കോഴിക്കോട് മേയറായി തോട്ടത്തിൽ രവീന്ദ്രൻ ചുമതലയേറ്റു

കോഴിക്കോട്: കോഴിക്കോട് കോർപറേഷന്‍റെ 26ാമത് മേയറായി  തോട്ടത്തിൽ രവീന്ദ്രൻ ചുമതലയേറ്റു. ഇന്ന് രാവിലെ 11ന് കോർപറേഷൻ കൗൺസിൽ ഹാളിലാണ് മേയർ തെരഞ്ഞെടുപ്പ് നടന്നത്. 75 അംഗ കൗൺസിലിൽ തോട്ടത്തിൽ രവീന്ദ്രന്  46 വോട്ടിന്‍റെ ഭൂരിപക്ഷം ലഭിച്ചു. യു.ഡി.എഫ് സ്ഥാനാർഥി  അഡ്വ. പി.എം. സുരേഷ്ബാബുവിന് ഇരുപതും  ബി.ജെ.പി സ്ഥാനാർഥി എൻ. സതീഷ് കുമാറിന് ഏഴും വോട്ടാണ് ലഭിച്ചത്.

തോട്ടത്തിൽ രവീന്ദ്രൻ മേയറായി ചുമതലയേൽക്കുന്നു.
 

കോഴിക്കോട് മേയറായിരുന്ന വി.കെ.സി മമ്മദ് കോയ എം.എൽ.എ ആയ സാഹചര്യത്തിലാണ് പുതിയ മേയറെ തെരഞ്ഞെടുത്തത്. ബേപ്പൂർ മണ്ഡലത്തിൽ നിന്ന് മത്സരിക്കാനായി വി.കെ.സി മേയർസ്ഥാനവും കൗൺസിൽ അംഗത്വവും രാജിവെച്ചിരുന്നു. തോട്ടത്തിൽ രവീന്ദ്രനെ മേയർ സ്ഥാനാർഥിയാക്കാൻ ബുധനാഴ്ച ചേർന്ന ഇടതുമുന്നണി കൗൺസിൽ പാർട്ടി യോഗം തീരുമാനിച്ചിരുന്നു.

നഗരത്തിലെ കല–സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമാണ് 69 കാരനായ രവീന്ദ്രൻ. 2000–05 കാലത്താണ് ഇദ്ദേഹം നേരത്തേ മേയറായത്.  1998ൽ മേയറായിരുന്ന എ.കെ. പ്രേമജം എം.പിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ രണ്ടു മാസക്കാലം മേയറായിരുന്നിട്ടുണ്ട്. 2007–11 കാലഘട്ടത്തിൽ  ഗുരുവായൂർ ദേവസ്വം ബോർഡ്  ചെയർമാനായിരുന്നു. അഞ്ചാം തവണയാണ് കോർപറേഷൻ ഭരണസമിതി അംഗമാകുന്നത്.  ഭാര്യ: പെരിന്തൽമണ്ണ തച്ചിങ്ങനാടം കൃഷ്ണ യു.പി സ്കൂൾ അധ്യാപിക വത്സല. മക്കൾ: വിഷ്ണു(ബി.എസ്സി കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി, വെള്ളിമാട്കുന്ന് ജെ.ഡി.ടി. ഇസ്ലാം കോളജ്), ലക്ഷ്മി (ഗവ. ലോ കോളജ്, കോഴിക്കോട്).

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.