സത്യം ജയിക്കുമെന്ന് ഉമ്മൻചാണ്ടി

തിരുവനന്തപുരം: സത്യം ജയിച്ചതിന്‍റെ തെളിവാണ് വിജിലൻസ് കോടതി വിധി സ്റ്റേ ചെയ്ത ഹൈകോടതി നടപടിയെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സോളാർ കേസുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല. ഇത്രനാളായിട്ടും തനിക്കെതിരെ ഒരു ഷീറ്റ് കടലാസ് പോലും കാണിക്കാൻ ആരോപണം ഉന്നയിക്കുന്നവർക്ക് സാധിച്ചിട്ടില്ല. നാലു വർഷം മുമ്പ് ഉന്നയിച്ച ആരോപണങ്ങളിൽ തന്നെയാണ് സോളാർ കേസ് നിലനിൽക്കുന്നതെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ഹൈകോടതി വിധിയെകുറിച്ച് ക്ലിഫ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മദ്യ രാജാക്കന്മാരെ കൂട്ടുപിടിച്ച് ചിലർ നടത്തിയ വൃത്തിക്കെട്ട ഗൂഢാലോചനകളാണ് ഇപ്പോൾ നടക്കുന്നത്. സംസ്ഥാനത്തിന്‍റെ നന്മക്കായാണ് മദ്യ ഉപയോഗം കുറക്കാൻ സർക്കാർ നടപടി സ്വീകരിച്ചത്. മദ്യ ലഭ്യത കുറക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചപ്പോൾ നിരവധി ആക്ഷേപങ്ങളാണ് ഉയർന്നത്. ബാറുകൾ പൂട്ടിയതിന്‍റെ പേരിൽ വിമർശങ്ങൾ ഉയരുന്നത് ആദ്യ സംഭവമാണ്. ഇക്കാര്യങ്ങൾ കൂട്ടി വായിക്കുമ്പോൾ ചില ദുഃസൂചനകൾ കാണുന്നുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടന്നത് എവിടെയാണെന്നും ആരോക്കെ പിന്നിലുണ്ടെന്നും അറിയാം. യുക്തമായ സമയത്ത് ഇക്കാര്യങ്ങൾ പുറത്തുവിടും. ഗൂഢാലോചനയെ കുറിച്ച് അന്വേഷണം നടത്തേണ്ടി വരുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. കൂറേ നാളുകളായി തനിക്കും കുടുംബത്തിനും എതിരെ വലിയ ആരോപണങ്ങളും ആക്ഷേപങ്ങളുമാണ് ഉന്നയിക്കുന്നത്. എന്നാൽ, ഇക്കാര്യത്തിൽ യാതൊരു പ്രതികരണവും നടത്തിയിട്ടില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

തനിക്കെതിരെ ആരോപണം ഉന്നയിച്ചവരോട് പരിഭവമില്ല. മനഃസാക്ഷിയാണ് തന്‍റെ ഏറ്റവും വലിയ ശക്തി. സത്യം ജയിക്കുമെന്ന വിശ്വാസമാണ് തന്നെ മുന്നോട്ടു നയിക്കുന്നത്. സത്യം ജയിക്കുമെന്നാണ് 50 വർഷത്തെ തന്‍റെ രാഷ്ട്രീയ പ്രവർത്തനം പഠിപ്പിച്ചത്. പത്ത് ദിവസം  മുമ്പ് താൻ പിത്യ തുല്യനായിരുന്നു. ഇപ്പോൾ സകല വഷളത്തരങ്ങളുടെ പ്രഭാകേന്ദ്രമാണെന്ന് ചിലർ പറയുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

യു.ഡി.എഫിലെ ഐക്യമാണ് ഭരണതുടർച്ച ലഭിക്കുമെന്ന വിശ്വാസത്തിന് പിന്നിലുള്ളത്. ഘടകകക്ഷികൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളില്ല. എല്ലാവരുമായി ഒത്തൊരുമിച്ച് മുന്നോട്ടു പോകും. സത്യപ്രതിജ്ഞ ചെയ്ത വേളയിൽ സർക്കാർ മുന്നോട്ടു പോകില്ലെന്ന് പലരും പറഞ്ഞിരുന്നു. എന്നാൽ, രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷം സർക്കാർ നടപടികൾക്കും തീരുമാനങ്ങൾക്കും തടസമായിട്ടില്ല. യു.ഡി.എഫ് വിടുന്നുവെന്ന പ്രഖ്യാപനം നടത്തിയ കോവൂർ കുഞ്ഞുമോൻ തലേദിവസം വരെ തന്നെ കണ്ടിരുന്നതായും ഉമ്മൻചാണ്ടി അറി‍യിച്ചു.

ഉന്നത വിദ്യാഭ്യാസ സമിതി വൈസ് ചെയർമാൻ ടി.പി ശ്രീനിവാസനെ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ച നടപടി കേരളത്തിന് അപമാനകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദേശ രാജ്യങ്ങളിൽ അംബാസഡറായി പ്രവർത്തിച്ച അദ്ദേഹം കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾ അനിവാര്യമാണെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.