എം.എല്‍.എമാര്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: പ്രതിപക്ഷത്തിന്‍െറ എതിര്‍പ്പിനെതുടര്‍ന്ന് നിശ്ചയിച്ചതിലും രണ്ടുദിവസം നിയമസഭാസമ്മേളനം കുറക്കണമെന്ന നിലപാട് ഭരണപക്ഷം പിന്‍വലിച്ചു. സഭാസമ്മേളനത്തിന് മുന്നോടിയായി സ്പീക്കന്‍ എന്‍. ശക്തന്‍ വിളിച്ചുചേര്‍ത്ത കക്ഷിനേതാക്കളുടെ യോഗത്തിലാണിത്. ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന് മുന്നോടിയായായിരുന്നു യോഗം. സമ്മേളനം സുഗമമായി നടത്തിക്കൊണ്ടുപോകാന്‍ എല്ലാവരുടെയും സഹകരണം സ്പീക്കര്‍ അഭ്യര്‍ഥിച്ചു.
13ാം നിയമസഭയുടെ 16ാം സമ്മേളനത്തില്‍ ഫെബ്രുവരി അഞ്ചിന് ഗവര്‍ണര്‍ നയപ്രഖ്യാപനപ്രസംഗം നടത്തും.  ഫെബ്രുവരി എട്ടിന് മുന്‍ സ്പീക്കര്‍ എ.സി. ജോസിന്‍െറ നിര്യാണത്തില്‍ റഫറന്‍സ് നടത്തും. 12ന് രാവിലെയാണ് ബജറ്റ് അവതരണം. വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ചയും വോട്ടെടുപ്പും 21നാണ്. ഫെബ്രുവരി എട്ടിന് ചേരുന്ന കാര്യോപദേശകസമിതി യോഗത്തില്‍ സഭയില്‍ വരുന്ന ബില്ലുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കും.
കഴിഞ്ഞ ബജറ്റ് അവതരണവേളയില്‍ സഭയില്‍ അരങ്ങേറിയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഭരണ, പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ അംഗങ്ങളുടെ സഹകരണം സ്പീക്കര്‍ തേടി. എന്നാല്‍, വനിതാ എം.എല്‍.എമാര്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച കേസ് അവരുമായി ആലോചിച്ചേ പിന്‍വലിക്കാനാവൂ എന്ന നിലപാട് പ്രതിപക്ഷം സ്വീകരിച്ചതോടെ തീരുമാനം മാറ്റി.

നിയമസഭാ ലൈബ്രറി ഇനി ജി. കാര്‍ത്തികേയന്‍ സ്മാരകം
തിരുവനന്തപുരം: നിയമസഭാ ലൈബ്രറി ജി. കാര്‍ത്തികേയന്‍ സ്മാരകമാക്കാന്‍ ധാരണ. ഇന്നലെ ചേര്‍ന്ന കക്ഷിനേതാക്കളുടെ യോഗത്തില്‍ സ്പീക്കര്‍ എന്‍. ശക്തന്‍ ഈ നിര്‍ദേശം മുന്നോട്ടുവെച്ചപ്പോള്‍, ആദ്യ സ്പീക്കറായ ശങ്കരനാരായണന്‍ തമ്പിക്കാണ് ആദ്യം സ്മാരകം വേണ്ടത് എന്ന് സി. ദിവാകരന്‍ ചൂണ്ടിക്കാട്ടി.
തുടര്‍ന്ന് സഭയില്‍ എം.എല്‍.എമാര്‍ക്ക് വിശ്രമിക്കാനുള്ള ഹാളിന് ശങ്കരനാരായണന്‍ തമ്പി സ്മാരക ഹാള്‍ എന്ന് നാമകരണം ചെയ്യാനും തീരുമാനമായി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.