ഖുര്‍ആന്‍ വായിക്കേണ്ടതെങ്ങനെ?

ഖുര്‍ആന്‍ എന്ന പേരുതന്നെ സൂചിപ്പിക്കുന്നത് വായനയാണ്. വായിക്കുക എന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് അല്ലാഹു മുഹമ്മദ് നബിയിലൂടെ മനുഷ്യനോട് സംസാരിക്കാന്‍ തുടങ്ങിയത്. അതായത്, അല്ലാഹുവിന്‍െറ ആദ്യത്തെ കല്‍പനതന്നെ വായിക്കുക എന്നതായിരുന്നു എന്നര്‍ഥം. ഖുര്‍ആന്‍ ഏറ്റവുമധികം വായിക്കപ്പെടുന്നത് റമദാന്‍ മാസത്തിലാണ്. പക്ഷേ, പലരും അര്‍ഥമറിയാത്ത കേവല വായനയാണ് നടത്തുന്നത്. ഒരു പക്ഷേ, അര്‍ഥം മനസ്സിലാക്കാതെ നിരന്തരം പാരായണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഏക ഗ്രന്ഥം വിശുദ്ധ ഖുര്‍ആന്‍ മാത്രമായിരിക്കും.

മനുഷ്യന്‍െറ ജീവിതയാത്രയിലെ ഗൈഡാണ് ഖുര്‍ആന്‍. യാത്രാഗൈഡ് കിട്ടാത്തവനും കിട്ടിയിട്ട് വായിച്ച് മനസ്സിലാക്കാത്തവനും വഴിതെറ്റുമെന്ന കാര്യത്തില്‍ സംശയമില്ല. ഖുര്‍ആന്‍ അല്ലാഹു മനുഷ്യന് നല്‍കിയ വെളിച്ചമാണ്. ലോകം മുഴുവന്‍ പ്രഭാപൂരിതമാക്കാന്‍ കെല്‍പുള്ള ദിവ്യപ്രകാശം. ‘അല്ലാഹുവില്‍നിന്നുള്ള വെളിച്ചവും വ്യക്തമായ ഗ്രന്ഥവും നിങ്ങള്‍ക്കിതാ വന്നുകിട്ടിയിരിക്കുന്നു. (വിശുദ്ധ ഖുര്‍ആന്‍ 5:15). പക്ഷേ, ദിവ്യപ്രകാശത്തിന്‍െറ തെളിച്ചമുള്ള ഈ പൊന്‍വിളക്ക് തെളിയിക്കാന്‍ അതിന്‍െറ വാഹകര്‍ക്കുതന്നെ അറിയില്ല എന്നുവരുന്നത് തികച്ചും അപമാനകരമാണ്.

അല്ലാഹു നമുക്ക് നല്‍കിയ ജീവിത വഴികാട്ടിയാണ് വിശുദ്ധ ഖുര്‍ആനെങ്കില്‍ അത് മനസ്സിലാക്കാതിരിക്കാന്‍ എന്തുണ്ട് ന്യായം? നമ്മുടെ മാതൃഭാഷയിലടക്കം നിരവധി പരിഭാഷകള്‍ ലഭ്യമായിരിക്കെ വിശേഷിച്ചും. നമ്മുടെ വിജയവും പരാജയവും അതിനെ അടിസ്ഥാനമാക്കിയാണെങ്കില്‍ അത് മനസ്സിലാകാതെ എങ്ങനെ നമുക്ക് വിജയം സാധ്യമാകും? രോഗത്തിന് ഡോക്ടര്‍ കുറിച്ചുതന്ന കുറിപ്പടി അര്‍ഥമറിയാതെ രാവിലെയും ഉച്ചക്കും വൈകുന്നേരവും ഉരുവിട്ടാല്‍ രോഗം മാറുമോ? ഒരിക്കലുമില്ല. വേദം ലഭിച്ചിട്ടും അത് മനസ്സിലാക്കുകയോ ഉള്‍ക്കൊള്ളുകയോ ചെയ്യാത്തവരെ അല്ലാഹു ഗ്രന്ഥം ചുമക്കുന്ന കഴുതകളോടുപമിച്ചതായി കാണാം.

തൗറാത്തിന്‍െറ വാഹകരാവുകയും എന്നിട്ടത് ശരിയായ രീതിയില്‍ വഹിക്കാതിരിക്കുകയും ചെയ്തവരുടെ ഉപമിയതാ. ‘ഗ്രന്ഥക്കെട്ടുകള്‍ പേറുന്ന കഴുതയെപ്പോലെയാണവര്‍ (വി.ഖുര്‍ആന്‍ 62:5). ഖുര്‍ആനിന്‍െറ അകത്ത് പ്രവേശിക്കാതെ പുറത്തുകൂടി ഉലാത്തിയതുകൊണ്ട് കാര്യമില്ല. ‘അവര്‍ ഖുര്‍ആന്‍ ആഴത്തില്‍ ചിന്തിച്ച് മനസ്സിലാക്കുന്നില്ളേ, അതോ അവരുടെ ഹൃദയങ്ങള്‍ താഴിട്ട് പൂട്ടിയിട്ടുണ്ടോ?’ (വി.ഖുര്‍ആന്‍ 47:24) എന്നാണ് അല്ലാഹു ഇത്തരക്കാരോട് ചോദിക്കുന്നത്. വിശുദ്ധ ഖുര്‍ആനിന്‍െറ അവതരണംകൊണ്ട് ശ്രദ്ധേയമായ റമദാനില്‍ ഖുര്‍ആന്‍ അര്‍ഥസഹിതം വായിക്കാനും പഠിക്കാനും സന്നദ്ധമാവുക. അതാണ് റമദാനിന്‍െറ ഏറ്റവും പ്രസക്തമായ സന്ദേശം.

സമ്പാദനം: ഫൈസല്‍ മഞ്ചേരി

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.