സരിതയുടെ മൊഴി തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: 1.90 കോടി രൂപ തനിക്ക് കൈക്കൂലി നൽകിയെന്ന് സോളാർ കമീഷൻ മുമ്പാകെ സരിത നായർ നൽകിയ മൊഴി തള്ളി മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സരിതയുടെ മൊഴി അടിസ്ഥാന രഹിതമെന്ന് പറഞ്ഞ ഉമ്മൻചാണ്ടി കൈക്കൂലി നൽകിയെന്ന് പറയുന്ന സരിതയും അവരുടെ കമ്പനിയും ഇതുവഴി എന്ത് നേടിയെന്ന് ചോദിച്ചു.

ദുരിതാശ്വാസ നിധിയിലേക്ക് സരിത നൽകിയ രണ്ടു ലക്ഷം രൂപയുടെ ചെക്ക് അക്കൗണ്ടിൽ പണമില്ലാത്തതിനെ തുടർന്ന് മടങ്ങുകയാണ് ഉണ്ടായത്. രണ്ടു ലക്ഷം രൂപ എടുക്കാനില്ലാത്ത ഒരാൾ കോടികൾ നൽകിയെന്ന ആരോപണം ജനങ്ങൾ വിശ്വസിക്കില്ല. സാമാന്യബുദ്ധി കൊണ്ട് ചിന്തിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും തനിക്കെതിരായ ആരോപണങ്ങൾ ജനങ്ങൾ വിലയിരുത്തട്ടെയെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

സോളാർ വിഷയത്തിൽ ഒരു രൂപയുടെ നേട്ടമോ നഷ്ടമോ സർക്കാരിന് ഉണ്ടായിട്ടില്ല. കുറ്റാരോപിതർക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയിട്ടില്ല. താൻ എല്ലാ സഹായവും നൽകിയെന്നാണ് ആരോപണം ഉയർന്നത്. എന്നാൽ, തന്‍റെ ഒരു ലെറ്റർപാഡ് സംഘടിപ്പിക്കാൻ സാധിക്കാത്ത ഇവർ വ്യാജ ലെറ്റർ പാഡ് ഉണ്ടാക്കുകയാണ് ചെയ്തതെന്നും ഉമ്മൻചാണ്ടി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.

കെ. ബാബുവിന്‍റെ രാജി കാര്യത്തിൽ നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മെട്രോ റെയിലിന്‍റെ ഉദ്ഘാടന വേദിയിൽ വെച്ചാണ് ഹൈകോടതി ഉത്തരവ് അറിഞ്ഞത്. ഉടൻതന്നെ കെ. ബാബു രാജിസന്നദ്ധത അറിയിച്ചു. എന്നാൽ, പൂർണവിവരം അറിഞ്ഞ ശേഷം തീരുമാനം എടുക്കാനാണ് താൻ പറഞ്ഞത്. രാജി തീരുമാനത്തിൽ നിന്ന് കെ. ബാബു ഇതുവരെ പിന്നാക്കം പോയിട്ടില്ലെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.