യുവാക്കളുടെ തിരോധാനം; കാണാമറയത്തെ ഗുരു ഇന്‍റര്‍നെറ്റില്‍

കാസര്‍കോട്: ഇന്‍റര്‍നെറ്റിലെ ഗുരുക്കന്മാരിലൂടെയാണ് കാണാതായ യുവാക്കള്‍ ആത്മീയ തീവ്രവാദത്തിന്‍െറ ലോകത്ത് എത്തിപ്പെട്ടതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സൂചന ലഭിച്ചു. ശ്രീലങ്കയിലെ ആത്മീയ പഠനകേന്ദ്രത്തിലെ മേധാവി അബ്ദുറഹ്മാന്‍ നവാസ് അല്‍ഹിന്ദിയുടെ ശബ്ദരേഖ പൊലീസിന് ലഭിച്ചു. പാലക്കാട്ടെ യഹ്യ, പടന്നയിലെ അഷ്ഫാഖ്, ഉടുമ്പുന്തല സ്വദേശി അബ്ദുല്‍ റാഷിദ് അബ്ദുല്ല എന്നിവരെ ഇതില്‍ പേരെടുത്ത് പരാമര്‍ശിക്കുന്നു. കേരളത്തിലെ ചില സലഫി സുഹൃത്തുക്കളുടെ ശിപാര്‍ശയിലാണ് ഇവര്‍ ശ്രീലങ്കയിലെ ദാറുസ്സലഫിയ്യ എന്ന സ്ഥാപനത്തില്‍ ധാര്‍മിക വിജ്ഞാനം തേടിയത്തെിയതെന്ന് അബ്ദുറഹ്മാന്‍ നവാസ് അല്‍ഹിന്ദി വിശദീകരിക്കുന്നു. ഏറെ താമസിയാതെ അറബി ഭാഷയിലും മറ്റും അവഗാഹം നേടിയ യുവാക്കള്‍ കേന്ദ്രത്തിലെ  ശൈഖ് അല്‍ബാനി തുടങ്ങിയവരുടെ നിലപാടുകള്‍ ചോദ്യം ചെയ്തു. ഖവാരിജ്, ദായിഷ് തുടങ്ങിയ തീവ്ര ആത്മീയ സരണികളെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ച യുവാക്കള്‍ക്ക് മുഴുവന്‍ കാര്യങ്ങളിലും വ്യക്തത നല്‍കിയതായും ഇദ്ദേഹം പറയുന്നു.

 അന്ധമായി ഇന്‍റര്‍നെറ്റിനെ ആശ്രയിച്ചതാണ് യുവാക്കള്‍ തെറ്റായ ധാരയില്‍ എത്തിച്ചേരാന്‍ കാരണമായി  വിശദീകരിക്കുന്നത്. പിന്നീട് യുവാക്കള്‍ സ്ഥാപനം വിട്ടുപോയതായും പറയുന്നു. കേരളത്തിലെ സലഫികള്‍ക്ക് മുന്നറിയിപ്പുമായാണ് ശബ്ദരേഖ അവസാനിക്കുന്നത്. കേരളത്തില്‍ നിന്ന് കാണാതാവുന്നതിന് മൂന്നുമാസം മുമ്പാണ് യുവാക്കള്‍ ശ്രീലങ്കയില്‍ തങ്ങിയത്. അതിനിടെ കാണാതായ യുവാക്കളില്‍ 13 പേരുടെയും ടിക്കറ്റുകള്‍ എടുക്കുന്നതിന് ഒരേ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് പണം പോയതെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.     

പൊലീസ് ഉന്നതതല യോഗം ചേര്‍ന്നു

 കാണാതായ മലയാളികള്‍ക്ക് ഐ.എസ് ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെ ഉത്തരമേഖലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കോഴിക്കോട് യോഗം ചേര്‍ന്നു. കോഴിക്കോടും മലപ്പുറത്തും ഇത്തരത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കാണാതായവരെ കുറിച്ചുള്ള വിവരങ്ങളൊന്നുമില്ളെന്നാണ് ജില്ലാ പൊലീസ് മേധാവികളുടെ വിലയിരുത്തല്‍. ഉത്തരമേഖല എ.ഡി.ജി.പി സുദേഷ്കുമാറിന്‍െറ നിര്‍ദേശത്തെ തുടര്‍ന്നാണ് വ്യാഴാഴ്ച രാവിലെ കോഴിക്കോട് കമീഷണര്‍ ഓഫിസില്‍ പ്രത്യേക യോഗം ചേര്‍ന്നത്. കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ ഉമ ബഹ്റ, മലപ്പുറം എസ്.പി ദേബേഷ്കുമാര്‍ ബഹ്റ, സ്പെഷല്‍ ബ്രാഞ്ച് അസി. കമീഷണര്‍ പി.കെ. രാജു, കാസര്‍കോടുനിന്നുള്ള  ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.