എനിക്ക് കമ്പ്യൂട്ടറില്ല, ഓഫീസില്‍ വെബ് കാമറയുണ്ട് -സോളാർ കമീഷനിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: തന്‍െറ ആവശ്യങ്ങള്‍ക്ക് ഓഫിസില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സോളാര്‍ കമീഷനെ അറിയിച്ചു. ഓഫിസ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ വെബ്കാമറയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കമീഷന്‍ ചോദിച്ച പ്രസക്ത ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ ...

? കമീഷന്‍: പേഴ്സനല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്ന ടെന്നി ജോപ്പനെ എന്നുമുതല്‍ അറിയും?
മുഖ്യമന്ത്രി: പഠനകാലം മുതല്‍. കെ.എസ്.യു പ്രവര്‍ത്തകനാണ്.
? എം.എല്‍.എ ക്വാര്‍ട്ടേഴ്സിലെ താങ്കളുടെ മുറിയില്‍ ജോപ്പന്‍ താമസിച്ചിട്ടുണ്ടോ

= ഇല്ല. എന്‍െറ മുറിയുടെ അടുത്ത് അവരുടെ എം.എല്‍.എ ആയിരുന്ന എഴുകോണ്‍ നാരായണന്‍െറ മുറിയിലായിരുന്നു താമസം.

?  സോളാര്‍ തട്ടിപ്പ് പരാതികളത്തെുടര്‍ന്ന് പേഴ്സനല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്ന ജോപ്പനെ മാറ്റിനിര്‍ത്തിയിരുന്നോ.

= മാറ്റിനിര്‍ത്തിയിരുന്നു.

? ജിക്കുമോന്‍ ജേക്കബിനെ എന്നുമുതല്‍ അറിയാം.

=  ചെറുപ്പം മുതല്‍ അറിയാം. കെ.എസ്.യു പ്രവര്‍ത്തകന്‍ എന്ന നിലയിലല്ല. കുടുംബവുമായുള്ള ബന്ധമാണ്. പഠനത്തിന് എത്തിയ ജിക്കുമോന്‍ എം.എല്‍.എ ക്വാര്‍ട്ടേഴ്സിലെ എന്‍െറ മുറിയില്‍ താമസിച്ചിരുന്നു. 2000 മുതലാണെന്നാണ് ഓര്‍മ.

? ജിക്കുമോനെ 2005ല്‍ മുഖ്യമന്ത്രി ആയപ്പോള്‍ പേഴ്സനല്‍ സ്റ്റാഫില്‍ നിയമിച്ചിരുന്നോ.

=ടെന്നി ജോപ്പനൊപ്പം ജിക്കുമോനെയും ക്ളാര്‍ക്കായി നിയമിച്ചിരുന്നു. പിന്നീട് പ്രതിപക്ഷ നേതാവായിരുന്നപ്പോഴും പേഴ്സനല്‍ സ്റ്റാഫില്‍ തുടര്‍ന്നു. 2011ല്‍ മുഖ്യമന്ത്രി ആയപ്പോള്‍ ജിക്കു അഡീഷനല്‍ പി.എമാരില്‍ ഒരാളായി.

? സോളാര്‍ ആരോപണങ്ങള്‍ക്കുശേഷം ജിക്കുവിനെ മാറ്റിയതാണോ.
= സോളാര്‍ സംബന്ധിച്ച പരാതി നിയമസഭയില്‍ വന്നപ്പോള്‍ അന്വേഷണം നടത്തി. റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ മാറ്റിനിര്‍ത്തുകയുമായിരുന്നു.
 
? 2011ല്‍ മുഖ്യമന്ത്രി ആയപ്പോഴാണ് സലിം രാജിനെ ഗണ്‍മാനായി നിയമിച്ചത്.

= എന്‍െറ മണ്ഡലത്തില്‍പ്പെട്ടയാളാണ്. 2004ല്‍ ആണെന്ന് തോന്നുന്നു സെക്യൂരിറ്റി സ്റ്റാഫില്‍ വന്നത്. 2011ല്‍ മുഖ്യമന്ത്രി ആയപ്പോള്‍ ഇയാളെയും ഗണ്‍മാന്‍മാരില്‍ ഒരാളായി വെച്ചിരുന്നു.  

? അദ്ദേഹത്തിന്‍െറ ഡ്യൂട്ടി വീട്, ഓഫിസ്, യാത്ര തുടങ്ങി എല്ലായിടത്തുമായിരുന്നോ.

