രാഷ്ട്രീയ സംഘർഷം നിലനിന്ന് കാണാൻ ഉമ്മൻചാണ്ടിക്ക് ദുരാഗ്രഹം -പിണറായി

കോഴിക്കോട്: ആർ.എസ്.എസുമായുള്ള ചർച്ചയെ പിന്തുണച്ച സി.പി.എം നിലപാടിനെ വിമർശിച്ച മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ പി.ബി അംഗം പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. രാഷ്ട്രീയ സംഘർഷം നിലനിന്ന് കാണണം എന്ന ദുരാഗ്രഹമാണ് ഉമ്മൻചാണ്ടിക്കുള്ളതെന്ന് പിണറായി ആരോപിച്ചു. ആർ.എസ്.എസിനെ ന്യായീകരിക്കുകയും സി.പി.എമ്മിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന മാനസികാവസ്ഥയിൽ നിന്ന് ഒരിഞ്ച് മാറാൻ ഉമ്മൻചാണ്ടി തയാറല്ല. ആർ.എസ്.എസ് തലവൻ സമാധാന ചർച്ചക്ക് സന്നദ്ധത പരോക്ഷമായി പ്രകടിപ്പിച്ചപ്പോൾ പോലും അതിനോട് ക്രിയാത്മകമായാണ് സി.പി.എം പ്രതികരിച്ചത്.

അങ്ങനെ പ്രതികരിക്കുമ്പോഴും ആർ.എസ്.എസാണ് അക്രമങ്ങൾ സൃഷ്ടിക്കുന്നത്. കേരളത്തിൽ സമാധാനാന്തരീക്ഷം വഷളാക്കി കൊലപാതകങ്ങളും അക്രമവും സംഘടിപ്പിക്കുന്നതിന്‍റെ ഉത്തരവാദിത്തം അവർക്കാണെന്ന് ചൂണ്ടിക്കാട്ടാൻ ഞങ്ങൾ മടിച്ചിട്ടില്ല. മോഹൻ ഭാഗവത് തിരിച്ചുപോയി രണ്ടു ദിവസത്തിനകം തന്നെ കണ്ണൂർ ജില്ലയിൽ ആർ.എസ്.എസ് ആയുധം കൈയ്യിലെടുത്തത് ആ സംഘടന വിശ്വസിക്കാൻ കൊള്ളാത്തതിന്‍റെ തെളിവാണ്. ഞായറാഴ്ച്ച പള്ളിപ്പൊയിലിൽ ആർ.എസ്.എസ് സംഘം ബോംബെറിഞ്ഞ് വീഴ്‌ത്തിയ സമേഷ് എന്ന സി.പി.എം പ്രവർത്തകൻ ഒരു കാൽ നഷ്ടപ്പെട്ടു ആശുപത്രിയിൽ മരണവുമായി മല്ലടിക്കുകയാണെന്നും പിണറായി പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

