‘സംഘ്പരിവാര്‍ കാലത്തും ഇന്ത്യക്ക് ജീവിച്ചേ പറ്റൂ’ –സോളിഡാരിറ്റി സംസ്ഥാന കാമ്പയിന്‍ 15 മുതല്‍

കോഴിക്കോട് : ‘സംഘ്പരിവാര്‍ കാലത്തും ഇന്ത്യക്ക് ജീവിച്ചേ പറ്റൂ’ എന്ന തലക്കെട്ടില്‍ 15 മുതല്‍ ഫെബ്രവരി 15 വരെ സംസ്ഥാന വ്യാപകമായി കാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് സോളിഡാരിറ്റി  സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 16ന് പാലക്കാട് നടക്കുന്ന കാമ്പയിന്‍ പ്രഖ്യാപനം പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദ് നിര്‍വഹിക്കും. കാമ്പയിനിന്‍െറ ഭാഗമായി തിരുവനന്തപുരത്തും മലപ്പുറത്തും ബഹുജന റാലികള്‍ സംഘടിപ്പിക്കും. ‘മണ്ഡല്‍ കമീഷന്‍ @ 25 ബഹുജന്‍ രാഷ്ട്രീയത്തിന്‍െറ കാല്‍പാട്’ എന്ന തലക്കെട്ടില്‍ വിവിധ ദലിത് പിന്നാക്ക ന്യൂനപക്ഷ സംഘടനകളുടെ സംഗമം കോഴിക്കോട്ട് നടക്കും. വ്യാഴാഴ്ച നാലുമണിക്ക്  അരയിടത്തുപാലം ഗ്രൗണ്ടില്‍ നടക്കുന്ന സംഗമം പ്രഫ. കാഞ്ച എലയ്യ ഉദ്ഘാടനം ചെയ്യും. ഇതിനു പുറമെ വിവിധ  ദിവസങ്ങളിലായി എറണാകുളത്ത് ഹിന്ദുത്വ വിരുദ്ധ പാഠശാല, ആലപ്പുഴയില്‍ ‘സംഘ് പരിവാറിന്‍െറ ജാതിയും ഇന്ത്യന്‍ സാമൂഹികഘടനയും’ എന്ന വിഷയത്തില്‍ സെമിനാറും, തൃശ്ശൂരില്‍ മോദിക്കെതിരെ തിരസ്കാര സെല്‍ഫി സാംസ്കാരിക സംഗമവും നടത്തുമെന്ന് സംസ്ഥാന പ്രസിഡന്‍റ് ടി. ശാക്കിര്‍ പറഞ്ഞു.
രാജ്യത്തെ പിന്നാക്ക, ന്യൂനപക്ഷ, ദലിത് സമൂഹങ്ങളുടെ  സാംസ്കാരികത്തനിമകളും വൈവിധ്യങ്ങളും ഇന്ന്  ചോദ്യം ചെയ്യപ്പെടുകയാണ്. കേരളത്തില്‍ ചുവടുറപ്പിക്കുന്നതിന് ബോധപൂര്‍വ നീക്കങ്ങള്‍ സംഘ്പരിവാര്‍ നടത്തുന്ന സാഹചര്യത്തിലാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നതെന്ന് ടി. ശാക്കിര്‍ പറഞ്ഞു.പ്രാദേശിക തലത്തില്‍ ജനകീയ സ്ക്വാഡ് പ്രവര്‍ത്തനങ്ങള്‍, യുവജന സംഗമങ്ങള്‍, ലഘുലേഖ വിതരണം, പ്രഭാഷണങ്ങള്‍, ഫാഷിസ്റ്റു വിരുദ്ധ കൂട്ടായ്മകള്‍, കൊളാഷ് പ്രദര്‍ശനം, സിനിമാപ്രദര്‍ശനം തുടങ്ങിയ പരിപാടികള്‍ നടക്കും.
രക്തസാക്ഷി ദിനമായ 30ന് ജില്ലാ കേന്ദ്രങ്ങളില്‍ സാംസ്കാരിക പ്രവര്‍ത്തകര്‍ ഒത്തുചേരും. കാമ്പയിനിന്‍െറ വിവിധ പരിപാടികളിലായി എഴുത്തുകാരന്‍ സച്ചിദാനന്ദന്‍, വിദ്യ ദിനകര്‍ (മംഗളൂരു), റൂത്ത് മനോരമ (ബംഗളൂരു) തുടങ്ങിയ മനുഷ്യാവകാശ പ്രവര്‍ത്തരും പങ്കെടുക്കും. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി സാദിഖ് ഉളിയില്‍, സംസ്ഥാന സെക്രട്ടറി സമദ് കുന്നക്കാവ് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.