പുതുജീവിതത്തിനുള്ള പ്രതിജ്ഞ

ജാതിമത ഭേദമെന്യേ, വര്‍ണ വര്‍ഗ വിവേചനമില്ലാതെ സാര്‍വലൗകികമായി മനുഷ്യന്‍ അനുഭവിച്ചറിയേണ്ട വിശപ്പെന്ന മഹാസത്യം എല്ലാ വിശ്വാസിയെയും അനുഭവിപ്പിക്കുകയാണ് വിശുദ്ധ റമദാന്‍. എല്ലാതരം സമ്പദ് സമൃദ്ധിക്കിടയിലും മനുഷ്യന്‍ അശേഷം ദുര്‍ബലനാണെന്നും പ്രപഞ്ചനാഥന്‍െറ സഹായം അനിവാര്യമാണെന്നും ബോധ്യപ്പെടുത്തുന്ന മാസം കൂടിയാണത്.

എന്നാല്‍, കേവലം വിശപ്പല്ല നോമ്പ്. അല്ലാഹുവിന് അത് ആവശ്യമില്ലതാനും. മറ്റെല്ലാ ആരാധനകളെയുംപോലെ ആത്മസംസ്കരണമാണ് നോമ്പിന്‍െറ ആത്മാവ്. ദൈവഭയമാണ് ലക്ഷ്യം.  ഖുര്‍ആന്‍ നോമ്പിനെ പരിചയപ്പെടുത്തുന്നതും അങ്ങനെയാണ്.  ആയുസ്സിന്‍െറ പ്രയാണത്തില്‍ മനുഷ്യന്‍ അറിഞ്ഞും അറിയാതെയും ചെയ്തുപോയ പാപങ്ങളെയോര്‍ത്ത് വിലപിക്കാനും വിചിന്തനം നടത്താനും പുതിയൊരു ജീവിതത്തിനു പ്രതിജ്ഞ പുതുക്കാനും ഓരോ റമദാനും മനുഷ്യനെ സജ്ജമാക്കുമ്പോഴാണ് നോമ്പിന്‍െറ ലക്ഷ്യം നിറവേറുന്നത്. അതിനുവേണ്ടിയാണ് അല്ലാഹു തൗബയുടെ വാതായനങ്ങള്‍ വിശുദ്ധി പൂക്കുന്ന ഈ മാസത്തിന്‍െറ ദിനരാത്രങ്ങളില്‍ മലര്‍ക്കെ തുറന്നിടുന്നത്.

 ആയിരം രാത്രിയെക്കാള്‍ പുണ്യമുള്ള രാത്രികൊണ്ട് ഈ വിശുദ്ധ മാസത്തെ ധന്യമാക്കിയതും വിശ്വാസികള്‍ക്കുള്ള സുവര്‍ണാവസരമാണ്. ഭൂമി ലോകത്തുള്ള സകല മനുഷ്യര്‍ക്കും സല്‍പാന്ഥാവ് കാണിക്കാന്‍ ഖുര്‍ആന്‍ അവതീര്‍ണമായതും ഈ മാസത്തിലാണ്. നന്മയുടെയും തിന്മയുടെയും അതിര്‍വരമ്പുകള്‍ നേര്‍ത്തുപോകുന്ന ഈ കാലത്തും നന്മയും തിന്മയും സമമല്ളെന്നും അന്തിമ വിജയം നന്മയുടെ പക്ഷത്തിനാണെന്നും ഖുര്‍ആന്‍ സുവ്യക്തമായി വരച്ചുകാണിക്കുന്നു.

