ഖുര്‍ആന്‍ പിറന്ന മാസം

ഇന്നറിയപ്പെടുന്ന പല അറബി മാസങ്ങളുടെ പേരുകളും മുഹമ്മദ് നബിയുടെ (സ) നിയോഗത്തിന് മുമ്പുതന്നെ അറബികള്‍ ഉപയോഗിച്ചിരുന്നതായി കാണാം. റമദാന്‍ അത്തരത്തിലൊരു മാസമാണ്. നബിയുടെ (സ) അഞ്ചാമത്തെ പിതാമഹന്‍ കിലാബ് ബിന്‍ മുര്‍റയാണ് റമദാന്‍ എന്ന് വര്‍ഷത്തിലെ ഒമ്പതാം മാസത്തിന് പേരിട്ടത് എന്ന് ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു.

നബിയുടെ (സ) നിയോഗത്തിനുമുമ്പ് റമദാന്‍ മാസം മറ്റു മാസങ്ങളെപ്പോലെ സാധാരണ ഒരു മാസമായിട്ടായിരുന്നു അറബികള്‍ പരിഗണിച്ചിരുന്നത്. എന്നാല്‍, നബിയുടെ (സ) നിയോഗത്തേടെ ചിത്രം മാറി. റമദാന്‍ മാസത്തിലാണ് വിശുദ്ധ ഖുര്‍ആനിന്‍െറ അവതരണം ആരംഭിക്കുന്നത്. അതോടുകൂടിയാണ് മുഹമ്മദ് പ്രവാചകനായി നിയോഗിക്കപ്പെടുന്നതും. റമദാനെ സാധാരണ നോമ്പിന്‍െറ മാസമായിട്ടാണ് പരിചയപ്പെടുത്താറുള്ളത്. എന്നാല്‍, അല്ലാഹു റമദാന്‍ മാസത്തെ പരിചയപ്പെടുത്തുന്നത് ഖുര്‍ആനിന്‍െറ മാസമായിട്ടാണ്. മറ്റു 11 മാസങ്ങളില്‍നിന്നും റമദാന്‍ മാസത്തെ വ്യതിരിക്തമാക്കി നിര്‍ത്തുന്നത് ഖുര്‍ആനിന്‍െറ അവതരണമാണ് എന്ന് അല്ലാഹു സാക്ഷ്യപ്പെടുത്തുന്നു.

ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായും മാര്‍ഗദര്‍ശനത്തിന്‍െറ തെളിവുകളായും സത്യാസത്യവിവേചനമായും ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാണ് റമദാന്‍ (വി. ഖുര്‍ആന്‍ 2:185). ഖുര്‍ആന്‍ അവതരണത്തിന്‍െറ ഒരു മാസം നീണ്ടുനില്‍ക്കുന്ന വാര്‍ഷികാഘോഷമാണ് റമദാനില്‍ നടക്കുന്നത്. ഖുര്‍ആന്‍ ലഭിച്ചതിന്‍െറ നന്ദി പ്രകടനമാണ് സത്യവിശ്വാസി റമദാനിലൂടെ നോമ്പനുഷ്ഠിച്ചുകൊണ്ട് പ്രകടിപ്പിക്കുന്നത്. ഖുര്‍ആനിന്‍െറ അവതരണം കൊണ്ട് അനുഗൃഹീതമായ ഈ മാസത്തിന് സാക്ഷ്യം വഹിക്കാന്‍ നിങ്ങള്‍ക്കാര്‍ക്കെങ്കിലും ഭാഗ്യമുണ്ടായാല്‍ അവന്‍ ആ മാസത്തില്‍ നോമ്പനുഷ്ഠിക്കട്ടെ എന്നാണ് അല്ലാഹു ആ സൂക്തത്തില്‍ തുടര്‍ന്ന് പറയുന്നത്.

ആ സൂക്തം അവസാനിക്കുന്നതാകട്ടെ അങ്ങനെ നിങ്ങള്‍ക്ക് നന്ദി കാണിക്കാം എന്ന് പറഞ്ഞുകൊണ്ടാണ്. (വി. ഖുര്‍ആന്‍ 2:185). അപ്പോള്‍ ഖുര്‍ആനില്ലാതെ റമദാനില്ല. ഖുര്‍ആനിനെ കുറിച്ച ചില ചിന്തകളും ഓര്‍മപ്പെടുത്തലുകളും പങ്കുവെച്ചുകൊണ്ട് നമുക്ക് ഈ റമദാന്‍ ധന്യമാക്കാന്‍ ശ്രമിക്കാം.

സമ്പാദനം: ഫൈസല്‍ മഞ്ചേരി

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.