സോളാർ കേസിൽ മുഖ്യമന്ത്രിക്കും ആര്യാടനും എതിരെ അന്വേഷണം

തൃശൂര്‍: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ കേസെടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ്. സോളാര്‍ കമീഷന് മുന്നില്‍ സരിത നായര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പൊതുപ്രവര്‍ത്തന്‍ പി.ഡി. ജോസഫ് നല്‍കിയ ഹരജിയിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ജഡ്ജി എസ്.എസ്. വാസന്‍ ഉത്തരവിട്ടത്. കേസെടുക്കുന്നതിന് മുമ്പ് ദ്രുതപരിശോധന വേണമെന്ന വിജിലന്‍സിന്‍െറ ആവശ്യം തള്ളിയാണ് അസാധാരണ ഉത്തരവ്. അന്വേഷണ റിപ്പോര്‍ട്ട് ഏപ്രില്‍ 11നകം ഹാജരാക്കാനും നിര്‍ദേശിച്ചു.

ഉമ്മന്‍ചാണ്ടിയെ ഒന്നും ആര്യാടനെ രണ്ടും എതിര്‍കക്ഷികളാക്കി നല്‍കിയ ഹരജിയില്‍ മുന്‍ മന്ത്രി കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എ, ആര്യാടന്‍ മുഹമ്മദിന്‍െറ സെക്രട്ടറി പി.എ.കേശവന്‍, ഗണേഷ്കുമാറിന്‍െറ സെക്രട്ടറിയായിരുന്ന പ്രദീപ്, മുഖ്യമന്ത്രിയുടെ പഴ്സനല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന ജിക്കുമോന്‍, ടെനി ജോപ്പന്‍, സരിത നായര്‍ എന്നിവരാണ് മൂന്ന് മുതല്‍ എട്ട് വരെ കക്ഷികള്‍. ഇവര്‍ക്കെതിരെയും അന്വേഷണത്തിന് ഉത്തരവിട്ടു.

ജുഡീഷ്യല്‍ കമീഷന്‍ തെളിവെടുപ്പും നടക്കുകയാണെന്നും ഹരജി പരിഗണിക്കേണ്ടതില്ളെന്നും വിജിലന്‍സ് നിയമോപദേഷ്ടാവ് വി.കെ. ഷൈലജന്‍ വാദിച്ചെങ്കിലും അംഗീകരിച്ചില്ല. കേസിന്‍െറ മെറിറ്റിലേക്ക് പോകുന്നില്ളെന്നും അസാധാരണ സാഹചര്യത്തില്‍ അസാധാരണ ഉത്തരവുണ്ടാകുമെന്നും അക്ബര്‍-ബീര്‍ബല്‍ കഥാസാരം പരാമര്‍ശിച്ച് കോടതി വ്യക്തമാക്കി.

ഹരജി പരിഗണിച്ച ഉടന്‍ കേസിന്‍െറ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ളെന്ന് കോടതി വ്യക്തമാക്കി. ഉപ്പുതിന്നവന്‍ വെള്ളം കുടിക്കണമെന്ന് കോടതി പറഞ്ഞു. സാധാരണക്കാരനും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും തുല്യനീതി വേണം. ഭരണഘടനയുടെ 14ാം അനുച്ഛേദം ഇത് പറയുന്നുണ്ട്. അന്വേഷണം നടത്തേണ്ടത് വിജിലന്‍സിന്‍െറ ഉത്തരവാദിത്തമാണ്, അത് ഏല്‍പിക്കുന്നു. കോടതി അതിന്‍െറ കര്‍ത്തവ്യം നിര്‍വഹിച്ചു-കോടതി വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.