നോമ്പോണ സദ്യയിലെ കാരക്ക

മലയാളികളും മറുനാട്ടുകാരും വിദേശികളുമായ മുസ്ലിം സുഹൃത്തുക്കളുടെ കൂടെ നോമ്പുതുറക്കലിന്‍െറ ഊഷ്മളമായ ചടങ്ങില്‍ ഞാന്‍ പലതവണ പങ്കെടുത്തിട്ടുണ്ട്. ജെ.എന്‍.യുവില്‍ വിദ്യാര്‍ഥിയായിരുന്നപ്പോഴും ഡല്‍ഹിയിലെ ജാമിഅ മില്ലിയയിലുംസൗദി അറേബ്യയിലെ സര്‍വകലാശാലകളില്‍ അധ്യാപകനായിരുന്നപ്പോഴുമെല്ലാം യാഥാസ്ഥിതിക പണ്ഡിതര്‍ക്കും വ്യവസായിക തൊഴിലാളികള്‍ക്കും വിദ്യാര്‍ഥിസമൂഹത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം നിരവധിതവണ നോമ്പുതുറയില്‍ പങ്കെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശങ്ങളിലുമുള്ള ഒറ്റമുറികളിലോ വലിയ വീടുകളിലോ വന്‍സദസ്സുകളിലോവെച്ചുള്ള ഈ നോമ്പുതുറക്കെല്ലാം ഒരേ ഭാവമാണ്. ബാങ്കുവിളിക്കുന്നതോടെ വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരും ഒരേതരം കാരക്ക കഴിച്ചുകൊണ്ട് നോമ്പുതുറക്കുന്നതിലെ ലാളിത്യം, കൂടെ ഭക്ഷിക്കുന്നവരുടെ ആവശ്യം മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതിലെ സാഹോദര്യം, സദ്ചിന്തകള്‍ നിറയുന്ന സംഭാഷണത്തിലൂടെ ലഭിക്കുന്ന കുളിര്‍മ, നോമ്പുതുറക്കലിനുശേഷം നമസ്കാരത്തിനുവേണ്ടി തയാറാകുന്നതിലെ ധന്യത...

ചെറുപ്പത്തില്‍ ഞാന്‍ അധികം മുസ്ലിംകളെ കണ്ടിരുന്നില്ല. അഥവാ, കണ്ടാല്‍ തിരിച്ചറിഞ്ഞിരുന്നില്ല. ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നത് എന്‍െറ സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് സഹപാഠിയായിരുന്ന കബീറാണ്. പഠിക്കാന്‍ സമര്‍ഥനല്ലാതിരുന്ന കബീര്‍ ക്ളാസില്‍ ഇടക്ക് ഉറങ്ങുമ്പോള്‍ ടീച്ചര്‍ അവനെ വഴക്കുപറയുമായിരുന്നു. ഇതേപ്പറ്റി ഒരിക്കല്‍ ഞാന്‍ അവനോട് ചോദിച്ചപ്പോള്‍ അവന്‍ ‘നോമ്പാണ്’ എന്നു പറഞ്ഞു. ‘പിന്നേ, ഞങ്ങള്‍ക്കും നോമ്പുണ്ടല്ളേ്ളാ’ എന്നായിരുന്നു എന്‍െറ മറുപടി. കബീര്‍ ഒന്നും മിണ്ടിയില്ല. പിറ്റേന്നും പതിവുപോലെ ഉറങ്ങി, വഴക്കും കേട്ടു. ഒരുനേരം ഭക്ഷണം കുറച്ചു കഴിക്കുന്നതോ, ചില ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുന്നതോ ഒക്കെയായിരുന്നു എന്‍െറ നോമ്പ്.

സൗദി അറേബ്യയില്‍ ചെന്ന ആദ്യ വര്‍ഷം. ഒരുനോമ്പുദിവസം ഉച്ചക്ക് യൂനിവേഴ്സിറ്റിയിലെ സഹാധ്യാപകനായിരുന്ന റിയാദ് അല്‍കുദാ എന്ന ജോര്‍ഡന്‍കാരന്‍ നോമ്പുതുറക്കാന്‍ എന്നെ അദ്ദേഹത്തിന്‍െറ വീട്ടിലേക്ക് ക്ഷണിച്ചു: ‘മൈ ബ്രദര്‍, ലെറ്റസ് ബ്രേക്ക്ഫാസ്റ്റ് അറ്റ് മൈ ഹൗസ്.’ പ്രാതലിന് ഒരാളുടെ വീട്ടില്‍ അതിഥിയായി പോകുന്നത് അനൗചിത്യമല്ളേ എന്നായിരുന്നു എന്‍െറ ആദ്യ ചിന്ത. റിയാദ് ‘ഷാല്‍ വീ ഗോ അറ്റ് എബൗട്ട് ഫൈവ് ഇന്‍ ദി ഈവനിങ്?’ എന്നുകൂടി ചോദിച്ചപ്പോള്‍ പിറ്റേന്നത്തെ പ്രഭാതഭക്ഷണത്തിന് തലേന്നുതന്നെ ആള്‍ക്കാരെ ക്ഷണിച്ചുകൊണ്ടുപോകുന്നതാണോ ഇവരുടെ രീതി എന്നതായി സന്ദേഹം. നോമ്പുതുറക്കലിനെയാണ് റിയാദ് ബ്രേക്ക്ഫാസ്റ്റ് എന്ന് വിശേഷിപ്പിച്ചതെന്ന് മനസ്സിലാക്കിയപ്പോള്‍ ആ ഇംഗ്ളീഷ് അധ്യാപകന്‍െറ ഇംഗ്ളീഷ് പ്രാവീണ്യത്തെപ്പറ്റി ഉണ്ടായ സഹതാപവും ഉള്ളില്‍ ഊറി വന്ന ചിരിയും ഞാന്‍ വളരെ പണിപ്പെട്ടാണ് അടക്കിയത്.

