തിരുവനന്തപുരം: രണ്ട് പതിറ്റാണ്ടിലെ വ്രതാനുഭവങ്ങള്‍ പള്ളി അങ്കണത്തില്‍ വിശ്വാസികളോട് പങ്കുവെച്ച് മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ ടി.എന്‍. പ്രതാപന്‍. തിരുവനന്തപുരം പാളയം മുസ്ലിം ജമാഅത്ത് പള്ളി അങ്കണത്തില്‍ സംഘടിപ്പിച്ച മതവിജ്ഞാന സദസ്സിലാണ് പ്രതാപന്‍ നോമ്പനുഭവങ്ങള്‍ ഓര്‍ത്തെടുത്തത്. നോമ്പ് ജീവിതത്തെയും മനസ്സിനെയും ശുദ്ധീകരിക്കുമെന്ന് അനുഭവത്തില്‍നിന്ന് തിരിച്ചറിഞ്ഞതായി അദ്ദേഹം പറഞ്ഞു.
20 വര്‍ഷത്തിനിടെ റമദാനിലെ ഒരു നോമ്പ് പോലും ഉപേക്ഷിച്ചിട്ടില്ല. എം.എല്‍.എ ആയിരിക്കെ ചൈനയിലേക്ക് ക്ഷണം ലഭിച്ചപ്പോള്‍ നോമ്പ് തുടരാനുള്ള സൗകര്യമുണ്ടെങ്കില്‍ വരാമെന്ന വ്യവസ്ഥയിലാണ് പോയത്. സ്കൂളില്‍ പഠിക്കുന്ന കാലത്ത് സുഹൃത്തുക്കള്‍ നോമ്പെടുക്കുന്നതിനോടുള്ള ഐക്യദാര്‍ഢ്യമായാണ് വ്രതാനുഷ്ഠാനത്തിന്‍െറ ആരംഭം. അത് കോളജ് കാലത്തും തുടര്‍ന്നു. ഖുര്‍ആന്‍ പരിഭാഷയും വിവിധ ഇസ്ലാമിക ഗ്രന്ഥങ്ങളും വായിച്ചാണ് നോമ്പിനെയും മതത്തെയുംകുറിച്ച് കൂടുതല്‍ പഠിച്ചത്. കോളജ് പഠനകാലത്ത് സുഹൃത്തുക്കളും മഹല്ല് ഭാരവാഹികളും നോമ്പുതുറക്കാന്‍ വീട്ടിലേക്ക് ക്ഷണിച്ചതും അത്താഴം ഹോസ്റ്റലില്‍ എത്തിച്ചുതന്നതും മറക്കാനാവില്ല. പിന്നീട് വീട്ടില്‍നിന്ന് പിന്തുണ ലഭിച്ചു. ജീരകക്കഞ്ഞി ഉള്‍പ്പെടെ വിഭവങ്ങള്‍ വീട്ടുകാര്‍ ഒരുക്കിത്തരും.
നോക്കിലും വാക്കിലും പ്രവൃത്തിയിലും വിചാരത്തിലുമുള്ള വിശുദ്ധിയാണ് നോമ്പിന്‍െറ ആത്മാവ്. ത്യാഗം സഹിക്കാനും മറ്റുള്ളവന്‍െറ വേദന തിരിച്ചറിയാനും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്നെ പ്രാപ്തനാക്കിയത് വ്രതാനുഭവമാണ്. നോമ്പെടുത്തവനെ തുറക്ക് ക്ഷണിക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായം. മുമ്പ് ഒരു മന്ത്രിമന്ദിരത്തില്‍ നടന്ന നോമ്പുതുറ ഏറെ വേദനിപ്പിച്ചു. പ്രൗഢിയും പെരുമയും കാട്ടാനുള്ള ഭക്ഷണധൂര്‍ത്തായിരുന്നു അത്.
പിന്നീട് ആര്‍ഭാട നോമ്പുതുറകളില്‍നിന്ന് വിട്ടുനില്‍ക്കാനാണ് ശ്രമിക്കാറുള്ളത്. രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്ട്രോള്‍ എന്നിവ ഇതുവരെ തന്നെ ബാധിക്കാത്തത് വ്രതം കാരണമാണ്. ആയുസ്സും ആരോഗ്യവുമുള്ളിടത്തോളം വ്രതാനുഷ്ഠാനം തുടരും. ഇസ്ലാമിന്‍െറ വിശ്വമാനവിക കാഴ്ചപ്പാടും ആര്‍ദ്രതയും അടുത്തു മനസ്സിലാക്കാനും നോമ്പ് വഴി സാധിച്ചെന്ന് പ്രതാപന്‍ പറഞ്ഞു. പാളയം പള്ളിയിലെ നോമ്പുതുറയിലും അദ്ദേഹം പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.