കോഴിക്കോട്: സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവിനെ വിമര്‍ശിച്ച സി.പി.എം നേതാവ് എം. സ്വരാജ് എം.എല്‍.എയെ പരിഹസിച്ച് മുഖപത്രമായ ജനയുഗത്തിൽ ലേഖനം. കുങ്കുമത്തിന്റെ ഗന്ധമറിയാതെ കുങ്കുമം ചുമക്കുന്ന കഴുതയാണ് സ്വരാജ് എന്ന് 'രക്തക്കൊടിയുടെ വർഗ വികാരത്തണലിൽ മണിവീണ മീട്ടാൻ മോഹിച്ച മാണി!' എന്ന തലക്കെട്ടിൽ ദേവിക എഴുതിയ ലേഖനത്തിൽ പരിഹസിക്കുന്നു. സ്വരാജ് ജനിക്കുന്നതിന് മുമ്പ് സി.പി.ഐ നേതാവ് പി.കെ വാസുദേവൻ നായർ കേരളാ മുഖ്യമന്ത്രിയായിരുന്നുവെന്നും നാൽപതാം വയസിലും ബുദ്ധി മുളച്ചില്ലെങ്കിൽ ആ തലയിൽ തക്കാളിക്കൃഷി നടത്തുന്നതാവും നല്ലതെന്നും ലേഖനത്തിൽ പറയുന്നു
ലേഖനത്തിൽ നിന്ന്:
ഇക്കഴിഞ്ഞ ദിവസം ഒരു വിദ്വാൻ പറയുന്നതു കേട്ടു, സി.പി.ഐയുടെ രക്തപതാക തനിക്കു വെറുമൊരു പീറത്തുണിയാണെന്ന്! പട്നയിലെ കുട്ടികൾ കമ്മ്യൂണിസം തങ്ങളുടെ ജീവിത സിദ്ധാന്തമാക്കിയപ്പോൾ ഇയാൾക്ക് സി.പി.ഐയും കമ്മ്യൂണിസവും അജ്ഞാതം. നല്ല കുടുംബത്തിൽ അസുരവിത്തും പിറക്കുമല്ലോ എന്നു സമാധാനിക്കാനൊക്കുമോ? തന്റെ കമ്മ്യൂണിസത്തെക്കുറിച്ച് ഈ അസുരവിത്ത് ഗ്വാഗ്വാ വിളിക്കുമ്പോൾ “കുങ്കുമത്തിന്റെ ഗന്ധമറിയാതെ കുങ്കുമം ചുമക്കുന്നു ഗർദ്ദഭം” എന്നു പറഞ്ഞാൽ കഴുത അഭിമാനിക്കും; തലയിൽ ആളു താമസമില്ലാത്ത ഒരാളെ കൂട്ടിനുകിട്ടിയല്ലോ എന്ന്. ഇയാൾ ജനിക്കുന്നതിനും തൊട്ടു മുമ്പാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മധുര സൗമ്യദീപ്തമായിരുന്ന സി.പി.ഐ നേതാവ് പി.കെ വാസുദേവൻ നായർ മുഖ്യമന്ത്രിയായി കേരളം ഭരിച്ചിരുന്നത്. അതിനു ശേഷമുള്ള ചരിത്രം പോലും അറിയാത്ത ഈ കമ്മ്യൂണിസ്റ്റ് ഗർദ്ദഭത്തിന് ഈ നാൽപതാം പക്കത്തും ബുദ്ധി മുളച്ചില്ലെങ്കിൽ ആ തലയിൽ തക്കാളിക്കൃഷി നടത്തുന്നതാവും നന്ന്.
