മനോജ് വധക്കേസ്: മുഖ്യകണ്ണി പി.ജയരാജനെന്ന് സി.ബി.ഐ

കൊച്ചി: കതിരൂർ മനോജ് വധക്കേസിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ സി.ബി.ഐ ഹൈകോടതിയിൽ. ജയരാജൻെറ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്താണ് സി.ബി.ഐ ഹൈകോടതിയെ സമീപിച്ചത്. മനോജ് വധക്കേസിൽ ഗൂഢാലോചനയിലും ആസൂത്രണത്തിലും ജയരാജന് പങ്കുണ്ടെന്ന് സി.ബി.ഐ അറിയിച്ചു. ജയരാജൻ നിയമത്തെ മറികടക്കാൻ ശ്രമിക്കുന്നു. സത്യം പുറത്തുകൊണ്ടുവരാൻ നിഷ്പക്ഷമായ അന്വേഷണം ആവശ്യമാണെന്നും ജയരാജനെ ചോദ്യം ചെയ്യണമെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. ജയരാജൻെറ മുൻകൂർ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സി.ബി.ഐയുടെ നീക്കം.

മനോജ് വധക്കേസിൻെറ ബുദ്ധികേന്ദ്രം ജയരാജനാണ്. അതിനുള്ള എല്ലാ തെളിവുകളും ലഭിച്ചിട്ടുണ്ട്. മനോജ് വധക്കേസിൽ മാത്രമല്ല. പല മൃഗീയമായ കുറ്റകൃത്യങ്ങളിലും ജയരാജന് പങ്കുണ്ട്. പാർട്ടിയെ ഉപയോഗിച്ച് സമ്മർദ്ദത്തിലാക്കുകയാണ് ജയരാജൻെറ രീതിയെന്നും സത്യവാങ്മൂലത്തിൽ സി.ബി.ഐ വ്യക്തമാക്കി.

തലശ്ശേരി സെഷൻസ് കോടതി മൂന്നു തവണ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടർന്നാണ് ജയരാജൻ ഹൈകോടതിയെ സമീപിച്ചത്. ജയരാജന് ജാമ്യം നൽകുന്നതിനെതിരെ മനോജിൻെറ സഹോദരൻ ഉദയകുമാറും ഹൈകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്.

അതേസമയം, സി.ബി.ഐയുടേത്  അബദ്ധ ഘോഷയാത്രയാണെന്ന് സി.പി.എം പി.ബി അംഗം പിണറായി വിജയൻ പറഞ്ഞു. നേരത്തെ കോൺഗ്രസിൻെറ താത്പര്യങ്ങളാണ് സി.ബി.ഐ സംരക്ഷിച്ചത്. ഇപ്പോൾ സംരക്ഷിക്കുന്നത് ബി.ജെ.പിയുടെ താത്പര്യങ്ങളാണ്. നീതി ലഭിക്കാനാണ് ജയരാജൻ പോരാടുന്നത്. നേതാക്കളെല്ലാം തടവിലായിരുന്നപ്പോൾ മാർക്സിസ്റ്റ് പാർട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കി.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.