തിരുവനന്തപുരം: 10000 വര്‍ഷത്തെ കലണ്ടര്‍ മനഃപാഠം, ഇക്കാലയളവിലെ ഏത് തീയതി ചോദിച്ചാലും രണ്ട് സെക്കന്‍ഡിനുള്ളില്‍ ദിവസം ഏതെന്ന് കിറുകൃത്യമായ മറുപടി, കാഴ്ചശക്തി പൂര്‍ണമായും കേള്‍വിയും സംസാരശേഷിയും ഭാഗികമായും ഇല്ളെങ്കിലും വിസ്മയം ജനപ്പിക്കുന്ന ഈ അപൂര്‍വ ശേഷി പ്രശാന്തിനെ കൈപിടിച്ച് കയറ്റിയത് ഇന്ത്യ ബുക് ഓഫ് റെക്കോഡിലേക്കാണ്. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍െറ സാന്നിധ്യത്തില്‍ ഹോട്ടല്‍ എസ്.പി ഗ്രാന്‍ഡ് ഡെയ്സിലായിരുന്നു റെക്കോഡിനായുള്ള ഈ അതിശയ പ്രകടനം.
1567 മേയ് 30, 2467 നവംബര്‍ 23 തുടങ്ങി 10 തീയതികളാണ് ഓര്‍മശക്തി പരീക്ഷിക്കാന്‍ നല്‍കിയത്. ഓരോ ചോദ്യത്തിനും 30 സെക്കന്‍ഡ് സമയവും അനുവദിച്ചിരുന്നു.
തീയതി പറഞ്ഞ് കഴിയും മുമ്പുതന്നെ ആഴ്ച കൃത്യമായി പ്രശാന്ത് ബോര്‍ഡിലെഴുതി. 10 തീയതികളും പൂര്‍ത്തിയാക്കിയ ശേഷമാണ് എല്ലാ ഉത്തരങ്ങളും ശരിയാണെന്ന് ഇന്ത്യ ബുക് ഓഫ് റെക്കോഡ് അധികൃതര്‍ പ്രഖ്യാപിച്ചത്. നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് പ്രശാന്തിനെ എതിരേറ്റത്.
കരമന തളിയല്‍ സ്ട്രീറ്റ് 201ല്‍ ചന്ദ്രന്‍െറയും സുഹിതയുടെയും മകനായ പ്രശാന്തിന് ജന്മനാ കാഴ്ചശക്തിയില്ലായിരുന്നു. കേള്‍വി, സംസാരം എന്നിവ 55 ശതമാനവും.
പുറമേ ഹൃദയ-നാഡീ സംബന്ധമായ രോഗങ്ങളും. ഈ വെല്ലുവിളികള്‍ക്കിടയിലാണ് ഈ 19കാരന്‍ സാധാരണ ഗതിയില്‍ അസാധ്യമായ നേട്ടങ്ങള്‍ സ്വന്തമാക്കുന്നത്. 01.01.0001 മുതല്‍ 01.01.10000 വരെയുള്ള 3650000 ദിവസങ്ങളാണ് പ്രശാന്ത് ഹൃദിസ്ഥമാക്കിയിട്ടുള്ളത്.
മാതാപിതാക്കള്‍ സമ്മാനമായി നല്‍കിയ പ്ളാസ്റ്റിക് അക്ഷരങ്ങളും അക്കങ്ങളുമായിരുന്നു കുട്ടിക്കാലത്തേ പ്രശാന്തിന്‍െറ കൂട്ടുകാര്‍.
ഗണിതത്തോട് താല്‍പര്യവും കാണിച്ചിരുന്നു. സഹോദരി പ്രിയങ്ക സമ്മാനമായി നല്‍കിയ മൊബൈല്‍ ഫോണില്‍ 150 വര്‍ഷത്തെ കലണ്ടറില്‍നിന്നായിരുന്നു തുടക്കം. ഒന്നുരണ്ട് ദിവസം കൊണ്ട് തന്നെ അത് പൂര്‍ണമായും മനഃപാഠമാക്കി. തുടര്‍ന്ന് ഇന്‍റര്‍നെറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുത്ത 10000 വര്‍ഷത്തെ കലണ്ടറിലായി ശ്രദ്ധ.
വളരെ വേഗത്തില്‍ അതും മനഃപാഠമാക്കി. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏതു വര്‍ഷത്തെയും കലണ്ടര്‍ നിര്‍മിക്കുകയും വിശേഷ ദിവസങ്ങളും അവധി ദിവസങ്ങളും അടയാളപ്പെടുത്തുകയും ചെയ്യും.
ഗിന്നസ് ബുക്കില്‍ ഇടംപിടിക്കുക എന്നതാണ് പ്രശാന്തിന്‍െറ അടുത്ത സ്വപ്നം.
എസ്.പി ഗ്രാന്‍ഡ് ഡെയ്സില്‍ നടന്ന ചടങ്ങ് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.
ഡോ. ജയരാജ്, വി. ജയകുമാരന്‍ നായര്‍, മന്‍മോഹന്‍ സിങ് റാവത് എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ പ്രശാന്തിന് അവാര്‍ഡും സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.