നിരക്ഷര ഹൃദയത്തില്‍ പെയ്തിറങ്ങിയ ദിവ്യാമൃത്

എഴുതാനോ വായിക്കാനോ അറിയാത്ത തീര്‍ത്തും നിരക്ഷരനായ ഒരാളായിരുന്നു മുഹമ്മദ് നബി (സ). ആ നിരക്ഷര ഹൃദയമാണ് അല്ലാഹു തന്‍െറ ആയത്തുകള്‍ അവതരിപ്പിക്കാന്‍ തെരഞ്ഞെടുത്തത്. അങ്ങനെ കലര്‍പ്പില്ലാത്ത ആ നിര്‍മല ഹൃദയം ദൈവിക വേദഗ്രന്ഥത്തിന്‍െറ സ്വീകാരഭൂമിയായി മാറി. തന്‍െറ 40ാമത്തെ വയസ്സിലാണ് മുഹമ്മദ് നബിക്ക് ആദ്യമായി ദിവ്യവെളിപാട് ഉണ്ടാകുന്നത്. അന്ന് ദൈവിക വെളിപാടുമായി വന്ന ജിബ്രീല്‍ മാലാഖ ആദ്യമായി ഉറപ്പുവരുത്തിയത് മുഹമ്മദ് നബിയുടെ നിരക്ഷരതയായിരുന്നു.

വായിക്കുക എന്നതായിരുന്നു ജിബ്രീലിന്‍െറ ആദ്യ കല്‍പന. എനിക്ക് വായിക്കാനറിയില്ല എന്ന് പറഞ്ഞുകൊണ്ട് നബി തന്‍െറ നിരക്ഷരത വെളിവാക്കിയെങ്കിലും ജിബ്രീല്‍ മൂന്ന് പ്രാവശ്യം കര്‍ക്കശമായി തന്‍െറ ചോദ്യം ആവര്‍ത്തിച്ചു. നബിയുടെ ശരീരം പിടിച്ച് അമര്‍ത്തി. അങ്ങനെ നബിയുടെ നിരക്ഷരത ഉറപ്പുവരുത്തിയതിനുശേഷം മാത്രമായിരുന്നു ജിബ്രീല്‍ ആദ്യത്തെ ദൈവികസൂക്തങ്ങള്‍ ആ ഹൃദയത്തിലേക്ക് പകര്‍ന്നുനല്‍കിയത്. ‘നിരക്ഷര സമൂഹത്തില്‍ അവരില്‍നിന്നുതന്നെയുള്ള ഒരു ദൈവദൂതനെ നിയോഗിച്ചത് അല്ലാഹുവാണ്’ (വി.ഖു. 62:2). ഖുര്‍ആന്‍ മുഹമ്മദ് നബിയുടെ രചന അല്ല എന്ന് തീര്‍ച്ചയാണ്. അക്ഷരം കൂട്ടിവായിക്കാനറിയാത്ത ഒരാളില്‍നിന്ന് ഇങ്ങനെ അനുപമ സൗന്ദര്യ കാവ്യശീലുകള്‍ പ്രവഹിക്കുകയില്ലല്ളോ. അല്ലാഹു പറയുന്നു ‘ഇതിന് മുമ്പ് നീ ഒരു ഗ്രന്ഥവും വായിച്ചിട്ടില്ല, സ്വന്തം കൈകൊണ്ട് ഒന്നും എഴുതിയിട്ടുമില്ല.

അങ്ങനെയായിരുന്നുവെങ്കില്‍ ഈ അസത്യവാദികള്‍ക്ക് സംശയിക്കാമായിരുന്നു’ (വി.ഖു. 29:48). ഖുര്‍ആന്‍ ദൈവവചനമല്ളെന്നും പ്രവാചകന്‍െറ സ്വന്തം രചനയാണെന്നും വിമര്‍ശിക്കുന്നവര്‍ പണ്ടും ഇന്നുമുണ്ട്. അങ്ങനെയാണെങ്കില്‍ നബി (സ) ഒന്നാന്തരമൊരു കവിയായിരിക്കണം, അല്ളെങ്കില്‍ ഉന്നത സാഹിത്യകാരനായിരിക്കണം. അതുമല്ളെങ്കില്‍ വേദക്കാരായ ജൂതന്മാരില്‍നിന്നോ ക്രിസ്ത്യാനികളില്‍നിന്നോ വിജ്ഞാനശകലങ്ങള്‍ പെറുക്കിയെടുത്ത് കൂട്ടിച്ചേര്‍ത്ത് ഒരു ഗ്രന്ഥം ഉണ്ടാക്കിയിരിക്കണം.  മുഹമ്മദ് നബി (സ) ഒരിക്കല്‍പോലും ഏതെങ്കിലും കവിയുടെയോ സാഹിത്യകാരന്‍െറയോ അടുത്ത് പോയിട്ടില്ല. ഒരു പണ്ഡിതന്‍െറ അടുത്തുനിന്നും വിദ്യ അഭ്യസിച്ചിട്ടുമില്ല. അങ്ങനെയെങ്കില്‍ അതിന്‍െറ സ്വാധീനമാണ് എന്നെങ്കിലും പറയാമായിരുന്നു. മാത്രവുമല്ല, നിലവിലുള്ള ജൂത, ക്രൈസ്തവ വേദഗ്രന്ഥങ്ങളുമായി മൗലികമായിതന്നെ ഖുര്‍ആന്‍ വിയോജിക്കുകയും ചെയ്യുന്നു.