= ഡ്യൂട്ടി നിശ്ചയിച്ചിരുന്നത് സെക്യൂരിറ്റി ഓഫിസര്‍മാരാണ്.  അഞ്ച് ഗണ്‍മാന്‍മാരുണ്ട്. ഒന്നിടവിട്ടായിരുന്നു ഇവരെ നിയോഗിച്ചിരുന്നത്.

? ഡല്‍ഹിയില്‍ എത്തുമ്പോള്‍ സ്ഥിരമായി സഹായിക്കുന്നയാളാണോ തോമസ് കുരുവിള.

= ഒൗദ്യോഗികമായും മറ്റുപല സാഹചര്യങ്ങളിലും ഇയാളുടെ സാന്നിധ്യം ഉണ്ടായിരുന്നു. കോണ്‍ഗ്രസിന്‍െറ പ്രാദേശിക നേതാവായിരുന്നു.

? തോമസ് കുരുവിളയെ പേഴ്സനല്‍ സ്റ്റാഫില്‍ നിയമിച്ചിരുന്നോ, പ്രതിഫലം നല്‍കിയിരുന്നോ.

= ഇല്ല, തോമസ് കുരുവിളയ്ക്ക് ഞാനോ സര്‍ക്കാറോ പാര്‍ട്ടിയോ ഒരുവിധ പ്രതിഫലവും നല്‍കുന്നില്ല.  

? സോളാര്‍ തട്ടിപ്പ് കേസില്‍ എ.ഡി.ജി.പി ഹേമചന്ദ്രന്‍െറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം സ്വതന്ത്ര അന്വേഷണം നടത്തിയിരുന്നോ.

= അന്വേഷണ സംഘത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ 33 കേസുകളില്‍ അന്വേഷണം നടത്തി അതത് കോടതികളില്‍ കേസുകള്‍ ഫയല്‍ ചെയ്തു. ഒരു കേസില്‍ കോടതി നടപടി പൂര്‍ത്തിയാക്കി പ്രതികളെ ശിക്ഷിച്ചു. അന്വേഷണ സംഘത്തെക്കുറിച്ച് ഒരു പരാതിയും ലഭിച്ചില്ല.

( കമീഷന്‍: സോളാര്‍ തട്ടിപ്പില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് നിയമസഭയില്‍ പറഞ്ഞിരുന്നു. പണം നഷ്ടപ്പെട്ടവരുടെ പരാതിയിലാണ് പ്രത്യേക സംഘം അന്വേഷണം പൂര്‍ത്തിയാക്കിയത്. ടെലിഫോണ്‍ വിളികള്‍ അടക്കമുള്ള കാര്യങ്ങള്‍ അവര്‍ അന്വേഷിച്ചില്ല. പ്രതിപക്ഷം അതേക്കുറിച്ച് പരാതിയും പറഞ്ഞില്ല.)

? സരിതയും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് രജിസ്റ്റര്‍ ചെയത് ടീം സോളാര്‍ എന്ന കമ്പനിയെക്കുറിച്ച് എന്നാണ് കേള്‍ക്കുന്നത്.

= സരിതയെക്കുറിച്ചും അവരുടെ കമ്പനിയെക്കുറിച്ചും അറിയുന്നത് അവരുടെ  അറസ്റ്റിന് ശേഷമാണ്. ബിജു രാധാകൃഷ്ണന്‍ എന്നെ വന്ന് കണ്ടിരുന്നു. ഷാനവാസ് എം.പി വിളിച്ച് വലിയ കമ്പനിയുടെ എം.ഡിക്ക് തന്നെക്കണ്ട് വ്യക്തിപരമായ ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞതിന്‍െറ അടിസ്ഥാനത്തിലാണ് എറണാകുളം ഗെസ്റ്റ് ഹൗസില്‍ മറ്റൊരാള്‍ക്കൊപ്പം അയാളെ കണ്ടത്. അയാള്‍ പറഞ്ഞ വ്യക്തിപരമായ കാര്യം ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നില്ല. അദ്ദേഹത്തിന്‍െറ ഭാര്യ ലക്ഷ്മി നായര്‍  രണ്ടുതവണ എന്‍െറ ഓഫിസില്‍ വന്ന് നിവേദനം തന്നിരുന്നെന്ന് എന്ന് പറഞ്ഞിരുന്നു.

? ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നവര്‍ക്ക് അപ്പോള്‍ത്തന്നെ സ്വന്തം ലെറ്റര്‍ഹെഡില്‍ അക്നോളജ്മെന്‍റ് ലെറ്റര്‍ നല്‍കുമോ.

= മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധാരാളം വ്യക്തികളും സംഘടനകളും സംഭാവന നല്‍കാറുണ്ട്. എന്‍െറ കൈവശമാണ് തരുന്നതെങ്കില്‍ നന്ദി പറഞ്ഞ് എന്‍െറ ലെറ്റര്‍ ഹെഡില്‍ തന്നെ കത്ത് നല്‍കും.

? പേഴ്സനല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്ന ടെന്നി ജോപ്പന്‍ കമീഷനില്‍ മൊഴി നല്‍കിയിരുന്നു. ലക്ഷ്മി നായര്‍ എന്ന സരിത നായര്‍ ജോപ്പനെ വിളിച്ച് മുഖ്യമന്ത്രിയുടെ സമയം ചോദിച്ചിരുന്നെന്നും ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാനാണെന്നും പറഞ്ഞിരുന്നു. അതനുസരിച്ച് സമയം വാങ്ങി നല്‍കിയെന്നും സരിത നായരും അവരുടെ ജനറല്‍ മാനേജറും നേരിട്ടത്തെി മുഖ്യമന്ത്രിയുടെ കൈയില്‍ പണം നല്‍കിയെന്നുമായിരുന്നു ജോപ്പന്‍െറ മൊഴി.

= അക്കാര്യം ഇപ്പോള്‍ വ്യക്തമായി ഓര്‍ക്കുന്നില്ല. സാധ്യത വളരെ കുറവാണ്.  

? സോളാര്‍ കേസില്‍ കബളിപ്പിക്കപ്പെട്ട മല്ളേലില്‍ ശ്രീധരന്‍ നായര്‍ സെക്രട്ടേറിയറ്റ് നോര്‍ത് ബ്ളോക്കിലെ അങ്ങയുടെ ഓഫിസില്‍ വരുകയും അവിടെ വെച്ച് സരിത നായരും അവരുടെ ജനറല്‍ മാനേജറെയും ടെന്നി ജോപ്പന്‍ അങ്ങയുടെ ചേംബറില്‍ കൂട്ടിക്കൊണ്ടുവരുകയും ചെയ്തതായി ശ്രീധരന്‍നായര്‍ റാന്നി കോടതിയില്‍ പ്രസ്താവന നല്‍കിയിരുന്നു. അവിടെവെച്ച് കമ്പനിയുടെ മേന്മയെക്കുറിച്ച അങ്ങ് ശ്രീധരന്‍നായരോട് പറഞ്ഞിട്ടുണ്ട്. എ.ഡി.ജി.പി ഹേമചന്ദ്രന്‍ കമീഷന്‍ മുമ്പാകെ നല്‍കിയ മൊഴിയില്‍ 2012 ജൂലൈ ഒമ്പതിന് ശ്രീധരന്‍നായരും സരിതയും ജോപ്പനും ഒരേസമയം താങ്കളുടെ ഓഫിസിലുണ്ടായിരുന്നതായും പറഞ്ഞിട്ടുണ്ട്. നെയ്യാറ്റിന്‍കര എം.എല്‍.എ ശെല്‍വരാജ് ശ്രീധരന്‍ നായര്‍ അങ്ങയുടെ ഓഫിസിലേക്ക് വരുന്നത് കണ്ട കാര്യവും കമീഷനില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതേക്കുറിച്ച് എന്താണ് പറയാനുള്ളത്.

