തിരുവനന്തപുരം: സംസ്ഥാനത്ത് ഡിഫ്തീരിയ മരണം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍, പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കാത്തവര്‍ക്ക് സ്കൂളിലും കോളജിലും പ്രഫഷനല്‍ കോഴ്സുകളിലും പ്രവേശംനല്‍കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടു. കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കാതിരിക്കുന്നത് ശിക്ഷാര്‍ഹമാണ്.
അത്തരം കുറ്റംചെയ്യുന്ന മാതാപിതാക്കള്‍ ശിക്ഷിക്കപ്പെടേണ്ടതുമാണെന്ന് കമീഷന്‍ ഉത്തരവില്‍ പറയുന്നു. സ്കൂള്‍ പ്രവേശത്തിന് മുമ്പ് പ്രതിരോധ കുത്തിവെപ്പെടുത്തിട്ടുണ്ടെന്ന് തെളിയിക്കുന്ന കാര്‍ഡ് നിര്‍ബന്ധമാക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കണം. ഇപ്പോള്‍ പഠിക്കുന്നവര്‍ ഇത് എടുത്തിട്ടുണ്ടോ എന്നും പരിശോധിക്കണം. എടുക്കാത്ത കുട്ടികളുണ്ടെങ്കില്‍ അവര്‍ക്ക് നല്‍കണം.
പ്രതിരോധ കുത്തിവെപ്പുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകളെ കണ്ടത്തെി കര്‍ശനനടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം പരിഗണിക്കേണ്ടതാണ്. ഇതിനെ അനുകൂലിക്കുന്ന രക്ഷാകര്‍ത്താക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും പരിഗണിക്കണം. നടപടിയെടുക്കുന്നില്ളെങ്കില്‍ കുട്ടികളുടെ ജീവിക്കാനുള്ള അവകാശം മുളയിലേനുള്ളുന്നതിന് തുല്യമാകുമെന്ന് ജസ്റ്റിസ് കോശി അഭിപ്രായപ്പെട്ടു. കുത്തിവെപ്പ് നിര്‍ബന്ധമാക്കിയാല്‍ പോളിയോ പോലെ ഡിഫ്തീരിയയും നിഷ്കാസിതമാക്കാം. ഗള്‍ഫിലും യൂറോപ്യന്‍ രാജ്യങ്ങളിലും പ്രതിരോധ കുത്തിവെപ്പെടുത്ത കാര്‍ഡ് നിര്‍ബന്ധമാണ്. കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് ആവശ്യമായ നടപടിയെടുക്കുക സര്‍ക്കാറിന്‍െറ അടിസ്ഥാനപരമായ ചുമതലയാണെന്നും ഉത്തരവില്‍ പറയുന്നു. ഡോ. ടി.എം. അനന്തകേശവനാണ് പരാതി നല്‍കിയത്. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും കമീഷന്‍ കൊണ്ടുവരും. ഉത്തരവ് ചീഫ്സെക്രട്ടറിക്കും ആരോഗ്യസെക്രട്ടറിക്കും കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.