തൃശൂര്‍: സ്വകാര്യ ബസുകളുടെ യാത്രാനിരക്ക് ഇപ്പോള്‍ കുറക്കരുതെന്ന് ഉടമകളുടെ സംഘടന. ഇതുസംബന്ധിച്ച ഹരജിയില്‍ ഹൈകോടതിയുടെ അന്തിമ വിധി വന്നതിനു ശേഷമേ തീരുമാനം എടുക്കാവൂവെന്ന് ഓള്‍ കേരള ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
31 ഘടകങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്. ഡീസല്‍ വില കുറയുമ്പോള്‍ നിരക്ക് കുറക്കാന്‍ ആവശ്യപ്പെടുന്നത് ഈ വ്യവസായത്തെ തകര്‍ക്കും.
സമാന്തര സര്‍വിസുകളുടെ നികുതി വെട്ടിപ്പ് സംബന്ധിച്ച് അസോസിയേഷന്‍ നല്‍കിയ പരാതി ഒരു പ്രത്യേക ട്രാന്‍സ്പോര്‍ട്ട് കമീഷണറെ ഉദ്ദേശിച്ചുള്ളതാണെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. ബസ് ചാര്‍ജ് കുറക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ നിയമിച്ച റിട്ട. ജസ്റ്റിസ് രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി തങ്ങളുടെ പരാതി കേള്‍ക്കണമെന്നും അതുവരെ ബസ് ചാര്‍ജ് കുറക്കരുതെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. ബസുകളില്‍ യാത്രക്കാര്‍ കുറയുന്ന സാഹചര്യത്തില്‍ യാത്രാനിരക്ക് കുറക്കുന്നത് ബസ് ഒന്നിന് 1,000 രൂപയുടെ വരുമാനക്കുറവുണ്ടാക്കുമെന്ന് അവര്‍ പറഞ്ഞു.
സംഘടനയുടെ നാലാമത് സംസ്ഥാന സമ്മേളനം ശനിയാഴ്ച തൃശൂര്‍ റീജനല്‍ തിയറ്ററില്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ടി.എന്‍. പ്രതാപന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്‍റ് ടി.ജെ. രാജു, ഭാരവാഹികളായ നൗഷാദ് ആറ്റുപറമ്പത്ത്, ജോണ്‍സണ്‍ പയ്യപ്പിള്ളി, ബിബിന്‍ ആലപ്പാട്ട്, കണ്ണന്‍ ശാസ്ത്ര എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.