ചെങ്കൊടിയെ പീറത്തുണിയെന്ന് അസഭ്യവർഷം ചൊരിഞ്ഞ ഈ മാർക്ക്സിസ്റ്റ് സാമാജികന്റെ പൂർവചരിത്രവും ഇതിഹാസതുല്യം! മാധ്യമ പ്രവർത്തകരെ പിതൃശൂന്യരെന്നു സെക്രട്ടേറിയറ്റു പടിക്കൽ മൈക്കുവച്ചു പുലയാട്ടു നടത്തിയപ്പോൾ അന്നു മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദനോട് മാധ്യമപ്രവർത്തകർ പ്രതിഷേധം അറിയിച്ചു. അദ്ദേഹം അന്നുപറഞ്ഞ വാക്കുകൾ ഓർമവരുന്നു. “നിങ്ങൾ അതൊന്നും കാര്യമാക്കേണ്ടതില്ല. തന്തയില്ലാത്തവർ മറ്റുള്ളവർക്കും തന്തയില്ലെന്നു പറഞ്ഞു നടക്കുന്നത് ഒരു നാട്ടുനടപ്പല്ലേ!”
ഈ വ്യാജ മാർക്ക്സിസ്റ്റിന്റെ പിതാവ് മുട്ടിലിഴഞ്ഞു പാമ്പിനെപിടിക്കാനോടുന്ന കാലത്ത് സിപിഐയിൽ നിന്ന് ഇറങ്ങിവന്ന് ഇഎംഎസിനും ബി ടി രണദിവെയ്ക്കും പി സുന്ദരയ്യയ്ക്കും ഹർകിഷൻസിങ് സുർജിത്തിനുമൊപ്പം സിപിഎം രൂപീകരിച്ചവരിൽ ഇന്നു ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വി എസ് അച്യുതാന്ദൻ. ആ അച്യുതാനന്ദന്റെ തലവെട്ടി ഉത്തരകൊറിയൻ മോഡൽ ക്യാപിറ്റൽ പണിഷ്മെന്റ് നടപ്പാക്കണമെന്ന് ആ പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിൽ ആവശ്യപ്പെട്ട കപ്പലണ്ടി കമ്മ്യൂണിസ്റ്റാണ് സിപിഐയുടെ കൊടിയെ പീറത്തുണിയെന്നു വിശേഷിപ്പിച്ചത്.
അന്ന് പട്ന പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറി പദം ഒഴിഞ്ഞ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് കുലപതികളിൽ ഒരാളായിരുന്ന എ ബി ബർധൻ ‘ജനയുഗ’ത്തിനു നൽകിയ അഭിമുഖം ഓർമവരുന്നു. സിപിഎം ൽ നിന്ന് സിപിഐയിലേക്കോ മറിച്ചോ വരുന്നവരെ ഹാർദ്ദവമായി സ്വാഗതം ചെയ്യണം. അവർക്ക് ചെങ്കൊടിപുതപ്പിച്ച് തന്നെ വിട നൽകണം. അവർ മൂവർണക്കൊടിയോ കാവിക്കൊടിയോ പുതച്ച് വിടചൊല്ലുന്ന ദുരന്തമുണ്ടാകരുതെന്ന് ബർധൻ പറഞ്ഞതിന്റെ അർഥതലങ്ങൾ അറിയാനുള്ള ഗ്രാഹ്യശക്തിയും ഈ വ്യാജ മാർക്ക്സിസ്റ്റിനില്ലാതെ പോയതുകൊണ്ടാകണമല്ലോ ചെങ്കൊടി പീറത്തുണിയെന്ന് പുലയാട്ടുനടത്തിയത്.
മാർക്ക്സിസ്റ്റ് പ്രസ്ഥാനത്തിൽ നുഴഞ്ഞുകയറി ആ മഹത്തായ സന്ദേശത്തിന് ശോഭകേടുണ്ടാക്കുന്ന ഈ കള്ള നാണയങ്ങളെ തിരിച്ചറിയേണ്ടത് ബന്ധപ്പെട്ട നേതൃത്വമാണെന്നേ ദേവികയ്ക്കു പറയാനുള്ളു. കാരണം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ചാരസന്തതികളെയും ജാരസന്തതികളെയും കണ്ടെത്തി തൂത്തെറിഞ്ഞില്ലെങ്കിൽ അതൊരു മഹാദുരന്തമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.