കാണാനില്ല. പുതിയതും പഴയതുമായ നേതൃത്വമാണ് കോണ്‍ഗ്രസിന് വേണ്ടതെന്നും ആന്‍റണി അഭിപ്രായപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.