= ശ്രീധരന്‍നായര്‍ എനിക്ക് പരിചയമുള്ള ആളാണ്. അദ്ദേഹം സരിതയോടൊപ്പം വന്ന് കണ്ടിട്ടില്ല. പരിചയമില്ലാത്ത സ്ത്രീയോടൊപ്പം വന്നിരുന്നെങ്കില്‍ അക്കാര്യം അപ്പോള്‍ ആരാഞ്ഞേനെ. സരിതയുടെ കമ്പനിക്ക് ഉറപ്പ് നല്‍കിയെന്നത് ശരിയല്ല. ഇക്കാര്യം ഉറപ്പിച്ച് പറയാനാകും. ശ്രീധരന്‍നായര്‍ തട്ടിപ്പിന് ഇരയായെങ്കില്‍ അക്കാര്യം എപ്പോഴെങ്കിലും എന്നോട് പറയേണ്ടതല്ളേ. പ്രത്യേകിച്ച് ഞാന്‍ ഉന്നത സ്ഥാനത്തിരിക്കുന്ന ആളെന്ന നിലയില്‍ എന്തെങ്കിലും നിവൃത്തി ഉണ്ടാക്കാന്‍ കഴിയില്ല. അക്കാര്യം ശ്രീധരന്‍നായര്‍ പറഞ്ഞിട്ടേയില്ല. ശ്രീധരന്‍ നായര്‍ ക്രഷര്‍ യൂനിറ്റ് സംബന്ധിച്ച നിവേദനം തരാനാണ് വന്നത്. അതിന്‍െറ മറ്റ് സംഘാടകര്‍ വന്നപ്പോള്‍ അക്കാര്യം ഞാന്‍ പറയുകയും ചെയ്തു. ഞാന്‍ മിക്കപ്പോഴും ചേംബറില്‍ നിന്നിറങ്ങി വരാന്തയില്‍നിന്ന് നിവേദനം സ്വീകരിക്കാറുണ്ട്. അന്നേദിവസം സരിത ആ ഓഫിസില്‍ വന്നതായി അറിയില്ല. ചിലപ്പോള്‍ വന്നിട്ടുണ്ടാകാം. ഞാന്‍ കണ്ടിട്ടില്ല.

 ? എ.ഡി.ജി.പി പറഞ്ഞത് അവര്‍ മൂവരും ചേംബറില്‍ ഉണ്ടായിരുന്നെന്നാണ്.

= അതെനിക്കറിയില്ല. ചേംബറില്‍ വന്നിട്ടില്ല. എന്നാല്‍, പുറത്ത് വന്ന് കണ്ടിരുന്നോ എന്ന് ഉറപ്പിച്ച് പറയാനുമാവില്ല.

? രണ്ട് ലക്ഷത്തിന്‍െറ ചെക് ടീം സോളാര്‍ കമ്പനി 2012 ജൂലൈ ഒമ്പതിന് ദുരിതാശ്വാസ നിധിയിലേക്ക് തന്നിരുന്നു. ജൂലൈ 10ന് ഡേറ്റിട്ട ചെക്കിന് ഒമ്പതിനുതന്നെ നന്ദി അറിയിച്ച് മുഖ്യമന്ത്രിയുടെ കത്തും നല്‍കിയിട്ടുണ്ട്. ഈ ലെറ്റര്‍ ഹെഡ് അന്വേഷണോദ്യോഗസ്ഥര്‍ ഹാജരാക്കിയിട്ടുണ്ട്.

= ഈ തട്ടിപ്പ് സംഘം അവരുടെ ബിസിനസ് ആവശ്യത്തിന് ഇടപാടുകാരെ പ്രലോഭിപ്പിക്കാന്‍ ഉന്നതരുടെ സര്‍ട്ടിഫിക്കറ്റുകളും മറ്റും ഹാജരാക്കിയിട്ടുണ്ട്. അത്തരത്തില്‍ തട്ടിപ്പിനായാവും ദുരിതാശ്വാസ നിധിയിലേക്ക് വണ്ടിച്ചെക് നല്‍കിയതെന്നും മനസ്സിലാക്കുന്നു.  

? ഡല്‍ഹിയില്‍ വിജ്ഞാന്‍ ഭവനില്‍ തോമസ് കുരുവിള ഇടപാട് ചെയ്തതനുസരിച്ച് സരിതയെ കണ്ടിരുന്നോ.

