ഗവര്‍ണറുടെ പ്രസംഗം പ്രതിപക്ഷം ബഹിഷ്കരിച്ചു; സഭയിലുള്ളത് അഴിമതി വീരന്മാരെന്ന് വി.എസ്

തിരുവനന്തപുരം: പ്രതിപക്ഷ ബഹിഷ്കരണത്തോടെ 13ാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തിന് തുടക്കമായി. ഗവര്‍ണര്‍ പി. സദാശിവത്തിന്‍റെ നയപ്രഖ്യാപന പ്രസംഗം മുദ്രാവാക്യം വിളിച്ച് തടസപ്പെടുത്താൻ പ്രതിപക്ഷം ശ്രമിച്ചു. പ്രസംഗം ഒഴിവാക്കണമെന്ന് ഗവർണർ സഭയിലെത്തിയ ഉടൻ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ അഭ്യർഥിച്ചു. അഴിമതി വീരന്മാർക്കായി പ്രസംഗം നടത്തരുത്. ആരോപണ വിധേയരായ മന്ത്രിമാരെ പുറത്താക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

പ്രതിപക്ഷാംഗങ്ങൾ പ്ലക്കാർഡ് ഉയർത്തി കാണിക്കുന്നു
 


ഭരണഘടനാപരമായ ചുമതല നിർവഹിച്ചേ തീരുവെന്ന് ഗവര്‍ണര്‍ പ്രതിപക്ഷത്തോട് പറഞ്ഞു. ജനാധിപത്യരീതിയിൽ പ്രതിഷേധം അറിയിക്കാൻ പ്രതിപക്ഷത്തിന് അവകാശമുണ്ട്. നിങ്ങളുടെ പ്രവർത്തനങ്ങൾ രാജ്യം ഉറ്റുനോക്കുന്നു. നിശബ്ദമായി ഇരിക്കുക അല്ലെങ്കിൽ സഭയിൽ നിന്ന് പുറത്തു പോവുക. എല്ലാത്തിനും ഒരു പരിധിയുണ്ട്. പ്രതിഷേധമുണ്ടായാലും നയപ്രഖ്യാപന പ്രസംഗം പൂർത്തിയാക്കുമെന്നും പി. സദാശിവം അറിയിച്ചു.

പ്രതിപക്ഷാംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോകുന്നു
 


തുടർന്ന് ഗവർണറുടെ പ്രസംഗം ബഹിഷ്കരിച്ച പ്രതിപക്ഷാംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരള കോൺഗ്രസ് ബി നേതാവ് കെ.ബി ഗണേഷ് കുമാറും സഭ ബഹിഷ്കരിച്ചു. ഗവർണറെ നിയമസഭാ കവാടത്തിൽ സ്വീകരിക്കുന്ന ചടങ്ങിലും പ്രതിപക്ഷ നേതാവ് പങ്കെടുത്തില്ല.

ഗവർണർ പി. സദാശിവം സഭയിലേക്ക് വരുന്നു
 


ഇംഗ്ലീഷിലും മലയാളത്തിലും എഴുതിയ പ്ലക്കാർഡുകളും ബാനറുകളുമായാണ് പ്രതിപക്ഷാംഗങ്ങൾ രാവിലെ സഭയിലെത്തിയത്. ഗവർണർ നടുത്തളത്തിലൂടെ കടന്നുവന്നപ്പോൾ ബഹുമാനത്തോടെ എഴുന്നേറ്റു നിന്ന പ്രതിപക്ഷം ഡയസിലെത്തിയതോടെ മുദ്രാവാക്യം വിളിക്കാൻ ആരംഭിച്ചു. ഇത് അവഗണിച്ച് നയപ്രഖ്യാപന പ്രസംഗം ഗവർണർ തുടങ്ങിയതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളി ഉച്ചത്തിലാക്കി. തുടർന്നാണ് പ്രതിപക്ഷത്തോട് നിശബ്ദമായി ഇരിക്കുകയോ സഭയിൽ നിന്ന് പുറത്തു പോവുകയോ ചെയ്യാൻ ഗവർണർ ആവശ്യപ്പെട്ടത്.

പ്രതിപക്ഷാംഗങ്ങൾ നിയമസഭക്ക് പുറത്ത് പ്രതിഷേധ ധർണ നടത്തുന്നു
 


ബാർ, സോളർ, പാമോലിൻ, പാറ്റൂർ അടക്കം കോഴ ആരോപണങ്ങൾ നേരിടുന്ന അഴിമതി വീരന്മാരാണ് സഭയിലുള്ളതെന്ന് നിയമസഭക്ക് പുറത്ത് നടത്തിയ പ്രതിപക്ഷ എം.എൽ.എമാരുടെ പ്രതിഷേധ ധർണയിൽ വി.എസ്. പറഞ്ഞു. അഴിമതി വീരന്മാരായ കെ. ബാബു, ആര്യാടൻ മുഹമ്മദ് എന്നിവരെവെച്ച് സഭ മുന്നോട്ടു പോകാൻ സാധിക്കില്ല. കേരളത്തിലെ ജനങ്ങളുടെ ആകെ ആവശ്യം തങ്ങൾ നിയമസഭയിൽ അറിയിക്കുകയാണ് ചെയ്തതത്. അഴിമതിക്കാരുടെ ചാമ്പ്യന്മാരാണ് മന്ത്രിസഭയിലുള്ളതെന്നും വി.എസ് ആരോപിച്ചു.

ഗവർണറുമായി പ്രതിപക്ഷത്തിന് ഭിന്നതയില്ല. നയപ്രഖ്യാപനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത് എല്ലാ ബഹുമാനത്തോടും കൂടെയാണ്. എന്നാൽ, ഇന്നത്തെ നടപടിയിൽ ഗവർണറോടുള്ള പ്രതിഷേധം ബഹുമാനപൂർവം അറിയിക്കുന്നതായും വി.എസ് കൂട്ടിച്ചേർത്തു. പ്രതിപക്ഷ ധർണയിലും കെ.ബി ഗണേഷ് കുമാർ പങ്കെടുത്തു.
 

എൽ.ഡി.എഫിന്‍റെ നേതൃത്വത്തിൽ നിയമസഭയിലേക്ക് നടന്ന പ്രതിഷേധ മാർച്ച്
 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.