ആത്മനിയന്ത്രണത്തിന്‍െറ വ്രതം

റമദാനിലാണ് നോമ്പ് നിര്‍ബന്ധമാക്കിയ കല്‍പന വരുന്നത്. വിശുദ്ധ ഖുര്‍ആനിന്‍െറ അവതരണമാസത്തെയാണ് നിര്‍ബന്ധ നോമ്പിനായി അല്ലാഹു തെരഞ്ഞെടുത്തത്. മൂന്ന് ഘട്ടങ്ങളായാണ് നോമ്പ് നിര്‍ബന്ധമായി മാറിയത്. നോമ്പ് അനുഷ്ഠിക്കുകയോ അല്ളെങ്കില്‍ ഒരു അഗതിക്ക് ആഹാരം നല്‍കുകയോ ചെയ്യുക, അതില്‍ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാമായിരുന്നു. അതായിരുന്നു ഒന്നാമത്തെ ഘട്ടം. രണ്ടാം ഘട്ടം നോമ്പ് നിര്‍ബന്ധമാണെന്ന കല്‍പനയാണ്. യാത്രക്കാരോ രോഗികളോ ആണെങ്കില്‍ ആ എണ്ണം മറ്റൊരു ദിവസം പൂര്‍ത്തിയാക്കിയാല്‍ മതിയെന്ന് നിര്‍ദേശിക്കപ്പെട്ടു.

നോമ്പിന്‍െറ സ്വഭാവത്തിലുള്ള വ്യത്യാസമാണ് മൂന്നാംഘട്ടം. അല്ലാഹുവിന്‍െറ നിര്‍ദേശം വന്നത് പ്രഭാതം പൊട്ടിവിടരുമ്പോള്‍ നോമ്പ് തുടങ്ങാനും സൂര്യാസ്തമയം വരെ അത് തുടരാനുമാണ്. രാത്രിയില്‍ ആഹാരപദാര്‍ഥവും സ്ത്രീ പുരുഷ ബന്ധവും അനുവദിച്ചു. ഈ രൂപത്തിലുള്ള വ്രതാനുഷ്ഠാനമാണ് സത്യവിശ്വാസികള്‍ നിര്‍വഹിക്കേണ്ടത്. ആത്മനിയന്ത്രണമാണ് നോമ്പുകൊണ്ടുദ്ദേശിക്കുന്നത്. ജീവിതത്തില്‍ വീഴ്ച വന്നാല്‍ പ്രായശ്ചിത്തമായി നോമ്പ് എടുക്കണമെന്നാണ് നിര്‍ദേശം. സാമൂഹികഭദ്രത, പട്ടിണി നിര്‍മാര്‍ജനം ഇതിനെല്ലാം വ്രതം പ്രയോജനം നല്‍കും.

അതുകൊണ്ടാണ് നോമ്പിന് പരിഹാരമായി ആഹാരം നല്‍കണമെന്ന നിര്‍ദേശം നല്‍കിയത്. ഹജ്ജിലെ നിര്‍ബന്ധാനുഷ്ഠാനങ്ങളില്‍ വല്ല തകരാറും സംഭവിച്ചാല്‍ നോമ്പ് എടുക്കുകയോ പാവങ്ങള്‍ക്ക് ധര്‍മം ചെയ്യുകയോ മൃഗത്തെ ബലി നല്‍കി ദാനം നല്‍കുകയോ വേണമെന്ന് നിര്‍ദേശിച്ചു. അബദ്ധത്തില്‍ കൊലപാതകം സംഭവിച്ചാലും പ്രതിജ്ഞ ലംഘിച്ചാലും ഹറമില്‍നിന്ന് വല്ല ജീവികളെയും വേട്ടയാടി വധിച്ചാലും പ്രായശ്ചിത്തമായി നോമ്പ് അനുഷ്ഠിക്കാനാണ് മതം പറയുന്നത്. ചുരുക്കത്തില്‍, മനുഷ്യനെ അടിമത്തത്തില്‍നിന്ന് മോചിപ്പിച്ച് സ്വതന്ത്രനാക്കുകയും പട്ടിണിപ്പാവങ്ങള്‍ക്ക് ആഹാരം നല്‍കി ജീവിതസൗകര്യം നല്‍കുകയും ചെയ്യുകയെന്നതിന് വ്രതാനുഷ്ഠാനം പ്രചോദനം നല്‍കുന്നു.

ശരീരവികാരമാണ് ഏറ്റവുമധികം നിയന്ത്രിക്കേണ്ടത്. വല്ലവനും നോമ്പ് അനുഷ്ഠിച്ച് ഇണയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ തുടര്‍ച്ചയായി രണ്ടുമാസം നോമ്പ് അനുഷ്ഠിക്കണമെന്നും അല്ളെങ്കില്‍ 50 പാവങ്ങള്‍ക്ക് ആഹാരം നല്‍കണമെന്നുമാണ് ഇസ്ലാം നിര്‍ദേശിക്കുന്നത്. ഈ പ്രത്യേക നിര്‍ദേശമെല്ലാംതന്നെ പാവങ്ങളുടെ വിശപ്പ് മനസ്സിലാക്കി ആഹാരം നല്‍കാനുള്ള പ്രചോദനമാണെന്ന് വ്യക്തമാക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.