ജിഷ വധക്കേസ്: പ്രതിയെ റിമാൻഡ് ചെയ്തു

കൊച്ചി: ജിഷ വധക്കേസില്‍ അറസ്റ്റിലായ അസം സ്വദേശി അമീറുല്‍ ഇസ്ലാമിനെ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി ഈ മാസം 30 വരെ റിമാന്‍ഡ് ചെയ്തു. ജിഷയുടെ വീട് സ്ഥിതി ചെയ്യുന്ന വട്ടോളിപ്പടി കുറുപ്പംപടി കോടതിയുടെ പരിധിയിലാണെങ്കിലും മജിസ്ട്രേറ്റ് അവധിയായതിനാലാണ് ഈ കോടതിയുടെ ചുമതല കൂടി വഹിക്കുന്ന പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് വി. മഞ്ജുവിന് മുന്നില്‍ പ്രതിയെ ഹാജരാക്കിയത്.

ഹെല്‍മറ്റ് ധരിച്ച് മുഖം മറച്ച നിലയിലാണ് പ്രതിയെ കൊണ്ടുവന്നത്. പാന്‍റ്സും ചുവന്ന ടീഷര്‍ട്ടുമായിരുന്നു വേഷം. പ്രതിയുമായി പൊലീസ് സംഘം എത്തുമ്പോഴേക്കും പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി വളപ്പ് വന്‍ ജനാവലിയാല്‍ തിങ്ങിനിറഞ്ഞിരുന്നു. കോടതി സമുച്ചയത്തിന് മുന്നിലെ വിശാല പറമ്പിലും റോഡിനിരുവശത്തും ആളുകള്‍ നിറഞ്ഞിരുന്നു. ഇവരെ മറികടന്ന് കഷ്ടപ്പെട്ടാണ് പ്രതിയുമായി പൊലീസ് കോടതിക്കകത്ത് പ്രവേശിച്ചത്. ഭൂരിഭാഗം മാധ്യമപ്രവര്‍ത്തകരെയും പൊലീസ് കോടതിക്കകത്ത് കയറുന്നതില്‍നിന്ന് തടയുകയും ചെയ്തു. കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റുസര്‍ക്കാര്‍ ഓഫിസുകളിലെ ജീവനക്കാരും എത്തിയിരുന്നു. പ്രതിയെ കൊണ്ടുപോയതിന് പിന്നാലെ എത്തിയ രണ്ട് മദ്യപര്‍ സഭ്യമല്ലാത്ത ചില പരാമര്‍ശങ്ങള്‍ നടത്തിയത് പൊലീസുമായി നേരിയ ഉരസലിനും വഴിവെച്ചു.

ആദ്യം ചേംബറില്‍ ഹാജരാക്കിയ പ്രതിയുടെ ഹെല്‍മറ്റ് മാറ്റി മജിസ്ട്രേറ്റിന് മുഖം കാണിച്ചുകൊടുത്തു. തുടര്‍ന്ന് കറുത്ത തുണികൊണ്ട് മുഖം മറച്ച് കോടതി ഹാളിലത്തെിച്ച് പ്രതിക്കൂട്ടില്‍ കയറ്റി. 4.50ഓടെ മജിസ്ട്രേറ്റ് കോടതിയിലത്തെി നടപടികള്‍ ആരംഭിച്ചു. അസമിസ് ഭാഷ അറിയാവുന്ന ലിപ്റ്റണ്‍ ബിശ്വാസ് എന്ന ബംഗാളിയെ പൊലീസ് ദ്വിഭാഷിയായി കൊണ്ടുവന്നിരുന്നു. ഇയാളുടെ സഹായത്തോടെ കോടതി പ്രതിയോട് പൊലീസിനെക്കുറിച്ച് പരാതിയുണ്ടോ എന്നാരാഞ്ഞു. ഇല്ളെന്നായിരുന്നു മറുപടി. അഭിഭാഷകന്‍െറ സഹായം വേണമോ എന്നാരാഞ്ഞപ്പോള്‍ വേണം എന്നും മറുപടി നല്‍കി. തുടര്‍ന്ന് ലീഗല്‍ സെല്ലില്‍ രജിസ്റ്റര്‍ ചെയ്ത കോടതി പൂളിലുള്ള അഡ്വ. പി. രാജനെ അഭിഭാഷകനായി ചുമതലപ്പെടുത്തി. അഭിഭാഷകന്‍െറ സൗജന്യ സേവനം പ്രതിക്ക് ലഭിക്കും. തുടര്‍ന്ന് ദ്വിഭാഷിയോട് ഏതെല്ലാം ഭാഷ അറിയാമെന്നും മറ്റു വിവരങ്ങളും തിരക്കി. തുടര്‍ന്ന് റിമാന്‍ഡ് ചെയ്ത പ്രതിയെ അഞ്ചോടെ കാക്കനാട്ടെ ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി.

