മുറിവ് മുടക്കിയ ആദ്യ നോമ്പ്

ആറ്റുനോറ്റെടുത്ത കുട്ടിക്കാലത്തെ ആദ്യനോമ്പ് മഗ്രിബ് ബാങ്കിന് ഒരു മണിക്കൂര്‍ മുമ്പ് മുറിക്കേണ്ടിവരുക. ആ സങ്കടം ഇപ്പോഴുമുണ്ട് മനസ്സില്‍. തൂതപാറലിലെ അമ്മാവന്‍െറ വീട്ടില്‍10 വയസ്സുള്ളപ്പോഴാണ് സംഭവം. മൂത്ത പൊണ്ണന്‍ വാഴക്കുല വെട്ടിയെടുക്കാന്‍ അമ്മായി എന്നെയാണ് ഏല്‍പിച്ചത്. മുളക്കമ്പില്‍ അരിവാള്‍കെട്ടി സമീപമുള്ള വാകമരത്തില്‍ പകുതിവരെ കയറി കുലയുടെ തണ്ടില്‍ കൊളുത്തിവലിച്ചു. നേരെ ഇടംകൈയിന്‍െറ കൈപ്പടത്തിലേക്ക് അരിവാളിന്‍െറ അറ്റംകൊണ്ടു. ചോര നില്‍ക്കാതെ വന്നതോടെ വെള്ളം കുടിക്കാന്‍ അമ്മായി നിര്‍ബന്ധിച്ചു. എന്നാല്‍, നോമ്പുമുറിക്കില്ളെന്ന വാശിയില്‍ ഞാനും. ഒടുവില്‍ അമ്മായിയുടെ നിര്‍ബന്ധത്തിനു വഴങ്ങി നോമ്പ് മുറിക്കേണ്ടിവന്നു. കൈക്ക് മുറിവേറ്റതിലായിരുന്നില്ല എന്‍െറ വിഷമം, നോമ്പ് മുറിക്കേണ്ടിവന്നതിലായിരുന്നു

ഏഴു വയസ്സുമുതല്‍ അരനോമ്പ് (ഉച്ചവരെ നോമ്പെടുക്കുക) എടുത്ത് ശീലിച്ചിരുന്നു. അമ്മാവന്‍െറ വീട്ടിലായിരുന്നു ചെറുപ്പകാലത്ത് കൂടുതലും താമസിച്ചിരുന്നത്. ഉമ്മയുടേത് ഒരു പണ്ഡിത കുടുംബമായിരുന്നു. വെല്ലൂരില്‍നിന്നും ബാഖവി ബിരുദമെടുത്ത ചെറിയ അമ്മാവന്‍ അബൂബക്കറിന്‍േറതടക്കമുള്ള ശിക്ഷണം മതപരമായ ചിട്ടകള്‍ ചെറുപ്പം മുതല്‍ വളര്‍ത്തിയെടുക്കാന്‍ സഹായിച്ചിട്ടുണ്ട്.

ഇപ്പോഴത്തെപ്പോലെ ആര്‍ഭാടമുള്ള നോമ്പുതുറയൊന്നും അന്നില്ല. ഒരു ഗ്ള്ളാസ് വെള്ളവും കാരക്കയും കൊണ്ടാണ് മുറിക്കുക. തരിക്കഞ്ഞിയുമുണ്ടാവും. പത്തിരിയോ കലക്കിച്ചുട്ട അപ്പമോ ആയിരിക്കും മുഖ്യവിഭവം. ഇതോടൊപ്പം ഇറച്ചിക്കറിയോ മറ്റോ ഉണ്ടാവും. തറാവീഹിനുശേഷം ഒരു പിഞ്ഞാണം ജീരകക്കഞ്ഞി. പുലര്‍ച്ചെയുള്ള ചോറിനോടൊപ്പം മുരിങ്ങയിലയോ ചുരയ്ക്കയോ ചേര്‍ത്തുള്ള കറിയുണ്ടാവും. ദഹനത്തിന് ചെറുപഴവും പഞ്ചസാരയും ഒരു സ്പൂണ്‍ നെയ്യും ചേര്‍ത്ത് കുഴച്ച് കഴിക്കുന്ന രീതി അന്നുതന്നെ ഉണ്ടായിരുന്നു. പഴയകാലത്ത് റമദാനുവേണ്ടി വീടുകളില്‍ പ്രത്യേകം ഒരുക്കമെല്ലാം ഉണ്ടായിരുന്നു. നോമ്പിലേക്ക് കണക്കാക്കി ചെറുപഴം, ചുരയ്ക്ക, മുരിങ്ങ, കപ്പ, കൂര്‍ക്കല്‍, പയര്‍ എന്നിവയെല്ലാം നട്ടുവളര്‍ത്തിയുണ്ടാക്കും. മല്ലി വറുത്തുപൊടിച്ച് അരച്ച് കൂര്‍ക്കല്‍ വെച്ചുണ്ടാക്കുന്ന കറിക്ക് ഇറച്ചിക്കറിയുടെ രുചി ഉണ്ടാവും. സ്വന്തമായി കൃഷിചെയ്തുണ്ടാക്കിയ അരി ഇടിച്ച് ഉണക്കിയാണ് പത്തിരിക്കും അപ്പത്തിനും പൊടി തയാറാക്കിയിരുന്നത്.