അന്യായമായ കൊലപാതകവും അനാശാസ്യവും ഖുര്‍ആന്‍ വിലക്കുന്നു. അസഹിഷ്ണുതയും അഹങ്കാരവും അന്യായവും അക്രമവും വഞ്ചനയും നിരോധിക്കുന്നു. അപരനെ ബഹുമാനിക്കാനും ആദരിക്കാനും അവകാശങ്ങള്‍ വകവെച്ചു കൊടുക്കാനും അനുശാസിക്കുന്നു. ആശയസമ്പുഷ്ടമായ ഖുര്‍ആനികാധ്യാപനങ്ങളിലൂടെ കൂടുതല്‍ കൂടുതല്‍ കടന്നുപോകാന്‍ ഈ വിശുദ്ധ മാസം ഉപയോഗിക്കേണ്ടതുണ്ട്. വ്യക്തിതലം വിട്ട് സമൂഹം എന്ന വിശാല കാഴ്ചപ്പാടിലേക്ക് മനുഷ്യനെ നയിക്കുന്ന പരിശീലനം കൂടിയാണ് റമദാന്‍. ഒറ്റക്ക് ചെയ്യുന്ന ഓരോ പ്രവൃത്തിയും കൂട്ടായി ചെയ്ത് അനേകായിരം മടങ്ങ് പ്രതിഫലം നേടാന്‍ റമദാന്‍ അവസരമൊരുക്കുന്നു. അഞ്ച് നേരത്തെ നമസ്കാരവും തറാവീഹും ഇഫ്താര്‍മീറ്റുകളുമെല്ലാം സഹജനങ്ങളോടൊപ്പമുള്ള സഹവാസവേളകളാണ്. വിശപ്പിലൂടെ അല്ലാഹുവിന്‍െറ അനുഗ്രഹങ്ങള്‍ സഹജനങ്ങള്‍ക്കുകൂടി പങ്കുവെക്കാനുള്ളതാണെന്ന് ഉള്‍ക്കൊള്ളാന്‍ നോമ്പ് മനുഷ്യനെ പ്രാപ്തമാക്കുന്നു.  

എന്നാല്‍, റമദാന്‍െറ സുഗന്ധം ഒരു മാസംകൊണ്ട് അവസാനിക്കേണ്ടതല്ല. വര്‍ഷം മുഴുവന്‍ വിശ്വാസിയുടെ ഹൃദയത്തിലും ജീവിതത്തിലും റമദാന്‍ നല്‍കിയ ആത്മീയോത്കര്‍ഷം നിലനിര്‍ത്തണം. അതിന്‍െറ സുഗന്ധം ജീവിതയാത്രയിലുടനീളം പ്രതിഫലിക്കണം.  രണ്ടു മാസം മുമ്പുതന്നെ പ്രാര്‍ഥനാമനസ്സുമായി റമദാനുവേണ്ടിയുള്ള കാത്തിരിപ്പ് ആരംഭിക്കുന്നതും     നോമ്പ് വരുന്നു എന്ന് കേള്‍ക്കുമ്പോഴേക്കുതന്നെ വിശ്വാസിയുടെ ഹൃദയം തുടിക്കുന്നതും അതുകൊണ്ടാണ്. ആ സന്തോഷം ഈമാനിന്‍െറ ഭാഗമാണെന്ന് തിരുദൂതരുടെ തിരുമൊഴിയുമുണ്ട്.

നോമ്പ് മാസത്തിലൂടെ  കടന്നുപോയിട്ടും പാപങ്ങളൊന്നും പൊറുക്കപ്പെടാതെ പോകുന്നവന്‍ ഹതഭാഗ്യനും അല്ലാഹുവിന്‍െറ അനുഗ്രഹത്തില്‍ നിന്ന് അകറ്റപ്പെട്ടവനുമാണെന്ന് ജിബ്രീല്‍ മാലാഖയുടെ പ്രാര്‍ഥനയിലൂടെ വിശ്വാസികള്‍ കേട്ടതാണ്. പാപമുക്തമായ ഹൃദയം തന്ന്, നന്മ പൂക്കുന്ന ജീവിതം തന്ന് ഈ പുണ്യമാസത്തില്‍ അല്ലാഹു അനുഗ്രഹിക്കട്ടെ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.