കൊലപാതകം, ലൈംഗികപീഡനം എന്നിവക്ക് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302, 307 വകുപ്പുകളും  ദലിത് പീഡന നിരോധ നിയമത്തിലെ വിവിധ വകുപ്പുകളും പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
 

റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നില്ല. തിരിച്ചറിയല്‍ പരേഡ് നടത്തണമെന്ന പൊലീസിന്‍െറ ആവശ്യം പരിഗണിച്ച് ജയിലില്‍ മജിസ്ട്രേറ്റിന്‍െറ സാന്നിധ്യത്തില്‍ തിരിച്ചറിയല്‍ പരേഡ് നടത്താന്‍ കോടതി ഉത്തരവായി. ഇയാളുടെ സുഹൃത്തുക്കളായ ഇതരസംസ്ഥാന തൊഴിലാളികള്‍, ഇയാള്‍ ചെരിപ്പ് വാങ്ങിയ കടയുടെ ഉടമ തുടങ്ങിയവരെ തിരിച്ചറിയല്‍ പരേഡിന് ജയിലില്‍ എത്തിക്കുമെന്നാണ് സൂചന. തിങ്കളാഴ്ച തിരിച്ചറിയല്‍ പരേഡ് നടക്കുമെന്നാണ് അറിയുന്നത്. അന്നുതന്നെ പ്രതിയെ കൂടുതല്‍ അന്വേഷണത്തിന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. തുടര്‍ന്ന് ജിഷയുടെ വീട്ടില്‍ എത്തിച്ച് തെളിവെടുക്കും. ആലുവ പൊലീസ് ക്ളബില്‍നിന്ന് വന്‍ പൊലീസ് ബന്തവസിലാണ് പ്രതിയെ പെരുമ്പാവൂരിലേക്ക് കൊണ്ടുപോയത്. മാധ്യമപ്പടയും പൊലീസ് വാഹനങ്ങളെ അനുഗമിച്ചു. അഡീഷനല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍മാരായ പി.എം. അബ്ദുല്‍ ജലീല്‍, എസ്.എം. അബ്ദുല്‍ നസീര്‍ എന്നിവരാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.

