ട്രെയിന്‍ യാത്രികര്‍ക്ക് നോമ്പുകഞ്ഞി വിളമ്പി ദാറുല്‍ ഉലൂം ഇസ്ലാമിയ പ്രവര്‍ത്തകര്‍

ഓച്ചിറ: ഓച്ചിറയില്‍ സ്റ്റോപ്പുള്ള ട്രെയിനിലെ യാത്രക്കാരെ സംബന്ധിച്ചിടത്തോളം നോമ്പു മുറിക്കാന്‍ ആശങ്കയില്ല. കാരണം, ഇവിടെ നിര്‍ത്തുന്ന ട്രെയിനുകളിലെ മുഴുവന്‍ യാത്രക്കാര്‍ക്കും നോമ്പുകഞ്ഞി ഉറപ്പാക്കുകയാണ് ഓച്ചിറ ദാറുല്‍ ഉലൂം ഇസ്ലാമിയ പ്രവര്‍ത്തകര്‍. ട്രെയിന്‍ വന്നുനില്‍ക്കുമ്പോള്‍ കഞ്ഞിവിതരണം തുടങ്ങും. അലൂമിനിയം കണ്ടെയ്നറിലാണ് കഞ്ഞി തയറാക്കിവെക്കുന്നത്. വൈകീട്ട് മൂന്ന് ട്രെയിനുകള്‍ക്കാണ് ഇവിടെ സ്റ്റോപ്പുള്ളത്. കൊല്ലം പാസഞ്ചര്‍, കോട്ടയം വഴിയും ആലപ്പുഴ വഴിയുമുള്ള മെമുകളും. കഞ്ഞിയുമായി നേരത്തേ പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തും.

നോമ്പുകാര്‍ മാത്രമല്ല, മറ്റുള്ളവരും കഞ്ഞി വാങ്ങുന്നുണ്ട്. ദിവസം ഇരുന്നൂറിലേറെ യാത്രക്കാര്‍ക്കാണ് കഞ്ഞി നല്‍കുന്നത്. പുറമെ, ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കഞ്ഞി എത്തിക്കുന്നു. ഓച്ചിറ ദാറുല്‍ ഉലൂം ഇസ്ലാമിയയുടെ പരിസരത്തുള്ളവര്‍ക്ക് നോമ്പുതുറക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

അന്നം അമൂല്യമാണെന്നും അത് പാഴാക്കാതെ ആവശ്യക്കാരുടെ കരങ്ങളിലത്തെിക്കലാണ് ഏറെ പുണ്യമെന്നുമാണ് കഞ്ഞി വിതരണത്തിന് തുടക്കമിട്ട് ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ് വര്‍ക്കിങ് കമ്മിറ്റി അംഗം അബ്ദുശ്ശുക്കൂര്‍ ഖാസിമി പറഞ്ഞത്. നോമ്പുതുറക്കാന്‍ വഴിയരികിലെ മസ്ജിദുകളിലും ഇതരസ്ഥാപനങ്ങളിലും ആഹാരം വിളമ്പുന്നവര്‍ എല്ലാ മനുഷ്യരെയും പരിഗണിക്കണം. ഇത്തരം പ്രവൃത്തികളിലൂടെ വെറുപ്പിന്‍െറയും വിദ്വേഷത്തിന്‍െറയും തോത് കുറക്കാനും പരിഹാരം കാണാനും നോമ്പ് പഠിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.