രാഷ്ട്രീയ സംഘർഷം നിലനിന്നു കാണണം എന്ന ഉമ്മൻചാണ്ടിയുടെ ദുരാഗ്രഹമാണ് കാസർകോട്ട് പുറത്തു വന്നത്. ആർ.എസ്.എസിനെ ന്യായീകരിക്കുകയും സി.പി.ഐ.എമ്മിനെ കുറ്റപ്പെടുത്തുകയും എന്ന മാനസികാവസ്ഥയിൽ നിന്ന് ഒരിഞ്ചു മാറാൻ ഉമ്മൻചാണ്ടി തയാറല്ല. ആർ.എസ്.എസ് തലവൻ സമാധാന ചർച്ചക്ക് സന്നദ്ധത പരോക്ഷമായി പ്രകടിപ്പിച്ചപ്പോൾ പോലും അതിനോട് ക്രിയാത്മകമായാണ് ഞങ്ങൾ പ്രതികരിച്ചത്. അങ്ങനെ പ്രതികരിക്കുമ്പോഴും ആർ.എസ്.എസാണ് അക്രമങ്ങൾ സൃഷ്ടിക്കുന്നത്; കേരളത്തിൽ സമാധാനാന്തരീക്ഷം വഷളാക്കി കൊലപാതകങ്ങളും അക്രമവും സംഘടിപ്പിക്കുന്നതിന്‍റെ ഉത്തരവാദിത്തം അവർക്കാണ് എന്ന് ചൂണ്ടിക്കാട്ടാൻ ഞങ്ങൾ മടിച്ചിട്ടില്ല. മോഹൻ ഭാഗവത് തിരിച്ചുപോയി രണ്ടു ദിവസത്തിനകം കണ്ണൂർ ജില്ലയിൽ ആർ.എസ്.എസ് ആയുധം കയ്യിലെടുത്തത് ആ സംഘടന വിശ്വസിക്കാൻ കൊള്ളാത്ത ഒന്നാണ് എന്ന് വീണ്ടും വ്യക്തമാക്കി. ഞായറാഴ്ച്ച പള്ളിപ്പൊയിലിൽ ആർ.എസ്.എസ് സംഘം ബോംബെറിഞ്ഞു വീഴ്‌ത്തിയ സമേഷ് എന്ന സി.പി.ഐ.എം പ്രവർത്തകൻ ഒരു കാലു നഷ്ടപ്പെട്ടു ആശുപത്രിയിൽ മരണവുമായി മല്ലടിക്കുകയാണ്.

ഇതാണ് ആർ.എസ്.എസിന്‍റെ സ്വഭാവം എന്ന് ഞങ്ങൾക്ക് നല്ല ബോധ്യമുണ്ട്. എന്നിട്ട് പോലും കേരളത്തിന്‍റെ രാഷ്ട്രീയ അന്തരീക്ഷം കലുഷമാകരുത് എന്ന ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയാണ് സമാധാന ചർച്ചക്ക് സന്നദ്ധമാണെങ്കിൽ ഞങ്ങൾ മാറി നിൽക്കില്ല എന്ന് പറഞ്ഞതിലൂടെ വ്യക്തമാക്കിയത്. അതിനെ സ്വാഗതം ചെയ്യുകയും സമാധാന ശ്രമങ്ങൾ ആര് നടത്തിയാലും പ്രോത്സാഹനം നൽകുകയുമാണ് ഒരു മുഖ്യമന്ത്രിയുടെ കടമ. ഉത്തരവാദപ്പെട്ട ഭരണാധികാരി അതാണ്‌ ചെയ്യേണ്ടത്. അതിനു പകരം രാഷ്ട്രീയ ദുഷ്ടലാക്കോടെ പദവി മറന്നു സംസാരിക്കുകയാണ് ഉമ്മൻചാണ്ടി. ആർ.എസ്.എസും അതിന്‍റെ വർഗീയത രാഷ്ട്രീയവും ഉമ്മൻചാണ്ടിക്ക് പ്രിയപ്പെട്ടതാകും. ആർ.എസ്.എസ് നടത്തിയ നരമേധങ്ങളെ ഒരിക്കലെങ്കിലും തള്ളിപ്പറഞ്ഞിട്ടുണ്ടോ ഉമ്മൻചാണ്ടി? അവരുടെ വർഗീയ ഇടപെടലുകൾക്കെതിരെ നട്ടെല്ല് നിവർത്തി നിലപാടെടുത്തിട്ടുണ്ടോ?

ആർ.എസ്.എസുമായി നടത്തിയ വോട്ടു കച്ചവടത്തിന്‍റെയും നീക്ക് പോക്കുകളുടെയും ചരിത്രം കോൺസിനാണ്. തിരുവനന്തപുരം കോർപറേഷനിൽ ആര് ആരുമായി നീക്ക് പോക്ക് നടത്തിയത് കൊണ്ടാണ് യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പതിച്ചത്? ബി.ജെ.പി ജയിച്ച ഭൂരിപക്ഷം വാർഡുകളിലും എന്ത് കൊണ്ടാണ് കോണ്‍ഗ്രസ് മൂന്നാമതായത്? ഉമ്മൻചാണ്ടി മറുപടി പറയണം.