= തോമസ് കുരുവിള ഇത്തരത്തില്‍ സരിതക്ക് അപ്പോയ്ന്‍മെന്‍റ് അനുവദിച്ചിരുന്നോ എന്നറിയില്ല. പ്രധാനമന്ത്രി പങ്കെടുത്ത യോഗമാണ് വിജ്ഞാന്‍ ഭവനില്‍ നടന്നത്. അതീവ സുരക്ഷയുള്ള സ്ഥലമാണ്. പുറത്തുനിന്ന് ആരെയും അനുവദിച്ചിരുന്നില്ല. വിജ്ഞാന്‍ ഭവനിലെ യോഗം തീരും മുമ്പുതന്നെ നാട്ടിലേക്ക് മടങ്ങാനായി സാംസ്കാരിക മന്ത്രിക്കൊപ്പം പുറത്തേക്ക് വന്നു. മുഖ്യമന്ത്രിയുടെ കാര്‍ പോലും വിജ്ഞാന്‍ ഭവന് പുറത്താണിട്ടിരുന്നത്. അവിടേക്ക് പോകുന്നതിനിടെ മലായാളികളായ മാധ്യമപ്രവര്‍ത്തകര്‍ കാത്തുനിന്നിരുന്നു. അവരോട് രണ്ട് മിനിറ്റോളം യോഗത്തിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞു. അവിടെ സരിത ഉണ്ടാകാനുള്ള സാധ്യത ഇല്ല. സരിതയെ ഞാന്‍ അവിടെയും കണ്ടിട്ടില്ല.

? പാലാ കടപ്ളാമറ്റത്ത് ജലനിധി പരിപാടിയില്‍ സ്റ്റേജില്‍ വന്ന സരിത അങ്ങയോട് എന്തോ ചെവിയില്‍ പറയുന്ന ചിത്രം ഉണ്ട് (ചിത്രം മുഖ്യമന്ത്രിയെ കാണിക്കുന്നു) അവിടെ വെച്ചാണ് സരിതയെ കാണുന്നതെന്ന് സലിംരാജിന്‍െറ മൊഴിയുമുണ്ട്.

= പത്രത്തില്‍ വന്ന ഫോട്ടോ നിഷേധിക്കുന്നില്ല. അന്നേദിവസം ഞാന്‍ സ്റ്റേജില്‍ ഇരിക്കുമ്പോള്‍ ഒരാള്‍ വന്ന് ചെവിയില്‍ എന്തോ പറഞ്ഞതായി ഓര്‍ക്കുന്നു. അത് തട്ടിപ്പുകേസിലെ സരിത ആയിരുന്നോ എന്ന് ഫോട്ടോ കണ്ട ശേഷവും ഓര്‍ക്കാന്‍ കഴിയുന്നില്ല.

? സരിതയെ അറസ്റ്റ് ചെയ്യുന്നതിനുമുമ്പ് സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് എന്നെങ്കിലും സരിതയെ നേരിട്ട് കണ്ടിട്ടുണ്ടോ.

=  ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാനും പിന്നീട് അവരുടെ ബിസിനസുമായി ബന്ധപ്പെട്ട് നിവേദനം നല്‍കാനും അവര്‍ എന്നെ വന്ന് കണ്ടിരുന്നെന്ന് ബിജു രാധാകൃഷ്ണന്‍ എറണാകുളം ഗെസ്റ്റ് ഹൗസില്‍ വെച്ച് പറഞ്ഞിരുന്നു. ഇക്കാര്യം പറഞ്ഞപ്പോഴാണ് സരിതയെ രണ്ട് പ്രാവശ്യം കണ്ടിരുന്നതായി ഓര്‍ക്കാന്‍ കഴിഞ്ഞത്. കടപ്ളാമറ്റത്തെ പരിപാടിക്കിടെ ഫോട്ടോയില്‍ കാണുന്ന പ്രകാരവും അവര്‍ എന്നെ കണ്ടിരുന്നിരിക്കാം. ഈ മൂന്നുതവണ കണ്ടിട്ടുണ്ടാവാം.

കമീഷന്‍ അഭിഭാഷകന്‍: ടീം സോളാര്‍ കമ്പനിയില്‍നിന്ന് രണ്ട് ലക്ഷം രൂപയുടെ ചെക് ദുരിതാശ്വാസ നിധിയിലേക്ക് സ്വീകരിക്കുന്ന ചിത്രം കമ്പനി ജനറല്‍ മാനേജര്‍ കമീഷന് കൈമാറിയിട്ടുണ്ട്. ഒരുലക്ഷം രൂപയെന്നാണ് അങ്ങ് പറഞ്ഞിട്ടുള്ളത്. ചെക് നേരിട്ട് കൈപ്പറ്റിയിട്ടും അക്നോളജ്മെന്‍റ് കത്ത് പ്രൈവറ്റ് സെക്രട്ടറിയാണ് നല്‍കിയത്.

