നമ്മുടെ പ്രവര്‍ത്തനങ്ങളുടെ ഏകലക്ഷ്യം അല്ലാഹുവിന്‍െറ തൃപ്തി മാത്രമായിരിക്കണം. ഒരുപാട് വലിയ സല്‍കര്‍മങ്ങള്‍ നാം പ്രവര്‍ത്തിക്കാറുണ്ട്. എന്നാല്‍, അതിന് പിറകില്‍ അല്ലാഹുവിന്‍െറ തൃപ്തിയല്ലാത്ത മറ്റേതെങ്കിലും ലക്ഷ്യമുണ്ടെങ്കില്‍ അത് പാഴായിപ്പോകും. അല്ലാഹു ഖുര്‍ആനിലും പ്രവാചകന്‍ അദ്ദേഹത്തിന്‍െറ ഹദീസുകളിലൂടെയും നമ്മെ ഉണര്‍ത്തുന്ന ഒരു കാര്യമാണിത്. നിങ്ങള്‍ അല്ലാഹുവിന്‍െറ തൃപ്തി മാത്രം ആഗ്രഹിക്കുക. അവന്‍ നല്‍കുന്ന പ്രതിഫലം മാത്രം ലക്ഷ്യംവെച്ച് ചെയ്യുന്ന കര്‍മങ്ങളാണ് അവന്‍ സ്വീകരിക്കുകയുള്ളൂ.
പ്രവാചകന്‍ മൂന്ന് ആളുകളെക്കുറിച്ച് താക്കീത് നല്‍കുന്നുണ്ട്. അവര്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചവരാണ്. പക്ഷേ, പരലോകത്ത് അവര്‍ ഉയര്‍ത്തപ്പെടുമ്പോള്‍ അവര്‍ ചോദ്യംചെയ്യപ്പെടും. ഒരാള്‍ അല്ലാഹുവിന്‍െറ മാര്‍ഗത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച രക്തസാക്ഷിയാണ്. ഭൗതികമായ അര്‍ഥത്തില്‍ അദ്ദേഹത്തേക്കാള്‍ വലിയ ത്യാഗം ചെയ്ത ആരുമുണ്ടാവുകയില്ല. നീ എന്താണ് എനിക്ക് വേണ്ടി പ്രവര്‍ത്തിച്ചത് എന്ന് അല്ലാഹു അവനോട് ചോദിക്കും. എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്‍െറ ജീവന്‍ തന്നെ ബലിയര്‍പ്പിച്ചു എന്ന് അദ്ദേഹം മറുപടി പറയും. അപ്പോള്‍ അല്ലാഹു പറയും: നീ കളവാണ് പറഞ്ഞത്. നീ ജീവന്‍ ബലിയര്‍പ്പിച്ചത് വാസ്തവത്തില്‍ എനിക്ക് വേണ്ടിയായിരുന്നില്ല. മറിച്ച്, ജനങ്ങള്‍ നിന്നെക്കുറിച്ച് ധീരനാണ് എന്ന് പറയാന്‍ വേണ്ടിയായിരുന്നു.
അതുകൊണ്ട് ആ മനുഷ്യന്‍െറ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കപ്പെടാതെ നരകത്തിലേക്ക് വലിച്ചെറിയപ്പെടും. രണ്ടാമത്തെയാള്‍ വലിയ വിജ്ഞാനിയും പണ്ഡിതനുമാണ്. അദ്ദേഹത്തോടും ചോദിക്കും നീ എന്താണ് ചെയ്തതെന്ന്. അദ്ദേഹം പറയും: അല്ലാഹുവേ, ഞാന്‍ നിന്‍െറ മാര്‍ഗത്തില്‍ വിജ്ഞാനം കരസ്ഥമാക്കി. അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കുകയും ചെയ്തു. അപ്പോള്‍, അല്ലാഹു പറഞ്ഞു: നീ കളവാണ് പറയുന്നത്. നീ ആളുകളെ പഠിപ്പിച്ചുവെന്നത് സത്യമാണ്. അത് ആളുകള്‍ നിന്നെക്കുറിച്ച് വലിയ പണ്ഡിതന്‍ എന്ന് പറയുന്നതിന് വേണ്ടിയായിരുന്നു. അയാളും നരകത്തിലേക്ക് വലിച്ചെറിയപ്പെടും. മൂന്നാമത്തെയാള്‍ തന്‍െറ സമ്പത്ത് വലിയ അളവില്‍ സല്‍കര്‍മങ്ങള്‍ക്ക് ചെലവഴിച്ച ഒൗദാര്യവാനാണ്. അദ്ദേഹം പറയും: എനിക്ക് നീ നല്‍കിയ അനുഗ്രഹത്തില്‍ നിന്ന് ഞാന്‍ ചെലവഴിച്ചിരിക്കുന്നു. അപ്പോള്‍ അല്ലാഹു പറയും: നീ ജനങ്ങള്‍ക്കിടയില്‍ ധര്‍മിഷ്ഠനാണ് ഒൗദാര്യവാനാണ് എന്ന് അറിയപ്പെടാന്‍ വേണ്ടിയാണ് ചെലവഴിച്ചത്. അത് നിനക്ക് ഇഹലോകത്ത് തന്നെ ലഭിച്ചിരിക്കുന്നു. ഇവിടെ നിനക്ക് പ്രതിഫലമില്ല.
ഇത് പ്രവാചകന്‍ പ്രതീകാത്മകമായി പറഞ്ഞതാണ്. ഒരു മനുഷ്യന്‍ നല്ലകാര്യങ്ങള്‍ ചെയ്ത് അല്ലാഹുവിന്‍െ അടുത്തത്തെുമ്പോള്‍ അതിന്‍െറ പരിണിതി ഇതാണെങ്കില്‍ അത് ഏറ്റവും വലിയ നഷ്ടമായിരിക്കും. ഒരു മനുഷ്യന് ഒരിക്കലും സഹിക്കാന്‍ കഴിയുന്ന നഷ്ടമായിരിക്കില്ല അത്. അതിനാല്‍ നാം ഭൂമിയില്‍ ചെയ്യുന്ന കാര്യങ്ങള്‍, നിഷ്കളങ്കമായി അല്ലാഹുവിന്‍െറ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ടായിരിക്കട്ടെ. റമദാനില്‍ നാം നോമ്പനുഷ്ഠിക്കുന്നു. രാത്രിയില്‍ നമസ്കരിക്കുന്നു. ഇതിന്‍െറയെല്ലാം പിന്നിലെ പ്രചോദനം അല്ലാഹുവിന്‍െറ തൃപ്തി മാത്രമായിരിക്കണം. അല്ലാതെ, എല്ലാവരും ചെയ്യുമ്പോള്‍ ഞാനും ചെയ്യുന്നു എന്ന മനോഭാവമായിരിക്കരുത്. ആരും കാണാനില്ലത്തപ്പോഴും നല്ല കാര്യങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതാണ് ഫലപ്രദമാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.