ഇപ്പോഴത്തെ ബി.ജെ.പി അധ്യക്ഷൻ കുമ്മനം രാജശേഖരന്‍റെ കത്ത് വാങ്ങി പ്രവീണ്‍ തൊഗാഡിയക്കെതിരായ കേസ് പിൻവലിച്ചത് ഉമ്മൻ ചാണ്ടിയല്ലേ? പോലീസുദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ നിന്ന് ആർ.എസ്.എസ് ക്രിമിനലുകളെ രക്ഷിക്കാൻ കേസ് തന്നെ ഇല്ലാതാക്കിയത് വേറെ ആരെങ്കിലുമാണോ? ഇങ്ങനെ പരസ്യമായും രഹസ്യമായും ആർ.എസ്.എസ് പ്രീണനം നടത്തുന്ന ഒരാൾ, സി.പി.ഐ എമ്മിന്‍റെ വർഗീയ വിരുദ്ധ സമീപനത്തെ ചോദ്യം ചെയ്യുന്നത് അപഹാസ്യമാണ്. ഞങ്ങൾ രാഷ്ട്രീയത്തെ രാഷ്ട്രീയമായാണ് കാണുന്നത്. ഉമ്മൻചാണ്ടിയടക്കമുള്ളവർ കാണുന്നത് പോലെ കച്ചവടമായല്ല. ആർ.എസ്.എസ് പ്രതിനിധാനം ചെയ്യുന്ന വർഗീയതയുടെയും വെറുപ്പിന്‍റെയും ആക്രമോത്സുകതയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ സ്വജീവൻ കൊടുത്തും പോരാടുന്ന പ്രസ്ഥാനമാണ് സി.പി.ഐ.എം. അത് കൊണ്ടാണ് രാഷ്ട്രീയമായി ആർ.എസ്.എസിനോട് ഒരു സന്ധിക്കും ഞങ്ങൾ തയാറല്ലാത്തത്.

ഞങ്ങളുടെ ആർ.എസ്.എസ് വിരുദ്ധ സമീപനം തെളിയിക്കാൻ ഉമ്മൻചാണ്ടിയുടെ സർട്ടിഫിക്കറ്റ് വേണ്ട എന്ന് വിനയത്തോടെ ഓർമ്മിപ്പിക്കട്ടെ. രാഷ്ട്രീയ രംഗത്ത് സമാധാനം കൈവരിക്കാനുള്ള ഏതു ശ്രമങ്ങളോടും ഭാവിയിലും ഞങ്ങൾ ക്രിയാത്മകമായി തന്നെ പ്രതികരിക്കും- ഉമ്മൻചാണ്ടിക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും. ആർ.എസ്.എസിനെ വെള്ളപൂശുകയും അവരുമായി ഒളിഞ്ഞും തെളിഞ്ഞും സഖ്യമുണ്ടാക്കുകയും ചെയ്യുന്ന ഉമ്മൻചാണ്ടി "സി.പി.ഐ.എമ്മിനെ ജനങ്ങൾ ചവിട്ടിപ്പുറത്താക്കും" എന്ന് സ്വപ്നം കാണുന്നത് സ്വാഭാവികമാണ്. ഒരു ലജ്ജയുമില്ലാതെ സ്വീകരിക്കുന്ന ഇത്തരം കപടവും വഞ്ചനാപരവുമായ സമീപനത്തെയാണ് കേരള ജനത ചവിട്ടി പുറത്താക്കുക എന്ന് ഉമ്മൻചാണ്ടിക്ക് ബോധ്യമാകാൻ അധിക നാളുകൾ വേണ്ടിവരില്ല.

 

 

രാഷ്ട്രീയ സംഘർഷം നിലനിന്നു കാണണം എന്ന ഉമ്മൻചാണ്ടിയുടെ ദുരാഗ്രഹമാണ് കാസർകോട്ട് പുറത്തു വന്നത്. ആർ എസ് എസിനെ ന്യായീകരിക്കു...

Posted by Pinarayi Vijayan on Tuesday, January 5, 2016
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.