കോഴിക്കോട്ട് കുടുംബത്തിലെ അഞ്ചുപേര്‍ക്ക് സെറിബ്രല്‍ മലേറിയ

കോഴിക്കോട്: ജില്ലയില്‍ കുടുംബത്തിലെ അഞ്ചുപേര്‍ക്ക് സെറിബ്രല്‍ മലേറിയ ബാധിച്ചതായി സ്ഥിരീകരണം. എലത്തൂര്‍ ചാപ്പവളപ്പില്‍ പൊലീസ് സ്റ്റേഷനു സമീപം മത്സ്യത്തൊഴിലാളിയായ ചെറിയപുരയില്‍ ദിവാകരന്‍ (62), ഭാര്യ വിജയമണി (52), മകള്‍ ദിവ്യ (26), ദിവ്യയുടെ മക്കളായ റിഥി (അഞ്ച്), ഷിഥി (രണ്ട്) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ദിവാകരനെയും ഭാര്യയെയും കോഴിക്കോട് ബീച്ച് ആശുപത്രിയിലും മറ്റു മൂന്നുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രോഗം നിയന്ത്രണവിധേയമാണെന്ന് ഇവരെ സന്ദര്‍ശിച്ച ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആര്‍.എല്‍. സരിത അറിയിച്ചു.
പ്ളാസ്മോഡിയം ഫാള്‍സിപാരം  എന്ന സൂക്ഷ്മാണുവാണ് സെറിബ്രല്‍ മലേറിയക്ക് കാരണമാവുന്നത്. അനോഫിലസ് പെണ്‍കൊതുക് വഴി പടരുന്ന മലേറിയ തലച്ചോറിനെ ബാധിക്കുന്ന അവസ്ഥയാണിത്. രോഗപ്രതിരോധശേഷി കുറഞ്ഞവരിലോ, രോഗം നിര്‍ണയിക്കാനും ഫലപ്രദമായി ചികിത്സ ലഭ്യമാക്കാനും വൈകുന്ന സാഹചര്യങ്ങളിലോ ആണ് സെറിബ്രല്‍ മലേറിയ ബാധിക്കുന്നത്.കടുത്ത വിറയലോടു കൂടിയ പനിയും തലവേദനയുമാണ് സെറിബ്രല്‍ മലേറിയയുടെ ലക്ഷണങ്ങള്‍. അല്‍പനേരം കഴിഞ്ഞാല്‍ വിറയല്‍ മാറി കടുത്ത ഉഷ്ണം അനുഭവപ്പെടും.
ഞായറാഴ്ചയാണ് ദിവാകരനെയും ഭാര്യയെയും കടുത്ത പനിയോടെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച  മകളെയും പേരക്കുട്ടികളെയും രാത്രി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മാതൃശിശു സംരക്ഷണകേന്ദ്രത്തിലാണ് കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുന്നത്.
രോഗം പടരുന്നത് തടയാനുള്ള തീവ്രനടപടികള്‍ സ്വീകരിച്ചതായി ഡി.എം.ഒ അറിയിച്ചു. പുതിയാപ്പ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രദേശത്ത് സര്‍വേ നടത്തി 188 പേരുടെ രക്തസാമ്പ്ള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. കൂട്ടുകുടുംബമായ ദിവാകരന്‍െറ വീട്ടിലെ മറ്റ് ആറ് അംഗങ്ങള്‍ക്ക് രക്തപരിശോധനയില്‍ മലേറിയ ബാധിച്ചിട്ടില്ളെന്ന് കണ്ടത്തെി.  ആഴം കുറഞ്ഞ കിണറുകളില്‍ രോഗം പടര്‍ത്തുന്ന കൊതുകിന്‍െറ ലാര്‍വ കണ്ടത്തെിയിട്ടുണ്ട്. ഈ കിണറുകളില്‍ ഗപ്പി മത്സ്യത്തെ ഇടും.
രോഗം പരത്തുന്ന കൊതുകിനെ തുരത്തുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് എലത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത് ഇന്‍സ്പെക്ടര്‍ കെ.പി. തങ്കരാജ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.