മക്കയിലെ കള്ളനോട്ട് വേട്ടയില്‍ പിടിയിലായത് മലയാളികള്‍


മക്ക: കഴിഞ്ഞ ദിവസം മക്കയില്‍ ഒരുലക്ഷത്തിലേറെ അമേരിക്കന്‍ ഡോളറിന്‍െറ കള്ളനോട്ടുമായി പിടിയിലായത് മലപ്പുറം സ്വദേശികളായ രണ്ടുപേര്‍. മലപ്പുറം കൂമണ്ണ, കിഴിശ്ശേരി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായത്. ജിദ്ദയില്‍ താമസിക്കുന്ന ഇവര്‍ മക്കയില്‍ കള്ളനോട്ട് ഇടപാടുകാരന് കൈമാറുമ്പോഴാണ് കൈയോടെ പിടിയിലായത്. ഒരു മാസത്തിലേറെയായി രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ നിരീക്ഷണത്തിലായിരുന്നു സംഘം.
പിടിയിലായ ശേഷം ഇവര്‍ താമസിച്ച വീട് റെയ്ഡ് ചെയ്ത പൊലീസ് സംഘം കള്ളനോട്ട് ശേഖരം കണ്ടുകെട്ടുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് മക്കയില്‍ രണ്ട് ഇന്ത്യക്കാര്‍ പിടിയിലായതായി ‘ഗള്‍ഫ്് മാധ്യമം’ കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു. കസ്റ്റഡിയിലായവരെ കുറിച്ച് ഒരു വിവരവും ഇല്ലാത്തതിനാല്‍ വീട്ടുകാര്‍ സൗദിയിലെ സുഹൃത്തുക്കളെയും മറ്റും ബന്ധപ്പെട്ടിരുന്നു.
സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ജിദ്ദയിലെ ജയിലുകളിലും മറ്റും അന്വേഷണം നടത്തുന്നതിനിടെയാണ് മക്കയിലെ കുറ്റാന്വേഷണ വിഭാഗത്തിന്‍െറ കസ്റ്റഡിയിലുണ്ടെന്നും കള്ളനോട്ട് കേസില്‍ പിടിയിലായത് മലയാളികളാണെന്നും അറിയുന്നത്. സാമൂഹിക പ്രവര്‍ത്തകനായ തമ്പി എടക്കരയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരെ കുറിച്ച വിവരം ലഭിച്ചത്.
ജിദ്ദയിലെ അഫ്്ഗാനിയായ ഏജന്‍റാണത്രേ ഇവര്‍ക്ക് പണം കൈമാറിയതത്രേ. വ്യാജ കറന്‍സിയുടെ വ്യാപനം തടയാന്‍ രൂപവത്കരിച്ച പ്രത്യേകസംഘമാണ് നടപടിയെടുത്തത്. സൗദി വിപണിയില്‍ വന്‍തോതില്‍ കള്ളനോട്ട് ഒഴുക്കാനുള്ള ആസൂത്രിത ശ്രമമാണ് തകര്‍ത്തത്. റമദാന്‍ പ്രമാണിച്ച് കള്ളനോട്ട് പ്രചരിപ്പിക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്നും പൊലീസ് പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.