വ്യാഴാഴ്ച വൈകുന്നേരം 4.45ഓടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം വെള്ളിയാഴ്ച പുലര്‍ച്ചെ 4.30 വരെ പൊലീസ് തുടര്‍ച്ചയായി ചോദ്യം ചെയ്തു. ആദ്യഘട്ടത്തില്‍ മൊഴികള്‍ മാറ്റിമാറ്റിപ്പറഞ്ഞ് കുഴക്കിയ പ്രതി പിന്നീടാണ് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയാറായത്. ഇതിനിടെ മനോരോഗിയാണെന്ന് തെറ്റിദ്ധരിപ്പിക്കാനും പ്രതി ശ്രമിച്ചു. വെള്ളിയാഴ്ച രാവിലെ 10.30ഓടെ ആലുവ താലൂക്ക് ആശുപത്രി ആര്‍.എം.ഒ ഡോ. പ്രേമിന്‍െറയും പൊലീസ് സര്‍ജന്‍െറയും നേതൃത്വത്തില്‍ പ്രതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. പ്രതിക്ക് ലൈംഗികശേഷി ഉണ്ടോയെന്നും ജിഷയുമായുള്ള മല്‍പിടിത്തത്തിനിടെ ദേഹത്ത് പരിക്കേറ്റിട്ടുണ്ടോയെന്നും പരിശോധിച്ചു. മറ്റ് രോഗങ്ങളുണ്ടോയെന്ന് പരിശോധിക്കാന്‍ രക്തസാമ്പിളും ശേഖരിച്ചു.
ജിഷയുടെ വാതിലിന്‍െറ ടവര്‍ബോള്‍ട്ടില്‍ കാണപ്പെട്ട രക്തക്കറ പരിശോധനക്ക് വിധേയമാക്കിയപ്പോഴും നേരത്തേ കണ്ടത്തെിയ ഡി.എന്‍.എയുമായി സാമ്യമുണ്ടെന്ന് വ്യക്തമായിരുന്നു. ഈ ചോരക്കറക്ക് കാരണമായ മുറിവും ഡോക്ടര്‍മാര്‍ പരിശോധിച്ചു. പ്രതിയുടെ ഉയരവും തൂക്കവും അളന്നു.
ഉച്ചയോടെ വൈദ്യപരിശോധന പൂര്‍ത്തിയായി. ഉച്ചക്ക് 1.20ന് മുംബൈയില്‍നിന്ന് ഡി.ജി.പി ലോക്നാഥ ബെഹ്റ നെടുമ്പാശ്ശേരിയിലത്തെി. രണ്ടോടെ ആലുവ പൊലീസ് ക്ളബില്‍ എത്തിയ അദ്ദേഹവും പ്രതിയെ ചോദ്യം ചെയ്തു. ഇനിയും ഒട്ടേറെ കണ്ണികള്‍ പൊലീസിന് വിളക്കിച്ചേര്‍ക്കാനുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ കൂടുതല്‍ ചോദ്യം ചെയ്താലെ ഇത് വ്യക്തമാകൂ.

Full View

പ്രതിക്ക് ജയിലിലെ ആദ്യദിനം അത്താഴപ്പട്ടിണി
കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിന് കാക്കനാട് ജില്ലാ ജയിലില്‍ ആദ്യദിനം അത്താഴപ്പട്ടിണിയുടേത്. പ്രതിയെ എത്തിച്ചപ്പോള്‍ ജയിലിലെ ഭക്ഷണ വിതരണ സമയം കഴിഞ്ഞതാണ് അത്താഴം മുടങ്ങാന്‍ കാരണം. ജയിലില്‍ വൈകീട്ട് അഞ്ചുവരെയാണ് ഭക്ഷണ സമയം.  ഭക്ഷണ കൗണ്ടറില്‍നിന്ന് പാത്രങ്ങളില്‍ വൈകീട്ട് അഞ്ചിന് വാങ്ങി സെല്ലുകളില്‍ സൂക്ഷിച്ച് രാത്രിയിലാണ് തടവുകാര്‍ അത്താഴം കഴിക്കുന്നത്.
പ്രതിയെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കാന്‍  കൊണ്ടുവരുന്നതിന് മുമ്പ് ഭക്ഷണം നല്‍കിയിട്ടുണ്ടാകാമെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. ഭക്ഷണ കിട്ടിയില്ളെങ്കിലും പ്രതി ശാന്തനാണ്. അത്താഴം കിട്ടാതിരുന്നിട്ടും മുറുമുറുപ്പ് പോലും കാണിച്ചില്ളെന്നും ജയിലധികൃതര്‍ പറഞ്ഞു. ജയിലിലെ സി.ബ്ളോക്കില്‍ അഞ്ച് സിംഗ്ള്‍ സെല്ലുകളില്‍ ഒന്നില്‍ 24 മണിക്കൂറും സി.സി ടി.വി നിരീക്ഷണത്തില്‍ രണ്ട് അസിസ്റ്റന്‍റ് സൂപ്രണ്ട്മാരുടെ പ്രത്യേക സുരക്ഷിതത്വത്തിലാണ് പ്രതിയെ പാര്‍പ്പിച്ചിരിക്കുന്നത്. പൊലീസ് ഉന്നത സംഘത്തിന്‍െറ നിര്‍ദേശ പ്രകാരമാണ് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയതെന്നും ജയിലധികൃതര്‍ വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.