വിമാനത്തില്‍ ബഹളംവെച്ച യുവാവ് മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍

മുംബൈ: മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വിമാനത്തില്‍ ബഹളംവെച്ചതിന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധികൃതര്‍ പൊലീസിന് കൈമാറിയ കണ്ണൂര്‍ ജില്ലയിലെ പാലത്തായി സ്വദേശി ഇസ്മായിലിനെ നഗരത്തിലെ മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. സഹാര്‍ പൊലീസാണ് വ്യാഴാഴ്ച രാത്രിയോടെ കൂപ്പര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. 10 ദിവസം ചികിത്സയില്‍ കഴിയേണ്ടിവരുമെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
വിമാനത്തില്‍ അപമര്യാദയായി പെരുമാറിയതിന് വിമാനക്കമ്പനി പരാതി നല്‍കിയെങ്കിലും മാനസികാസ്വാസ്ഥ്യമുണ്ടെന്നതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല. വ്യാഴാഴ്ച രാവിലെ ദുബൈയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ജ്യേഷ്ഠന്‍ സമീറിനൊപ്പം നാട്ടിലേക്ക് വരുമ്പോഴാണ് ഇസ്മായില്‍ ബഹളംവെച്ചത്. തുടര്‍ന്ന് വിമാനം മുംബൈ വിമാനത്താവളത്തില്‍ ഇറക്കി ഇരുവരെയും സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫിന് കൈമാറുകയായിരുന്നു. വൈകീട്ടോടെ ഇരുവരെയും സി.ഐ.എസ്.എഫ് സഹാര്‍ പൊലീസിന് കൈമാറി.
സി.ഐ.എസ്.എഫിന്‍െറയും പൊലീസിന്‍െറയും കസ്റ്റഡിയില്‍ അക്രമാസക്തമായതിനെ തുടര്‍ന്നാണ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഗള്‍ഫില്‍വെച്ച് മാനസികാസ്വാസ്ഥ്യമുണ്ടാകുകയും അക്രമാസക്തമാകുകയും ചെയ്തതിനെ തുടര്‍ന്ന് ഇസ്മായിലിനെ സഹോദരന്‍ നാട്ടിലേക്ക് കൊണ്ടുവരുകയായിരുന്നു. ശാന്തനാകാനുള്ള മരുന്ന് നല്‍കിയ ശേഷമായിരുന്നു വ്യാഴാഴ്ച പുലര്‍ച്ചെ ഇന്‍ഡിഗോ വിമാനത്തില്‍ പുറപ്പെട്ടത്.
എന്നാല്‍, മൂന്ന് മണിക്കൂറിനുശേഷം ഇസ്മായില്‍ വീണ്ടും പ്രശ്നമുണ്ടാക്കുകയായിരുന്നു. എയര്‍ഹോസ്റ്റസുമാര്‍ ഭക്ഷണവിതരണത്തിന് ഉപയോഗിക്കുന്ന ഉന്തുവണ്ടിയില്‍ കയറി ഇരിക്കുകയും പിന്നീട് സഹയാത്രികനെ ആക്രമിക്കുകയും ചെയ്ത ഇയാള്‍ വിമാനത്തില്‍ ഭീകരരാണെന്നും അവരെ വധിച്ച് വിമാനം മോചിപ്പിക്കണമെന്നും പറയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
കരിപ്പൂരില്‍നിന്ന് ഇസ്മായിലിനെ നേരെ മലപ്പുറത്തെ മാനസികാരോഗ്യകേന്ദ്രത്തിലത്തെിക്കുകയായിരുന്നു സമീറിന്‍െറ ലക്ഷ്യം. അതിനായി ബന്ധുക്കള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.