സോളാർ: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ കൊടുങ്കാറ്റ്

മലപ്പുറം: സോളാർ കമീഷനിൽ സരിത എസ്. നായർ പുറത്തുവിട്ട ആരോപണങ്ങളുടെയും അതിന് പിന്നാലെ വന്ന വിജിലൻസ് കോടതി ഉത്തരവിന്‍റെയും പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽ ശക്തമായ പ്രതിഷേധം. മുഖ്യമന്ത്രിക്ക് ഔദ്യോഗിക പരിപാടികളുള്ള മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പ്രതിഷേധമുണ്ടായത്. പ്രതിഷേധങ്ങളെ തുടർന്ന് മുൻകൂട്ടി നിശ്ചയിച്ച അഞ്ച് പൊതുപരിപാടികളിൽ നാലെണ്ണം മിന്നൽ വേഗത്തിൽ പൂർത്തിയാക്കിയ മുഖ്യമന്ത്രി കോട്ടക്കലിലെ ഒടുവിലത്തെ പരിപാടി റദ്ദാക്കി 3.45ഒാടെ എറണാകുളത്തേക്ക് മടങ്ങുകയായിരുന്നു.

രാവിലെ ഒമ്പത് മണിക്ക് കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ കേരളാ ശാസ്ത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്യാനാണ് കോഴിക്കോട് നിന്ന് ആദ്ദേഹം തേഞ്ഞിപ്പലത്ത് എത്തിയത്. ജില്ലാ കലക്ടറുടെയും എസ്പിയുടെയും നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹത്തെ ഇവിടെ വിന്യസിച്ചിരുന്നു. ഇവിടെ ഗേറ്റിനടുത്തേക്ക് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകരാണ് പ്രതിഷേധം നടത്തിയത്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

വെള്ളിയാർപുഴ പാലം ഉദ്ഘാടനം ആയിരുന്നു അടുത്ത പരിപാടി. മേലാറ്റൂർ റെയിൽവേ ഗേറ്റിന് സമീപമെത്തിയ ഉമ്മൻചാണ്ടിയെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചു. അപ്പോൾ സമയം 12 മണി. വലിയ പൊലീസ് അകമ്പടിയിലായിരുന്നു ഉദ്ഘാടന ചടങ്ങ്. തുടർന്ന് കൊണ്ടോട്ടിയിൽ മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയിൽ 'പക്ഷിപ്പാട്ടും കുറത്തിപ്പാട്ടും' എന്ന പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങ് 20 മിനിറ്റിനകം പൂർത്തിയാക്കി. ഇവിടെ വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം നടന്നു. എന്നാൽ, സി.പി.എമ്മിന്‍റെ കരിങ്കൊടി പ്രതിഷേധം ഉണ്ടായിരുന്നില്ല.

ഒരു മണിയോടെ നിലമ്പൂർ പൂക്കോട്ടുംപാടം ഹയർ സെക്കണ്ടറി സ്കൂൾ കെട്ടിടത്തിന്‍റെ ഉദ്ഘാടനം. ഉമ്മൻചാണ്ടിയും മന്ത്രി ആര്യാടൻ മുഹമ്മദും ആയിരുന്നു മുഖ്യാതിഥികൾ. ഇവിടെ ഡി.വൈ.എഫ്.ഐ, യുവമോർച്ച പ്രവർത്തകർ തടിച്ചുകൂടിയിരുന്നു. മുഖ്യമന്ത്രിയുടെ കാറിന് നേരെ കല്ലേറുണ്ടായി. ഡി.വൈ.എഫ്.ഐ പ്രവർത്തർക്ക് നേരെ പൊലീസ് ലാത്തിവീശി. പരിപാടിക്കെത്തിയ ആര്യാടൻ മുഹമ്മദിന് നേരെയാണ് ആദ്യം കരിങ്കൊടി കാണിച്ചത്. ആര്യാടനും തൻെറ പക്കൽ നിന്ന് പണം കൈപറ്റി എന്ന് നേരത്തെ സരിത സോളാർ കമീഷനിൽ മൊഴി നൽകിയിരുന്നു.

ചടങ്ങിന് ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രിയെ മാധ്യമപ്രവർത്തകർ വളഞ്ഞു. ഏത് അന്വേഷണവും നേരിടാൻ തയാറാണെന്ന് പറഞ്ഞ അദ്ദേഹം രാജിവെക്കേണ്ട ആവശ്യം എന്താണന്നും ചോദിച്ചു. ബ്ലോക് അംഗവും മലപ്പുറം ഡി.സി.സി സെക്രട്ടറിയുമായ എൻ.എ കരീമിന്‍റെ വീട്ടിലായിരുന്നു മുഖ്യമന്ത്രിക്ക് ഉച്ചഭക്ഷണം.

അടുത്ത പരിപാടി കോട്ടക്കൽ ആയുർവേദ കോളജിന്‍റെ ഒരു വർഷം നീളുന്ന ശതാബ്ദിയാഘോഷത്തിന്‍റെ ഉദ്ഘാടനമായിരുന്നു. ഇവിടത്തെ വനിതാ കോംപ്ലക്സിന്‍റെ ശിലാസ്ഥാപനം മന്ത്രി പി.കെ അബ്ദുറബ്ബ് നിർവഹിക്കേണ്ടതായിരുന്നു. എന്നാൽ, കോട്ടക്കലിലെ പരിപാടി റദ്ദാക്കി 3.45ഒാടെ മുഖ്യമന്ത്രി എറണാകുളത്തേക്ക് പോയി. മുഖ്യമന്ത്രി പങ്കെടുത്ത നാല് പരിപാടികളിൽ പൂക്കോട്ടുംപാടത്താണ് വലിയ പ്രതിഷേധം അലയടിച്ചത്.

നേരത്തെ സെക്രട്ടേറിയറ്റിലും കോഴിക്കോട് റെയിൽവേസ്റ്റേഷനിലും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായി. രാവിലെ കോഴിക്കോട്ടെത്തിയ മുഖ്യമന്ത്രിക്കെതിരെ റെയിൽവേ സ്റ്റേഷനിൽ ഡി.വൈ.എഫ്.ഐ, യുവമോർച്ച പ്രവർത്തകരാണ് കരിങ്കൊടി വീശിയത്. മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് കുരുമുളക് സ്പ്രേ പ്രയോഗിച്ചു. കോഴിക്കോട് ഗസ്റ്റ് ഹൗസിന് സമീപവും ഡി.വൈ.എഫ്.ഐ പ്രവർത്തകർ കരിങ്കൊടിയുമായി പ്രതിഷേധിച്ചു.

ഉമ്മൻചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ച് അക്രമാസക്തമായി. പൊലിസ് ലാത്തി വീശി. ഡി.വൈ.എഫ്.ഐ  പ്രവർത്തകർക്കു നേരെ നിരവധി തവണ കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു. ഒരു ഡി.വൈ.എഫ്.ഐ പ്രവർത്തകന് പരിക്കേറ്റിട്ടുണ്ട്. പൊലിസിനു നേരെ സമരക്കാർ കല്ലേറ് നടത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.