കോഴിക്കോട്: നോമ്പുതുറ വിഭവസമൃദ്ധമാക്കാന്‍ നഗരത്തിലെ ഹോട്ടലുകളും സജീവം. വ്യത്യസ്ത രുചിക്കൂട്ടുകളുടെ പാക്കേജുകളുമായാണ് നഗരത്തിലെ ചെറുതും വലുതുമായ ഹോട്ടലുകള്‍ രംഗത്തുള്ളത്. തനതായ വിഭവങ്ങള്‍ക്കുപുറമെ പുതിയ പരീക്ഷണങ്ങളും നടക്കുന്നു. വീടുകളിലും പള്ളികളിലും മാത്രം നോമ്പുതുറന്നവര്‍ ഇത്തരം ഹോട്ടലുകളും പരീക്ഷിക്കുന്നുണ്ട്. സുഹൃദ് സംഘങ്ങളും ഒരുമിച്ച് ജോലി ചെയ്യുന്നവരും കുടുംബങ്ങളുമടക്കും എല്ലാ ഹോട്ടലിലും വന്‍ തിരക്കാണ്. കുടുംബസംഗമങ്ങളും ചിലര്‍ ഇഫ്താര്‍ വിരുന്നിനൊപ്പം നടത്തുന്നുണ്ട്. മത- രാഷ്ട്രീയ -സാമൂഹിക മേഖലകളില്‍ നിന്നുള്ളവരുടെ വിരുന്നുകളും ഇത്തരം ഹോട്ടലുകളില്‍ നടക്കുന്നുണ്ട്. മിക്ക ഹോട്ടലുകളും മുന്‍കൂട്ടി ബുക് ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
കടപ്പുറത്തെ കോര്‍പറേഷന് സമീപത്തെ ‘ആദാമിന്‍െറ ചായക്കട’യെന്ന് പേരിട്ടിരിക്കുന്ന ഹോട്ടലില്‍ കോഴിക്കോടിന്‍െറ തനത് സംസ്കാരത്തെ രുചികളിലൂടെ പരിചയപ്പെടുത്തുകയാണ്. വലിയങ്ങാടിയിലെയും സമീപ പ്രദേശങ്ങളിലെയും സംസാരഭാഷ ഓരോ വിഭവത്തിനും നല്‍കി വ്യത്യസ്തമാക്കിയിരിക്കുന്നു.
സൊറമുക്ക്, സെല്‍ഫിമുക്ക് എന്ന് പേരിട്ടിരിക്കുന്ന കടയുടെ ഉള്ളിലത്തെുമ്പോള്‍ വന്നോളി, തിന്നോളി, തന്നോളി തുടങ്ങിയ പദപ്രയോഗങ്ങള്‍ കാണാം. വിഭവങ്ങളുടെ പേരുകളും ഏറെ കൗതുകമുണര്‍ത്തും. ദുനിയാവിലെ ചിക്കന്‍, കടലിന്‍െറ ബര്‍ക്കത്ത്, പത്തിരിയും കൂട്ടരും, ഉമ്മാമന്‍െറ സര്‍ബത്തുകള്‍ തുടങ്ങി ഗൃഹാതുരയെ ഓര്‍മിപ്പിക്കുന്നവയാണ് ഓരോന്നും.
കുറ്റിച്ചിറക്കാരുടെ സ്പെഷല്‍ ഐറ്റങ്ങള്‍ വേറെയും. കോഴിക്കോടിന് പുറമെയുള്ള ജില്ലകളില്‍നിന്ന് ആളുകള്‍ വരുന്നുണ്ടെന്ന് ആദാമിന്‍െറ ചായക്കട നടത്തുന്ന അനീസ് ആദം പറയുന്നു. നൈസ് പത്തിരി, തരിക്കഞ്ഞി, ചട്ടിപ്പത്തിരി, ഉന്നക്കായ, സമൂസ, വിവിധതരം ഇത്തപ്പഴങ്ങള്‍ തുടങ്ങി നഗരത്തിലെ മറ്റ് ഹോട്ടലുകളും വ്യത്യസ്തമായ വിഭവങ്ങളിലൂടെയാണ് നോമ്പുകാരെ ആകര്‍ഷിക്കുന്നത്. മാവൂര്‍ റോഡിലെ അസ്മ ഹോട്ടലില്‍ നാല് സ്നാക്സും നോണ്‍വെജ് വിഭവങ്ങളടക്കുന്ന ബുഫെക്ക് 650 രൂപയാണ് നിരക്ക്.
ദിവസവും നാലുമണിവരെ ഹോട്ടലില്‍ ബുക്കിങ് സ്വീകരിക്കും. ബാങ്ക് റോഡിലെ ഹൈസണില്‍ 165 രൂപയുടെ സ്നാക് പാക്കും 499 രൂപയുടെ ഇഫ്താര്‍ പാക്കുമുണ്ട്. പാരമൗണ്ട് ടവറില്‍ ഒരാള്‍ക്കുള്ള ഇഫ്താര്‍ കിറ്റിന് 475 രൂപയാണ്. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് 300 രൂപയും. ഗ്രില്‍ഡ് ചിക്കന്‍, മീന്‍ റോസ്റ്റ് തുടങ്ങിയവ മുഖ്യ ആകര്‍ഷണങ്ങള്‍. ഇവിടെ ഗെറ്റ് ടുഗതറുകളും നോമ്പുതുറക്കൊപ്പം സംഘടിപ്പിക്കുന്നവരുമുണ്ട്. ഈസ്റ്റ് അവന്യൂവില്‍ 120 രൂപയാണ് നോമ്പുതുറ കിറ്റിന്. 349 രൂപയുടെ ഇഫ്താര്‍ പാക്കേജും ലഭ്യമാണ്. ഇവിടെ കൂടുതലും ബുക് ചെയ്യാതെ വരുന്നവരാണ്. കൂടുതല്‍ പേരുണ്ടെങ്കില്‍ സൗകര്യം ചെയ്യുന്നുണ്ട്.
മറീന റെസിഡന്‍സിയില്‍ ഇഫ്താര്‍ കിറ്റിന് 450 രൂപയാണ്. താജ് ഗേറ്റ്വേ ഹോട്ടലില്‍ നികുതിയടക്കം 900 രൂപക്കാണ് റമദാന്‍ വിഭവങ്ങള്‍ നല്‍കുന്നത്.
പാരഗണിലും റമദാന്‍ വിഭവങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നഗരത്തിലെ മറ്റ് ഹോട്ടലുകളും തങ്ങളുടെ വിഭവങ്ങളുമായി ഇഫ്താര്‍ പാര്‍ട്ടികള്‍ പൊടിപൊടിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.