വിശുദ്ധ മറിയം കന്യകയായിരുന്നു എന്നതുപോലെതന്നെ പ്രധാനമാണ് മുഹമ്മദ് നബി (സ) നിരക്ഷരനായിരുന്നു എന്നതും എന്ന പ്രശസ്ത ചിന്തകനും പണ്ഡിതനുമായ സയ്യിദ് ഹുസൈന്‍ നസ്ര്‍ എഴുതിയ താരതമ്യം ചിന്തനീയമാണ്. ഇസ്ലാമില്‍ ദൈവികവചനം ഖുര്‍ആനാണ്. ക്രൈസ്തവതയില്‍ അത് ക്രിസ്തുവും. ക്രൈസ്തവതയില്‍ ദൈവികസന്ദേശം വഹിക്കുന്നത് കന്യാമറിയമാണ്. ഇസ്ലാമിലത് പ്രവാചകന്‍ തിരുമേനിയുടെ ഹൃദയമാണ്. മറിയം കന്യകയായിരിക്കണമെന്നതുപോലെ പ്രവാചകന്‍ നിരക്ഷരനുമായിരിക്കണം. ശുദ്ധവും അചുംബിതവുമായ ഫലകത്തിലേ ദൈവികസന്ദേശം രേഖപ്പെടുത്താനാവൂ. മറിയമിന്‍െറ കന്യകാത്വം അംഗീകരിക്കുന്ന ഒരാള്‍ക്ക് അതേ ശ്വാസത്തില്‍ പ്രവാചകന്‍െറ നിരക്ഷരത തള്ളിക്കളയാന്‍ പറ്റില്ല. രണ്ടും ദൈവിക വെളിപാടിന്‍െറ അതീവ ഗഹനമായ ഒരു തലമാണ് സൂചിപ്പിക്കുന്നത്. ഇത് മനസ്സിലാക്കിക്കഴിഞ്ഞാല്‍ ഒന്ന് തള്ളുകയും മറ്റൊന്ന് കൊള്ളുകയും ചെയ്യുന്ന പ്രശ്നം ഉദ്ഭവിക്കുന്നില്ല.

ഖുര്‍ആന്‍ ദൈവിക വചനമാണെന്നും താന്‍ ദൈവത്തിന്‍െറ പ്രവാചകനാണെന്നുമുള്ളതിന്‍െറ പ്രഥമ സാക്ഷ്യമായി മുഹമ്മദ് നബി (സ) സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചത് തന്‍െറ നിരക്ഷരവും നിര്‍മലവുമായ 40 വര്‍ഷത്തെ ജീവിതചരിത്രമാണ്. അല്‍അമീന്‍ അഥവാ വിശ്വസ്തന്‍ എന്നായിരുന്നു സമൂഹം അദ്ദേഹത്തെ സ്നേഹത്തോടെ വിളിച്ചിരുന്നത്. ‘പറയുക, അല്ലാഹു വിചാരിച്ചിരുന്നുവെങ്കില്‍ ഈ ഖുര്‍ആന്‍ ഞാന്‍ നിങ്ങള്‍ക്ക് വായിച്ചുതരുമായിരുന്നില്ല. ഇതിനെക്കുറിച്ച് ഞാന്‍ നിങ്ങളെ അറിയിക്കുകയുമില്ലായിരുന്നു. ഇതിനുമുമ്പ് അനേകം വര്‍ഷങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കിടയില്‍ ജീവിച്ച് കഴിച്ചുകൂട്ടിയിട്ടുണ്ടല്ളോ. നിങ്ങള്‍ ബുദ്ധി ഉപയോഗിച്ച് ചിന്തിക്കുന്നില്ളേ?!’ (വി.ഖു. 10:16).

സമ്പാദനം: ഫൈസല്‍ മഞ്ചേരി

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.