അകക്കണ്ണില്‍ ലക്ഷം വര്‍ഷങ്ങളുമായി പ്രശാന്ത് റെക്കോഡ് ബുക്കില്‍

തിരുവനന്തപുരം: കണക്കുകൂട്ടല്‍ പിഴച്ചില്ല; തിങ്ങിനിറഞ്ഞ സദസ്സില്‍നിന്നുയര്‍ന്ന കരഘോഷങ്ങള്‍ക്കിടെ പ്രശാന്ത്, ഏഷ്യാ ബുക് ഓഫ് റെക്കോഡ്സ് നെഞ്ചോട് ചേര്‍ത്തു. 48 സെക്കന്‍ഡുകൊണ്ട് നൂറ്റാണ്ടുകള്‍ക്കപ്പുറമുള്ള കലണ്ടറുകളിലെ ദിവസങ്ങള്‍ പ്രവചിച്ചാണ് വൈകല്യത്തെ തോല്‍പിക്കുന്ന ഈ 19കാരന്‍  അവിസ്മരണീയ നേട്ടം സ്വന്തമാക്കിയത്. ഏഷ്യാ ബുക് ഓഫ് റെക്കോഡ്സ് ഹോട്ടല്‍ ഹൈസിന്തില്‍ സംഘടിപ്പിച്ച മത്സരത്തിലായിരുന്നു അതിശയിപ്പിക്കുന്ന പ്രകടനം. ഇതോടെ ഒരുലക്ഷം വര്‍ഷത്തെ കലണ്ടര്‍ മന$പാഠമാക്കി ഏഷ്യാ ബുക് ഓഫ് റെക്കോഡ്സില്‍ ഇടംനേടിയ ഭിന്നശേഷി വിഭാഗത്തിലെ വ്യക്തിയായി പ്രശാന്ത്.
കരമന തളിയലില്‍ ചന്ദ്രന്‍െറയും സുഹിതയുടെയും മകനായ സി. പ്രശാന്ത് ജന്മനാ ഭിന്നശേഷിക്കാരനാണ്. 55 ശതമാനം ബുദ്ധിമാന്ദ്യം, കേള്‍വി, കാഴ്ച, സംസാരം എന്നിവയില്‍ നൂറുശതമാനം വൈകല്യം -വൈദ്യശാസ്ത്രം പ്രശാന്തിനെ രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്. എന്നാല്‍, ഒരുലക്ഷം വര്‍ഷത്തെ കലണ്ടര്‍ മന$പാഠമാക്കിയും സ്വന്തം ശരീരത്തെ അളവുകോലാക്കി ഊഷ്മാവ് പ്രവചിച്ചും കീബോര്‍ഡില്‍ സംഗീതത്തിന്‍െറ അദ്ഭുതങ്ങള്‍ കാട്ടിയും പ്രശാന്ത് ഇന്ന് ലോകത്തെ വിസ്മയിപ്പിക്കുകയാണ്. ഒരിക്കല്‍ കാണുന്നതും കേള്‍ക്കുന്നതുമായ എന്തും പിന്നീട് അതേ രീതിയില്‍ ഓര്‍ത്തെടുക്കാനുള്ള കഴിവും വേറിട്ടുനിര്‍ത്തുന്നു. ദേശീയ ചാനല്‍ നടത്തിയ ഇന്ത്യാ ടാലന്‍റ് ഹണ്ട് മത്സരത്തില്‍ വിജയിച്ചിരുന്നു.
ഇന്ത്യാ ബുക് ഓഫ് റെക്കോഡ്സും സ്വന്തമാക്കിയിട്ടുണ്ട്. ഏഷ്യാ ബുക് ഓഫ് റെക്കോഡ്സ് പ്രതിനിധി ഡോ. ഫ്രാങ്ക്ളിന്‍ ഹെര്‍ബര്‍ട്ട് സീല്‍ചെയ്ത് കൊണ്ടുവന്ന മൂന്നുസെറ്റ് ചോദ്യങ്ങള്‍ക്ക് മിനിറ്റുകള്‍കൊണ്ട് പ്രശാന്ത് ഉത്തരം കുറിച്ചു. ആദ്യസെറ്റിലെ ഏഴ് ചോദ്യത്തിന് 1.5 മിനിറ്റുകൊണ്ട് ശരി ഉത്തരമെഴുതി.
ബോര്‍ഡിലാണ് ചോദ്യങ്ങള്‍ എഴുതി നല്‍കിയത്. ആദ്യചോദ്യത്തിന് ശരിയുത്തരം കുറിച്ചപ്പോള്‍തന്നെ ഏഷ്യാ ബുക് ഓഫ് റെക്കോഡ്സിലേക്ക് കടന്നെങ്കിലും സമയം ഒന്നുകൂടി തിരുത്താന്‍ പിതാവ് വാശിപിടിച്ചു. അടുത്ത ഒരു ഘട്ടംകൂടി പരീക്ഷിക്കാമെന്നായി. രണ്ടാമതും ഏഴ് ചോദ്യം അതും ഒരു മിനിറ്റില്‍ കൂടുതല്‍ സമയമെടുത്തു. തുടര്‍ന്ന് ഒരു തവണകൂടി പരീക്ഷിക്കാനുള്ള ഡോ. ഫ്രാങ്ക്ളിന്‍െറ ആവശ്യവും നിരസിച്ചില്ല. 48  സെക്കന്‍ഡുകൊണ്ട് ഏഴ് ചോദ്യത്തിനും ഉത്തരം കുറിച്ച് പ്രശാന്ത് റെക്കോഡ്സില്‍ ഇടംപിടിച്ചു.
ഒത്തുകൂടിയവരുടെയും ആരാധകരുടെയും ആശ്ളേഷവും അഭിനന്ദനപ്രവാഹവുമായി പിന്നീട്. സ്നേഹാദരങ്ങള്‍ക്കിടെ ട്രോഫിയും സമ്മാനിച്ചു. 2015ന് പിന്നിലേക്കുള്ള മൂന്നുവര്‍ഷത്തെ ഏത് തീയതി പറഞ്ഞാലും കൃത്യമായി ദിവസം ഏതെന്ന് പറയുന്ന തരത്തിലായിരുന്നു പ്രശാന്ത് പരീക്ഷണങ്ങള്‍ ആരംഭിച്ചത്. പിന്നീട് 2000 വര്‍ഷത്തെ കലണ്ടര്‍ ഹൃദിസ്ഥമാക്കി.
അതിനുശേഷമാണ് ഒരുലക്ഷം വര്‍ഷത്തെ കലണ്ടര്‍ മന$പാഠമാക്കിയത്. ഇപ്പോള്‍ രണ്ടുലക്ഷത്തിലേക്കും കടന്നിട്ടുണ്ട്. ഇതുവരെ 120ഓളം പുരസ്കാരം ലഭിച്ചു. ഗിന്നസ് ബുക് ഓഫ് വേള്‍ഡ് റെക്കോഡ്സില്‍ ഇടം പിടിക്കുകയാണ് അടുത്തലക്ഷ്യം. ബി-ടെക് വിദ്യാര്‍ഥിനിയായ പ്രിയങ്കയാണ് സഹോദരി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.