ടൈറ്റാനിയം: പിണറായിയും കോടിയേരിയും മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ടൈറ്റാനിയം കേസ് സംബന്ധിച്ച ഹൈകോടതി വിധിയെക്കുറിച്ച് വ്യാജ പ്രചാരണം നടത്തുന്ന സി.പി.എം നേതാക്കളായ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സത്യത്തിന്‍െറ കണികപോലും ഇവര്‍ പറയുന്നതിലില്ല. തന്‍െറ രക്തത്തിനായി ഇവര്‍ പല രീതിയില്‍ മുറവിളികൂട്ടുന്നുണ്ട്. കോടതി വിധികളെപ്പോലും തെറ്റായി വ്യാഖ്യാനിക്കുന്ന രീതിയിലേക്ക് ഇവര്‍ തരംതാണതായും മുഖ്യമന്ത്രി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

സുനില്‍കുമാര്‍ എന്നയാള്‍ ടൈറ്റാനിയത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ 2006ല്‍ നല്‍കിയ പരാതിയില്‍ കമ്പനി ഉദ്യോഗസ്ഥരെ പ്രതികളാക്കി വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഈ കേസിലെ പ്രതി സന്തോഷ്കുമാര്‍ ഹൈകോടതിയില്‍നിന്ന് സ്റ്റേ നേടി. ഇദ്ദേഹം ഒഴികെ മറ്റ് പ്രതികള്‍ക്കെതിരെ അന്വേഷണം തുടരാമെന്നാണ്  ഹൈകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. കേസില്‍ പ്രതികളായവര്‍ക്കെതിരെ അന്വേഷണം പുനരാരംഭിക്കുമ്പോള്‍ കേസില്‍ പ്രതികളല്ലാത്തവരെ അടച്ചാക്ഷേപിക്കുകയാണ് സി.പി.എം നേതാക്കള്‍. സുനില്‍കുമാര്‍ വിജിലന്‍സിന് നല്‍കിയ പരാതിയില്‍  അന്വേഷണം നടക്കുന്നതിനിടെയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ജയന്‍ എന്ന സി.ഐ.ടി.യു നേതാവ് മറ്റൊരു പരാതി വിജിലന്‍സ് കോടതിയില്‍ നല്‍കിയത്. ഉദ്യോഗസ്ഥര്‍ക്ക് പുറമെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വ്യവസായമന്ത്രി ഇബ്രാഹിം കുഞ്ഞ്, കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല എന്നിവരെ ഉള്‍പ്പെടുത്തിയാണ് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസത്തെ ഹൈകോടതി വിധി ഈ പരാതിയിലല്ളെന്നും ടൈറ്റാനിയം കേസിനെ സി.പി.എം രാഷ്ട്രീയ ആയുധമാക്കുന്നതിന്‍െറ ഒടുവിലത്തെ തെളിവാണ് ഇപ്പോഴത്തെ പ്രചാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.