= ഒരുലക്ഷം എന്ന് ഓര്‍മയില്‍നിന്ന് പറഞ്ഞതാണ്. അക്നോളജ്മെന്‍റ് കത്ത് പ്രൈവറ്റ് സെക്രട്ടറി ശ്രീകുമാര്‍ നല്‍കിയതാണ്. താന്‍ സ്ഥലത്തില്ലാത്ത സാഹചര്യത്തിലാവാം കത്ത് നല്‍കിയത്.  

? സോളാര്‍ തട്ടിപ്പില്‍ സര്‍ക്കാറിന് ഒരു രൂപ നഷ്ടമുണ്ടാക്കിയിട്ടില്ളെന്ന് പറയുമ്പോഴും അനെര്‍ട്ട് വഴി ടീം സോളാര്‍ സബ്സിഡിക്ക് ശ്രമിക്കുകയും പല ആനുകൂല്യങ്ങളും ലഭിച്ചതായും ചില രേഖകളില്‍നിന്ന് മനസ്സിലാക്കുന്നു.

= എന്‍െറ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. നിയമസഭയിലും ഒരു ചര്‍ച്ചയിലും ഇക്കാര്യം ആരും ഉന്നയിച്ചിട്ടില്ല.

? മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളവരുമായും മറ്റ് മന്ത്രിമാരുമായും കേന്ദ്രമന്ത്രി അടക്കമുള്ളവരുമായും സോളാര്‍ ഇടപാടിന് സരിത ഫോണില്‍ സംസാരിച്ചെന്ന കാര്യത്തില്‍ അന്വേഷണം നടന്നതായി അറിയുമോ.

= എല്ലാം അന്വേഷിച്ചു.  മുഖ്യമന്ത്രിയുടെ ഓഫിസിലും വീട്ടിലും സോളാര്‍ പാനല്‍ സ്ഥാപിച്ചിട്ടുണ്ട്. അത് അനെര്‍ട്ട് മുഖേനയും മറ്റൊരു സര്‍ക്കാര്‍ ഏജന്‍സിയുമാണ്. ടീം സോളാറിന് സ്വാധീനമുണ്ടായിരുന്നെങ്കിലും അവരെക്കൊണ്ട് ചെയ്യിക്കേണ്ടതല്ളേ.  

?  ഇന്‍റലിജന്‍സ് എ.ഡി.ജി.പി നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലെ ഫോണ്‍ ദുരുപയോഗം ചെയ്തതായി പറയുന്നുണ്ട്.

= അക്കാര്യം മനസ്സിലാക്കുകയും അതിന്‍െറ അടിസ്ഥാനത്തില്‍ ഉത്തരവാദികളായ ആളുകളെ മാറ്റിനിര്‍ത്തുകയും ചെയ്തു.

? സരിത ഓഫിസ് ജീവനക്കാരെ ദുരുപയോഗം ചെയ്തതായി  കണ്ടിരുന്നോ.

= ഒരുവിധത്തിലും ഓഫിസ് ദുരുപയോഗം ചെയ്തതായി അറിയില്ല. ചിലര്‍ ഫോണ്‍ വിളിച്ചു. ഫോണ്‍വിളിക്ക് അപ്പുറത്തേക്ക് സരിതയുമായി കൂടുതല്‍ അടുപ്പമുണ്ടായിരുന്ന ടെന്നി ജോപ്പനെതിരെ ക്രിമിനല്‍ക്കുറ്റം ചുമത്തി നടപടിയെടുത്തു.

ബി.ജെ.പി അഭിഭാഷകന്‍: മുഖ്യമന്ത്രിയുടെ ഓഫിസിനെ കമീഷന്‍െറ അന്വേഷണവിഷയത്തില്‍ വ്യക്തമായി ചേര്‍ക്കാതിരുന്നത്.

= തുറന്ന സമീപനത്തിന്‍െറ ഭാഗമായാണ്. ഓഫിസും ഓഫിസിനു പുറത്തും നിയമസഭയില്‍ പറഞ്ഞകാര്യങ്ങളും എല്ലാം അന്വേഷണപരിധിയില്‍ വരും. ഓഫിസ് എന്ന് പറഞ്ഞാല്‍ അന്വേഷണം പരിമിതപ്പെടുത്തിയെന്ന് ആക്ഷേപം വന്നേനെ.

