കതിരൂര്‍ മനോജ് വധം: ജയരാജൻ സി.ബി.ഐ മുമ്പാകെ ഹാജരാകില്ല

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജൻ സി.ബി.ഐ മുമ്പാകെ ഹാജരാകില്ല. തലശ്ശേരി സെഷൻസ് കോടതിയിൽ അദ്ദേഹം മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. കേസിൽ തനിക്കെതിരെ തെളിവില്ലെന്നും രാഷ്ട്രീയ പ്രേരിതമായാണ് നടപടിയെന്നും അദ്ദേഹം ജാമ്യാപേക്ഷയിൽ വ്യക്തമാക്കി. തന്നെ അറസ്റ്റ് ചെയ്തു പീഡിപ്പിക്കാന്‍ സാധ്യതയുണ്ട്. സി.ബി.ഐയെ ഉപയോഗിച്ച് ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

തലശ്ശേരി ഗസ്റ്റ്ഹൗസില്‍ ചൊവ്വാഴ്ച ഹാജരാവാൻ ആവശ്യപ്പെട്ട് ഇന്നലെ സി.ബി.ഐ നോട്ടീസ് നൽകിയിരുന്നു. ഈ മാസം അഞ്ചിന് ഹാജാരാവാന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ശാരീരികാവശതകള്‍ കാരണം ഹാജരാകാനാവില്ലെന്ന് അഭിഭാഷകന്‍ മുഖേന ജയരാജന്‍ അറിയിച്ചിരുന്നു. ഇത് നാലാം തവണയാണ് പി. ജയരാജന് സി.ബി.ഐ നോട്ടീസ് നല്‍കിയത്.

ആദ്യതവണ സി.ബി.ഐയുടെ തിരുവനന്തപുരം ഓഫിസില്‍ ഹാജരായ അദ്ദേഹത്തെ ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്തു. രണ്ടാംതവണ ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി ഹാജരായില്ല. അതേസമയം, ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹരജി ഫയല്‍ ചെയ്തു. സി.ബി.ഐ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തുന്നുവെന്ന് കാണിച്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ജയരാജന്‍ അന്ന് കോടതിയെ സമീപിച്ചത്. എന്നാല്‍, മനോജ് വധക്കേസില്‍ ജയരാജനെ പ്രതി ചേര്‍ത്തിട്ടില്ലെന്ന സി.ബി.ഐ വാദം അംഗീകരിച്ച കോടതി ഹരജി തള്ളുകയായിരുന്നു.

2014 സെപ്റ്റംബര്‍ ഒന്നിനാണ് വീട്ടില്‍നിന്ന് കാറില്‍ തലശ്ശേരിയിലേക്കുള്ള യാത്രക്കിടെ മനോജ് കൊല്ലപ്പെട്ടത്. വാനിനുനേരെ ബോംബെറിഞ്ഞശേഷം മനോജിനെ വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 1999 ആഗസ്റ്റ് 25ന് തിരുവോണ നാളില്‍ പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു മനോജ്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.