ആരൊക്കെ ഒന്നിച്ചുവന്നാലും സര്‍ക്കാര്‍ മുന്നോട്ടുപോകും; സരിതക്ക് പിന്നില്‍ ബാര്‍ ഉടമകള്‍ -ഉമ്മന്‍ ചാണ്ടി

കോട്ടയം: സരിത എസ്. നായര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നില്‍ ബാര്‍ ഉടമകളാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബാര്‍ പൂട്ടിയ വൈരാഗ്യത്തില്‍ ഈ സര്‍ക്കാറിനെ താഴെയിറക്കാന്‍ ശ്രമിക്കുന്ന ബാര്‍ ഉടമകളും ഭരണത്തോട് അസഹിഷ്ണുതയുള്ളവരുമാണ് ആക്ഷേപങ്ങള്‍ക്ക് പിന്നില്‍. ആരൊക്കെ ഒന്നിച്ചുവന്നാലും സര്‍ക്കാര്‍ മുന്നോട്ടുപോകും. ജനങ്ങളുടെ പൂര്‍ണ പിന്തുണ സര്‍ക്കാറിനുണ്ട്. അതാണ് ശക്തിയെന്നും അദ്ദേഹം പറഞ്ഞു.

കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ നയിക്കുന്ന ജനരക്ഷായാത്രക്ക് പാമ്പാടിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.സരിതക്കും ബിജുവിനും കൂട്ട് ഇടതുപക്ഷമാണ്. ആക്ഷേപങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫിന്‍െറ വിശ്വാസം തകര്‍ക്കാനാണ് ശ്രമം. മദ്യരാജാക്കന്മാരെ ഇതിനായി കൂട്ടുപിടിക്കുകയാണ്. സോളാര്‍ വിഷയത്തില്‍ ബാര്‍ ഉടമകളുടെ പിന്തുണ സരിതക്കുണ്ട്. സോളാര്‍ കമീഷനു മുന്നില്‍ 14 മണിക്കൂറാണ് താന്‍ മൊഴിനല്‍കിയത്. അന്വേഷണത്തെ ഭയമില്ളെന്നതിന് തെളിവാണിത്. സോളാര്‍ വിഷയത്തില്‍ സര്‍ക്കാറിന് ഒരുരൂപ പോലും നഷ്ടമായിട്ടില്ല. ഒരു ആനുകൂല്യവും ആര്‍ക്കും നല്‍കിയിട്ടില്ല. ബിജുവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് ജയിലിലടച്ചത് യു.ഡി.എഫ് സര്‍ക്കാറാണ്.

സരിത ഒരുകോടി 90 ലക്ഷം രൂപ തന്നതായി പറഞ്ഞുകേട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അവര്‍ നല്‍കിയ രണ്ടു ലക്ഷം രൂപയുടെ ചെക് മടങ്ങി. അവരാണ് ഇത്രയും തുക നല്‍കിയെന്നു പറയുന്നത്. എന്തിനാണ് അവര്‍ പണം നല്‍കിയതെന്നും ഇതുകൊണ്ട് അവര്‍ക്ക് എന്തുനേട്ടമുണ്ടായെന്നും വ്യക്തമാക്കണം. എന്തെങ്കിലും നേട്ടമില്ലാതെ എത്ര വലിയ സമ്പന്നനായാലും ഇത്രയും തുക നല്‍കുമോയെന്നും അദ്ദേഹം ചോദിച്ചു.10 ദിവസം മുമ്പ് സോളാര്‍ കമീഷനു മുന്നില്‍ മുഖ്യമന്ത്രി പിതൃതുല്യനാണെന്നാണ് സരിത മൊഴി നല്‍കിയത്. ഇപ്പോള്‍ മാറ്റി പറഞ്ഞത് എന്തുകൊണ്ടാണ് സരിത വ്യക്തമാക്കണം. ജനങ്ങളുടെ പിന്തുണ ഉള്ളിടത്തോളം കാലം സര്‍ക്കാര്‍ മുന്നോട്ടുതന്നെ പോകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.