? പൊലീസ് അന്വേഷണം പൂര്‍ത്തിയായശേഷം ജുഡീഷ്യല്‍ അന്വേഷണം എന്ന നയമാണ് അങ്ങ് സ്വീകരിച്ചത്. ആരോപണവിധേയരായ പ്രതികളെ ജുഡീഷ്യല്‍ അന്വേഷണത്തിന്‍െറ മറവില്‍ രക്ഷപ്പെടാന്‍ അനുവദിക്കില്ളെന്നും നിയമസഭയില്‍ പറഞ്ഞിരുന്നു.

= ക്രിമിനല്‍ കേസിലെ പ്രതികളെ കണ്ടുപിടിച്ച് നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ബിജു രാധാകൃഷ്ണനെ പിടികൂടിയ ശേഷമാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്.

? തട്ടിപ്പില്‍ പണം നഷ്ടമായ ആരെങ്കിലും മുഖ്യമന്ത്രിയെ വന്നുകണ്ട് പരാതി പറഞ്ഞിരുന്നോ.

ടി.സി. മാത്യു എന്നൊരാള്‍ തന്നെ വന്ന് കണ്ടിരുന്നു. ഡി.ജി.പിക്ക് പരാതി നല്‍കാന്‍ പറഞ്ഞിരുന്നെങ്കിലും ആദ്യതവണ നല്‍കിയില്ല. രണ്ടാമതും തന്നെ വന്ന് കണ്ടപ്പോള്‍ പരാതി എഴുതി നല്‍കി. എ.ഡി.ജി.പി ഹേമചന്ദ്രനെ വിളിച്ചുവരുത്തി നടപടി എടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

 ? തന്നെ ഫോണില്‍ കിട്ടാന്‍ ജോപ്പനെയും ജിക്കുവിനെയും സലിംരാജിനെയും വിളിക്കണമെന്ന വാര്‍ത്തയെക്കുറിച്ച്

= വാര്‍ത്ത അതിശയോക്തിയാണ്. ഒരിക്കല്‍പ്പോലും ജിക്കു എന്‍െറ കൂടെ ഡല്‍ഹിയില്‍ വന്നിട്ടില്ല. ഗണ്‍മാന്‍മാര്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് ഡ്യൂട്ടിക്ക് ഉണ്ടാവുക. അത്തരം സന്ദര്‍ഭങ്ങളില്‍ കൂടെയുള്ളവരുടെ ഫോണ്‍ ആണ് ഉപയോഗിച്ചിരുന്നത്.

? സരിതയുടെ ഫോണ്‍ ചോര്‍ത്തലിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെ ചിലരാണെന്ന് പറയാന്‍ പൊലീസിലെ ഉന്നതന്‍ തന്നോട് ആവശ്യപ്പെട്ടതായി ക്രൈം റെക്കോഡ്സ്  ബ്യൂറോ മേധാവി ആയിരുന്ന ഐ.ജി ടി.ജെ. ജോസ് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നോ. ആഭ്യന്തര വകുപ്പില്‍നിന്ന് പുറത്തുപോകാന്‍ സാധ്യതയില്ലാത്ത വിവരങ്ങള്‍ പൊലീസ് ഇടപെട്ട് പുറത്തുവിട്ടു എന്നാണ് മനസ്സിലാക്കുന്നത്.

= ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ജോസ് എന്നോട് ഇക്കാര്യം പറഞ്ഞിട്ടില്ല.

? അന്വേഷണസംഘം മുഖ്യമന്ത്രിയെ കാണുകയോ മുഖ്യമന്ത്രിയുടെ പേഴ്സനല്‍ കമ്പ്യൂട്ടര്‍ പരിശോധിക്കുകയോ ചെയ്തിട്ടുണ്ടോ.

= അന്വേഷണസംഘം തന്നെ വന്ന് കണ്ട് മൊഴിയെടുത്തിരുന്നു. കുറ്റമറ്റ രീതിയിലാണ് അന്വേഷണം നടന്നത്. ഒൗദ്യോഗികമായോ അല്ലാതെയോ ഞാന്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നില്ല. മുറിയിലും ഓഫിസിലും ലൈവ് വെബ് കാമറ സ്ഥാപിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റിന്‍െറ വിവിധ ഭാഗങ്ങളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. 14 ദിവസം വരെ റെക്കോഡിങ് സംവിധാനം ആയിരുന്നു മുമ്പുണ്ടായിരുന്നത.് ഒരുവര്‍ഷം വരെ റെക്കോഡിങ് ഉള്ള സംവിധാനം  ഒരുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

 

തയാറാക്കിയത് -എം.എസ് അനീഷ്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.