ഉല്‍പാദനം കൂട്ടി ആന്ധ്രയും ബംഗാളും

കൊച്ചി: പത്ത് വര്‍ഷത്തിനിടെ ഭക്ഷ്യോല്‍പാദനത്തില്‍ കേരളം പിന്നോട്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം 2014-’15ല്‍ കേരളത്തിലെ ഭക്ഷ്യവിളകളുടെ ഉല്‍പാദനം 1995-’96ലെ ഉല്‍പാദനത്തിന്‍െറ 57 ശതമാനം മാത്രമാണ്. 988 മെട്രിക് ടണ്ണില്‍നിന്ന് 560 മെട്രിക് ടണ്ണായാണ് ഉല്‍പാദനം കുറഞ്ഞത്. അരിയുടേത് മാത്രം കണക്കാക്കിയാലും 10 വര്‍ഷം മുമ്പത്തെ ഉല്‍പാദനത്തിന്‍െറ 59 ശതമാനമേ വരൂ. 953ല്‍നിന്ന് 558 ടണ്ണിലേക്കാണ് താഴ്ന്നത്.
1995-’96ല്‍ രാജ്യത്തെ മൊത്തം ഭക്ഷ്യോല്‍പാദനത്തില്‍ (ഗോതമ്പ്, അരി, പയര്‍ വര്‍ഗങ്ങള്‍ ഉള്‍പ്പെടെ) 0.5 ശതമാനമായിരുന്നു കേരളത്തിന്‍െറ പങ്ക്. 2014-2015ല്‍ ഇത് 0.2 ശതമാനമായി കുറഞ്ഞു. കേരളത്തിന്‍െറ മൊത്തം ഭക്ഷ്യവിളകളില്‍ കൂടുതലും അരിയാണ്. അരി ഉല്‍പാദനത്തില്‍ കേരളത്തിന്‍െറ പങ്ക് ‘95-’96ല്‍ 1.2 ശതമാനം ആയിരുന്നത് 2014-’15ല്‍  0.5 ശതമാനമായി ഇടിഞ്ഞു.

രാജ്യത്താകെ ’95-’96, 2014-’15 കാലയളവില്‍ അരി ഉല്‍പാദനത്തില്‍ 36 ശതമാനവും മൊത്തം ഭക്ഷ്യോല്‍പാദനത്തില്‍ 37 ശതമാനവും വര്‍ധന രേഖപ്പെടുത്തുമ്പോഴാണ് അരി മുഖ്യ ഭക്ഷണമായ കേരളത്തിന്‍െറ പിന്നാക്കം പോക്ക്. 2014-’15ല്‍ ഇന്ത്യയുടെ ഭക്ഷ്യോല്‍പാദനത്തിന്‍െറ 16.8 ശതമാനം പങ്കും ഉത്തര്‍പ്രദേശിന്‍േറതാണ്. പത്ത് വര്‍ഷത്തിനിടെ അവിടത്തെ ഭക്ഷ്യോല്‍പാദനം 39287 ടണ്ണില്‍നിന്ന് 42472 ടണ്ണിലേക്കാണ് ഉയര്‍ന്നത്. 10363 ടണ്ണില്‍നിന്ന് 12221 ടണ്ണായി അരി ഉല്‍പാദനവും വര്‍ധിച്ചു. എന്നാല്‍, അരി ഉല്‍പാദനത്തില്‍ പശ്ചിമബംഗാളാണ് ഏറ്റവും മുന്നില്‍. 11887 ടണ്‍ ആയിരുന്നത് 14711 ടണ്ണായാണ് വര്‍ധിച്ചത്. ഇവിടെ മൊത്തം ഭക്ഷ്യോല്‍പാദനത്തിന്‍െറ 89 ശതമാനവും അരിയില്‍നിന്നാണ്. കേരളം ഏറ്റവും കൂടുതല്‍ അരി വാങ്ങുന്ന ആന്ധ്രപ്രദേശിലും ഉല്‍പാദനം കൂടിയിരിക്കുകയാണ്.

അവിടെ അരി ഉല്‍പാദനം 9014 ടണ്ണില്‍നിന്ന് 11565 ടണ്ണായപ്പോള്‍ ആകെ ഭക്ഷ്യവിളകളിലും വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. വയലുകള്‍ നികത്തുന്നത് ക്രമാതീതമായി വര്‍ധിച്ചതും വിലയിടിവ് മൂലം കര്‍ഷകര്‍ നെല്ലുല്‍പാദനത്തില്‍നിന്ന് അധിവേഗം പിന്മാറുന്നതുമാണ് കേരളത്തിന്‍െറ ഉല്‍പാദനത്തെ ബാധിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാറിന്‍െറ കൃഷി ഓഡിറ്റ് വിഭാഗത്തിന്‍െറ റിപ്പോര്‍ട്ടിലുണ്ട്. പത്ത് വര്‍ഷത്തിനിടെ ആകെ കൃഷിഭൂമിയുടെ 35 ശതമാനമാണ് നികത്തപ്പെട്ടത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.