നേരത്തേ ഉറങ്ങി, പുലര്‍ച്ചെ നാലിനുമുമ്പ് എഴുന്നേറ്റ് തഹജ്ജുദ് നമസ്കരിച്ച് കുളിച്ചശേഷം സുബ്ഹ് നമസ്കാരത്തിന് പള്ളിയില്‍ പോകുന്നത് അമ്മാവനില്‍നിന്നാണ് ഞാന്‍ ശീലിച്ചെടുത്തത്. അതിപ്പോഴും ഒരു മുടക്കവും വരാതെ തുടരുന്നു. നോമ്പിന് പുലര്‍ച്ചെ എഴുന്നേറ്റശേഷം ഉറങ്ങുന്ന ശീലമില്ല. ഉച്ചക്കുശേഷവും ഉറങ്ങാറില്ല. ദിവസം മുഴുവന്‍ കര്‍മനിരതനാവാന്‍ ഇത് സഹായിച്ചിട്ടുണ്ട്.

പാറല്‍ ജുമുഅത്ത് പള്ളിയില്‍ അഞ്ചുവര്‍ഷത്തോളം ദര്‍സുപഠനത്തിനുശേഷം പാതിവഴിയില്‍ പഠനം അവസാനിപ്പിച്ച് കൃഷിയിലേക്ക് തിരിഞ്ഞു. പിന്നീട് എന്‍.പി. മുഹമ്മദലി മൗലവിയുടെ നേതൃത്വത്തില്‍ പറളിയില്‍ മുജാഹിദ്ദീന്‍ അറബിക് കോളജ് തുടങ്ങിയതോടെയാണ് വീണ്ടും കര്‍മരംഗത്ത് സജീവമായായത്. പറളിയില്‍ ഒരേസമയം വിദ്യാര്‍ഥിയും അധ്യാപകനുമായാണ് തുടക്കം. ആദ്യകാലത്ത് ഹോസ്റ്റല്‍ സൗകര്യമൊന്നുമില്ലാത്തതിനാല്‍ പറളിയില്‍ മണ്ണെണ്ണ സ്റ്റൗ ഉപയോഗിച്ച് അപ്പവും മറ്റും ഉണ്ടാക്കി നോമ്പുകാലം കഴിച്ചുകൂട്ടിയ പ്രയാസമേറിയ ദിനങ്ങള്‍ ഓര്‍മയിലുണ്ട്. കല്ളേക്കാട് സ്കൂളില്‍ അധ്യാപകനായിരുന്ന തിരൂര്‍ സ്വദേശി ഉസ്മാന്‍ പാചകത്തിന് സഹായിച്ചിരുന്നു. ആദ്യ പുസ്തകം വിശുദ്ധ റമദാനിനെ കുറിച്ചുള്ളതായിരുന്നു. ‘റമദാന്‍െറ പ്രത്യേകതകള്‍’ എന്നായിരുന്നു അതിന്‍െറ പേര്. പ്രഭാഷണവും യാത്രയുമായി തിരക്കായപ്പോഴും റമദാനില്‍ എല്ലാത്തില്‍നിന്നും ഒഴിഞ്ഞ് ആരാധനകളില്‍ മുഴുകാന്‍ ശ്രദ്ധിക്കാറുണ്ട്. പാലക്കാട് പട്ടാണിത്തെരുവ് മദ്റസയില്‍ സ്ത്രീകള്‍ക്കായി തറാവീഹ് നമസ്കാരത്തിന് സൗകര്യമേര്‍പ്പെടുത്തിയപ്പോള്‍ അഞ്ചുവര്‍ഷം തുടര്‍ച്ചായി ഇമാമായിനിന്നു. നമസ്കാരത്തിനുശേഷം ദീനി ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കി.

 ജീവിതസൗകര്യങ്ങളെല്ലാം വര്‍ധിച്ചപ്പോള്‍ നോമ്പുതുറക്കും മറ്റുമുള്ള ഭക്ഷണരീതിയില്‍ മാറ്റംവന്നിട്ടുണ്ട്. പഴയകാലത്തെ ലാളിത്യമായിരുന്നു നല്ലതെന്ന് തോന്നുന്നു. എന്നാല്‍, ഇന്ന് ചെറുപ്പക്കാര്‍ കൂടുതല്‍ നോമ്പെടുക്കാനും ദീനികാര്യങ്ങളില്‍ മുഴുകാനും താല്‍പര്യം കാണിക്കുന്നു. ഇത് ഗുണപരമായ മാറ്റമാണ്.

തയാറാക്കിയത്: കെ.പി. യാസിര്‍

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.