തോമസ് ചാണ്ടിയുടെ മന്ത്രിമോഹം പൊളിച്ച് ശരദ്പവാർ

കോഴിക്കോട്: കേരള സർക്കാരിൽ എൻ സി പി പ്രതിനിധിയായി എ കെ ശശീന്ദ്രൻ അഞ്ചു വർഷവും തുടരുമെന്ന് ദേശീയ അധ്യക്ഷൻ ശരദ് പവാർ പ്രഖ്യാപിച്ചതോടെ പാർട്ടിയുടെ രണ്ടാമത്തെ എം.എൽ.എ  തോമസ്‌ ചാണ്ടിയുടെ മന്ത്രിമോഹം കൂമ്പടഞ്ഞു, എൻ.സി.പി സ്ഥാപക ദിനത്തിൽ ഒരു മലയാള ചാനലിനു നൽകിയ അഭിമുഖത്തിലാണ് രണ്ടര വർഷം വീതം മന്ത്രിസ്ഥാനം വീതം വെക്കാനുള്ള യാതൊരു പദ്ധതിയും പാർട്ടിയിൽ ഇല്ലെന്നു പവാർ പറഞ്ഞത്. അങ്ങിനെ ആർക്കും ഉറപ്പു കൊടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട് ജില്ലയിലെ എലത്തൂർ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ശശീന്ദ്രൻ ഇടതു സർക്കാർ വന്നാൽ  മന്ത്രിയാകുമെന്ന് നേരത്തെ സൂചന ഉണ്ടായിരുന്നു. കുട്ടനാട് മണ്ഡലത്തിൽ ജയിച്ച തോമസ്‌ ചാണ്ടിയും മന്ത്രി പദത്തിന് അവകാശ വാദം ഉന്നയിച്ചതിനാൽ കേരളത്തിൽ ഇക്കാര്യം തീരുമാനിക്കാതെ പവാറിന് വിടേണ്ടി വന്നു. തെരഞ്ഞെടുപ്പു കാലത്ത് താൻ ജയിച്ചാൽ മന്ത്രി ആകുമെന്ന് തോമസ്‌ ചാണ്ടി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. വകുപ്പും അദ്ദേഹം തന്നെ തീരുമാനിച്ചു. ജലവിഭവം. ശുദ്ധജല ക്ഷാമം ഏറ്റവും അനുഭവിക്കുന്ന സ്ഥലത്തെ എം എൽ എ ആയതിനാലാണ് ജലവകുപ്പ് മന്ത്രി ആകുന്നതെന്നും ചാണ്ടി വെളിപ്പെടുത്തിയിരുന്നു.

പാർട്ടിയുടെ മന്ത്രിയെ തീരുമാനിക്കാൻ സംസ്ഥാന നേതാക്കൾ യോഗം ചേർന്നപ്പോൾ ചാണ്ടിക്ക് വേണ്ടി വാദിക്കാൻ ആളുണ്ടായി. തുടർന്ന് മന്ത്രിയായി ശശീന്ദ്രനെ ദേശീയ നേതൃത്വം തീരുമാനിച്ചപ്പോൾ രണ്ടര കൊല്ലം വീതംമന്ത്രിപദം  പങ്കിടുമെന്നു  മാധ്യമങ്ങളിൽ വാർത്ത വന്നു. ഇങ്ങനെയൊരു തീരുമാനം ഇല്ലെന്നാണ് ശരദ്പവാർ വെളിപ്പെടുത്തിയത്. ശശീന്ദ്രൻ സ്ഥാനമേറ്റ ശേഷം ഈയിടെ വിദേശത്ത് വെച്ചും രണ്ടര കൊല്ലം കഴിഞ്ഞാൽ താനാണ് മന്ത്രിയെന്നു ചാണ്ടി അവകാശപ്പെട്ടിരുന്നു. കേരള നിയമസഭയിലെ ഏറ്റവും വലിയ സമ്പന്നനായ  തോമസ്‌ ചാണ്ടി. എൻ സി പി നിയമസഭാ കക്ഷി നേതാവാണ് .

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.