മരുന്ന് കുറിപ്പടി: ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടി അറിയിക്കണമെന്ന് മനുഷ്യാവകാശ കമീഷന്‍

തിരുവനന്തപുരം: മരുന്നുകളുടെ രാസനാമങ്ങള്‍ കുറിപ്പടിയില്‍ വ്യക്തമായി എഴുതണമെന്നതടക്കം മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ ഡോക്ടര്‍മാര്‍ പാലിക്കുന്നെന്ന് ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികള്‍ രണ്ടുമാസത്തിനകം അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍. ഡോക്ടര്‍മാര്‍ അവ്യക്തമായി മരുന്ന് കുറിപ്പടികള്‍ തയാറാക്കുന്നതിനെതിരെ കമീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. ഐ.എം.എ, ആരോഗ്യവകുപ്പ്, ആരോഗ്യ വിദഗ്ധര്‍, മാധ്യമപ്രവര്‍ത്തകര്‍, സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരില്‍നിന്ന് കമീഷന്‍ ഇതു സംബന്ധിച്ച് അഭിപ്രായങ്ങള്‍ സ്വീകരിച്ചിരുന്നു. ഡോക്ടര്‍മാര്‍ മരുന്ന് കുറിപ്പടികള്‍ തയാറാക്കുന്നത് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍, ലോകാരോഗ്യ സംഘടന, ഡ്രഗ്സ് കണ്‍ട്രോളര്‍ എന്നിവരുടെ മാര്‍ഗനിര്‍ദേശ പ്രകാരമല്ളെന്നായിരുന്നു ആരോഗ്യ സെക്രട്ടറി ഡോ. ഇളങ്കോവന്‍െറ കണ്ടത്തെല്‍.
എല്ലാ പ്രധാന ആശുപത്രികളിലും ഗ്രിവന്‍സ് ആന്‍ഡ് മോണിറ്ററിങ് സെല്‍ യോഗം ചേരുന്നുണ്ടോയെന്ന് ആരോഗ്യ ഡയറക്ടര്‍ അറിയിക്കണമെന്നും കമീഷന്‍ ഉത്തരവില്‍ ആവശ്യപ്പെട്ടു. മരുന്ന് കുറിപ്പടി ശരിയായ വിധത്തിലാണ് ഡോക്ടര്‍മാര്‍ തയാറാക്കുന്നതെന്ന് ഐ.എം.എ അറിയിച്ചു. കുറിപ്പടി വലിയ അക്ഷരത്തില്‍ എഴുതാന്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കാമെന്നും ഐ.എം.എ കമീഷന് ഉറപ്പുനല്‍കി. ആരോഗ്യ സെക്രട്ടറിയും ഡയറക്ടറും രണ്ടു മാസത്തിനകം കമീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.