പാലക്കാട്: ദാരിദ്ര്യത്തിന്‍െറ കെടാത്ത തീയും സര്‍ക്കാര്‍ സംവിധാനത്തിലെ അവസാനിക്കാത്ത പുഴുക്കുത്തും തമ്മിലുള്ള പോരാട്ടത്തിനടിയില്‍ എവിടെയോ ആണ് ഇവരുടെ ജീവിതം. സമൂഹത്തില്‍ നിന്ന് എന്നും അവഗണന മാത്രം നേരിട്ടിട്ടുള്ള ഇവരോട് സര്‍ക്കാര്‍ സ്വീകരിച്ചതും വഞ്ചനാപരമായ നിലപാട്. പറഞ്ഞു വരുന്നത് 18,000ത്തോളം വരുന്ന എച്ച്.ഐ.വി അണുബാധിതരെ കുറിച്ചാണ്. സര്‍ക്കാറില്‍ നിന്ന് ലഭിക്കുന്ന നാമമാത്ര പെന്‍ഷന്‍ തുകയായ 524 രൂപ കൃത്യമല്ലാതായിട്ട് മാസങ്ങളായി. ചിലര്‍ക്ക് ആറു മാസത്തിലൊരിക്കല്‍ ആയിരം രൂപ കിട്ടുമെങ്കില്‍ മറ്റു ചിലര്‍ക്ക് ഒന്നര വര്‍ഷത്തോളമായി പെന്‍ഷനേ കിട്ടുന്നില്ല. ചികിത്സാ കേന്ദ്രത്തില്‍ വരുന്നതിന് ഇവര്‍ക്ക് നല്‍കിയിരുന്ന യാത്രാ ബത്തയും മുടങ്ങിയിട്ട് കാലങ്ങളായി.
2014 മേയില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടേയും സന്നദ്ധ സംഘടനാ പ്രതിനിധികളുടേയും യോഗം ചേര്‍ന്ന് അണുബാധിതരുടെ പുനരധിവാസത്തിനായി ചില തീരുമാനങ്ങള്‍ എടുത്തിരുന്നു. അണുബാധിതരുടെ മാസാന്ത പെന്‍ഷന്‍ തുക 1000 രൂപയാക്കി വര്‍ധിപ്പിക്കുക എന്നതായിരുന്നു സുപ്രധാന തീരുമാനം. ഒന്നര വര്‍ഷം കഴിഞ്ഞിട്ടും അതു നടപ്പായിട്ടില്ളെന്നു മാത്രമല്ല, നിലവിലെ പെന്‍ഷന്‍ പോലും മുടങ്ങി കിടക്കുകയാണ്. പെന്‍ഷന്‍ തുക വര്‍ധിപ്പിക്കാനായി കോര്‍പസ് ഫണ്ടില്‍ നിന്ന് മൂന്നു കോടി രൂപ നീക്കി വെക്കാനും തീരുമാനിച്ചിരുന്നു. പിന്നീട് ഈ തുകക്ക് എന്തു സംഭവിച്ചു എന്നറിയില്ല.
എച്ച്.ഐ.വി ബാധിതരുള്ള കുടുംബത്തെ ആറു മാസത്തിനകം ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു മറ്റൊരു തീരുമാനം. എന്നാല്‍ 2012ല്‍ അപേക്ഷ കൊടുത്തിട്ടും പട്ടികയിലുള്‍പ്പെടാത്തവരുണ്ട്. പലര്‍ക്കും നേരിട്ട് പഞ്ചായത്ത് ഓഫിസില്‍ പോയി തങ്ങള്‍ അണുബാധിതരാണെന്ന് പറയാന്‍ കഴിയില്ല. അവര്‍ക്കായി സന്നദ്ധസംഘടനകള്‍ മുഖേന അപേക്ഷ ഓഫിസില്‍ എത്തിക്കലാണ് പതിവ്. പാലക്കാട് പ്രവര്‍ത്തിക്കുന്ന ‘സ്നേഹ സാന്ത്വന’ത്തിന്‍െറ നേതൃത്വത്തില്‍ ഇത്തരത്തില്‍ അപേക്ഷകള്‍ ബന്ധപ്പെട്ട ഓഫിസില്‍ എത്തിക്കാറുണ്ട്. ഇതിലെ പ്രവര്‍ത്തകര്‍ പലരും ഇപ്പോഴും ബി.പി.എല്‍ പട്ടികക്ക് പുറത്താണ്.
മൂന്ന് സെന്‍റ് ഭൂമിയുള്ള അണുബാധിതരായ വിധവകള്‍ക്ക് വീടു വെക്കാന്‍ സഹായം നല്‍കുമെന്നും എച്ച്.ഐ.വി ബാധിതരുടെ മക്കള്‍ക്ക് വിവാഹ സഹായമായി ഒരു ലക്ഷം രൂപ നല്‍കുമെന്നും അന്നത്തെ യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഈ തീരുമാനങ്ങളെല്ലാം ജലരേഖയായി. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളാരും തങ്ങളുടെ വിഷയങ്ങള്‍ സമൂഹമധ്യത്തില്‍ ചര്‍ച്ചയാക്കാന്‍ തയാറാവുന്നില്ളെന്ന് ഇവര്‍ക്ക് പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.