പതിവുപോലെ രാവിലെയും ഉച്ചക്കും ഭക്ഷണവും നാലുമണിയുടെ കാപ്പി കുടിയും കഴിഞ്ഞ് വിശപ്പ് തീരെയില്ലാതെയാണ് നോമ്പുതുറക്കലിന്‍െറ ഒൗപചാരികതയില്‍ പങ്കെടുക്കാന്‍ ഞാന്‍ റിയാദിന്‍െറ വീട്ടിലത്തെിയത്. ചില മുസ്ലിം സുഹൃത്തുക്കള്‍ അവരുടെ കുട്ടികളോടൊപ്പം വന്നിരുന്നു.റിയാദിന്‍െറ ഏഴു വയസ്സുള്ള മകന്‍ മഹ്മൂദ് വരണ്ട ചുണ്ടുകളും ഒരിറ്റുവെള്ളം പോലും ഇറക്കാത്ത തൊണ്ടയുമായി എല്ലാവര്‍ക്കുമുള്ള ഭക്ഷണം കൊണ്ടുവെച്ചിട്ട് കൂട്ടത്തിലേക്ക് കടന്നിരുന്നു. അവിടെയുണ്ടായിരുന്ന ഒരൊറ്റ കുട്ടിപോലും വിശന്നു കരഞ്ഞില്ല. തികഞ്ഞ ശാന്തതയും നോമ്പുപിടിച്ചതിന്‍െറ സംതൃപ്തിയുമാണ് എല്ലാ കുട്ടികളിലും നിറഞ്ഞുനിന്നത്. ബാങ്കു വിളിച്ചതോടെ മഹ്മൂദും ഒരു കാരക്കയെടുത്ത് ‘ബിസ്മില്ലാ’ ചൊല്ലി സാവധാനം കടിച്ചുതിന്നു. നേരം പുലരുന്നതിനുമുമ്പ് കഴിച്ച ചെറുഭക്ഷണത്തിനുശേഷമുള്ള ഫാസ്റ്റ് അവന്‍ ബ്രേക്ക് ചെയ്തു. നോമ്പ് മുറിച്ചു. ഒരു ബോധോദയംപോലെ ബ്രേക്ക്ഫാസ്റ്റ് എന്ന വാക്കിന്‍െറ ശരിയായ അര്‍ഥം മനസ്സില്‍ തെളിഞ്ഞപ്പോള്‍ വീണ്ടും എനിക്ക് സഹതാപം ഇത്തവണ എന്നോടുതന്നെ തോന്നി.

എന്നാല്‍, എന്‍െറ ഏറ്റവും മനോഹരമായ നോമ്പു തുറക്കല്‍ നടന്നത് കാസര്‍കോട്ട് വെച്ചാണ്. കൃത്യമായി പറഞ്ഞാല്‍ നായന്മാര്‍മൂലയില്‍. ഓണവും നോമ്പും ഒരുമിച്ചുവന്ന വര്‍ഷം. അന്ന്, കേരളകേന്ദ്ര സര്‍വകലാശാല അവിടെ ആരംഭിച്ചു വരുന്നതേയുള്ളൂ. നൂറില്‍താഴെയുള്ള ചെറുവിദ്യാര്‍ഥി സമൂഹം. അന്ന് അവിടെയുണ്ടായിരുന്ന മുസ്ലിംകളല്ലാത്ത വിദ്യാര്‍ഥികളെല്ലാവരും ഒരുമിച്ച് തീരുമാനമെടുത്തു: ‘ഓണം ഉണ്ണുന്നെങ്കില്‍, അത് എല്ലാവരുമൊന്നിച്ച്’. അങ്ങനെ, അത്തവണ കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഓണമത്തെിയത് നോമ്പിനൊപ്പമാണ്. പ്രത്യേക വിഭവമായി ആ നോമ്പോണസദ്യക്ക് ഇലയില്‍ കാരക്കകൂടിയുണ്ടായിരുന്നു. ഹൃദയം തുളുമ്പിയ ആ ഓണനോമ്പിലും ഒരു തിരിച്ചറിവുണ്ടായി: കേരളത്തിന്‍െറ പൈതൃകം ഇവിടെ സജീവമായിത്തന്നെയുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.