സി.പി.എമ്മിന് ആത്മവിശ്വാസക്കുറവ് -ഉമ്മൻ ചാണ്ടി

കോട്ടയം: തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ആത്മവിശ്വാസക്കുറവ് മൂലമാണ് യു.ഡി.എഫില്‍നിന്ന് ഘടകകക്ഷികളെ ഒപ്പംകൂട്ടാന്‍ എല്‍.ഡി.എഫ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. എല്‍.ഡി.എഫിന്റെ ബലഹീനതയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം പള്ളിക്കത്തോട് കെ.ആര്‍. നാരായണന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വീരേന്ദ്രകുമാറിനെക്കുറിച്ച് പിണറായി വിജയന്‍ നല്ലത് പറഞ്ഞതില്‍ സന്തോഷം. നേരത്തേ ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളുപയോഗിച്ചാണ് വീരേന്ദ്രകുമാറിനെ അധിക്ഷേപിച്ചിരുന്നത്. വീരേന്ദ്രകുമാറിനെ വിമര്‍ശിച്ചിരുന്ന പിണറായി ഇപ്പോള്‍ തെറ്റുതിരുത്തിയിരിക്കുകയാണ്. എം.പി. വീരേന്ദ്രകുമാറിനെക്കുറിച്ച് പിണറായി പറഞ്ഞതെല്ലാം ശരിയാണെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് ഒറ്റക്കെട്ടായി തന്നെ മുന്നോട്ടുപോകും. രണ്ട് എം.എല്‍.എമാരുടെ ഭൂരിപക്ഷവുമായി അധികാരത്തിലെത്തിയ യു.ഡി.എഫ് ഭരണകാലാവധി പൂര്‍ത്തിയാക്കുകയാണ്. കൂട്ടായ പ്രവര്‍ത്തനമാണ് ഇത് കാണിക്കുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെയും മുന്നണി ഒറ്റക്കെട്ടായി നേരിടും. മുന്നണിക്കുള്ളിലെ പ്രശ്‌നങ്ങള്‍ കൂട്ടായ ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെട്ടു. കൂടുതല്‍ ശക്തിയോടെ മുന്നണി മുന്നോട്ടുതന്നെ പോകും.

സോണിയഗാന്ധിയോട് ഘടകകക്ഷികളാരും പരാതി പറഞ്ഞിട്ടില്ല. യു.ഡി.എഫിനെ നയിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷ എത്തുമ്പോള്‍ എല്ലാ ഘടകകഷി നേതാക്കളെയും കാണുന്നത് പതിവാണ്. മുന്‍കാലങ്ങളിലും എല്ലാവരെയും കാണുകയും ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ട്. ഇത്തവണ സോണിയഗാന്ധിയുമായുള്ള ഇവരുടെ കൂടിക്കാഴ്ച കുറഞ്ഞ സമയത്തേക്കാണ് നടന്നത്. സോണിയഗാന്ധിയുമായുള്ള ഘടകകക്ഷി നേതാക്കളുടെ ആശയവിനിമയം യു.ഡി.എഫിന് ഗുണം ചെയ്യും.

വിഴിഞ്ഞം പദ്ധതിയെ ഇനി എതിര്‍ക്കില്ലെന്ന പിണറായിയുടെ പ്രസ്താവനയോടെ യു.ഡി.എഫ് സര്‍ക്കാറിന്‍റെ നടപടി ശരിയാണെന്ന് തെളിഞ്ഞു. പദ്ധതി നടപ്പാക്കാന്‍ തുടങ്ങിയപ്പോള്‍ അതിനെതിരെ രംഗത്തുവന്നവരാണ് എല്‍.ഡി.എഫുകാര്‍. പദ്ധതിയില്‍ 6000 കോടിയുടെ അഴിമതിയുണ്ടെന്ന് പറഞ്ഞ നേതാവ് തന്നെ അത് മാറ്റിപ്പറഞ്ഞിരിക്കുന്നു. അന്ന് ആരോപണങ്ങള്‍ക്ക് ചെവികൊടുക്കാതെ മുന്നോട്ടുപോയതിന് സര്‍ക്കാറിന് കിട്ടിയ വലിയ അംഗീകാരമാണിത്. ശരിയെന്ന് തോന്നിയാല്‍ ആരോപണങ്ങളുണ്ടായാലും മുന്നോട്ടുപോകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.