തിരുവനന്തപുരം: ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതില്‍ മറ്റു സംസ്ഥാനങ്ങളില്‍ പി.ജിക്ക് പഠിക്കുന്നവര്‍ക്ക് ഇളവ് നല്‍കണമെന്ന ആവശ്യം പി.എസ്.സി തള്ളി. പി.ജി.ക്ക് പഠിക്കുന്നവര്‍ കോഴ്സ് പൂര്‍ത്തിയാക്കുമ്പോഴേ സര്‍ട്ടിഫിക്കറ്റ് മടക്കി നല്‍കൂവെന്നാണ് മറ്റ് സംസ്ഥാനങ്ങളിലെ ചില കോളജുകളുടെ നിലപാട്. ഈ ഉദ്യോഗാര്‍ഥികള്‍ക്ക് സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയും വിധം ഇളവ് നല്‍കണമെന്ന ആവശ്യമാണ് ഉയര്‍ന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും ഇളവ് നല്‍കാനാവില്ലെന്നും കമീഷന്‍ നിലപാടെടുത്തു.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ അധ്യാപക നിയമനത്തിന് ആരോഗ്യ സെക്രട്ടറി മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പരിശോധിക്കാന്‍ റൂള്‍സ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. സൂപ്പര്‍ സ്പെഷാലിറ്റി മേഖലയില്‍ അധ്യാപകരെ കിട്ടാത്ത സാഹചര്യത്തിലാണ് നിര്‍ദേശം. ഈ തസ്തികകളിലേക്ക് വാര്‍ഷിക പരീക്ഷ നടത്തണം. അവസാന വര്‍ഷ പരീക്ഷ എഴുതിയവരെയും വിജ്ഞാപന പ്രകാരം അപേക്ഷിക്കാന്‍ അനുവദിക്കണം. സൂപ്പര്‍സ്പെഷാലിറ്റിയിലെ ചില തസ്തികകളില്‍ സംവരണ വിഭാഗത്തിന് ആളില്ലാതെ വന്നാല്‍ പഴയതു പോലെ മറ്റ് സമുദായങ്ങള്‍ക്ക് കടംകൊടുക്കുകയും പിന്നീട് മടക്കി നല്‍കുകയും വേണം. ഈ നിര്‍ദേശങ്ങള്‍ പരിശോധിച്ച് തീരുമാനം എടുക്കാനാണ് സമിതിയെ നിയോഗിച്ചത്.
ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ തസ്തികയിലേക്ക് മാത്രം വിവരണാത്മക പരീക്ഷ നടത്തും. വിവരണാത്മക പരീക്ഷ കമീഷന്‍ അവസാനിപ്പിച്ചിരുന്നു. കോളജ് അധ്യാപക തസ്തികയില്‍ പോലും പുതിയ രീതി അവലംബിക്കുകയാണ്. എന്നാല്‍, ഈ തസ്തികയിലെ സ്പെഷല്‍ റൂള്‍സില്‍ വിവരണാത്മക പരീക്ഷ നടത്തണമെന്ന് പറയുന്നുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ തസ്തികയില്‍ മാത്രം അതു തുടരാന്‍ തീരുമാനിച്ചത്.
പി.എസ്.സിയില്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് നടത്താന്‍ രേഖകള്‍ നല്‍കാന്‍ അക്കൗണ്ടന്‍റ് ജനറല്‍ ഫയലുകള്‍ ആവശ്യപ്പെട്ടു. ഇതു നല്‍കാന്‍ പാടില്ലെന്ന അഭിപ്രായം ചില അംഗങ്ങള്‍ ഉന്നയിച്ചു. എന്നാല്‍, തെറ്റായ സന്ദേശം നല്‍കുമെന്ന് മറ്റു ചിലരും പറഞ്ഞു. ചില രേഖകള്‍ ചോദിച്ചാല്‍ കമീഷന്‍ തീരുമാനമെടുത്ത ശേഷം നല്‍കിയാല്‍ മതിയെന്ന് തീരുമാനമായി. ഫയല്‍ നല്‍കില്ല എന്ന നിലപാട് എടുക്കില്ല. റാങ്ക് ലിസ്റ്റ്, മാര്‍ക്ക് ലിസ്റ്റ് അടക്കമുള്ള രേഖകള്‍ കമീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത് പി.എസ്.സി രഹസ്യമായി വെക്കുന്നവയാണ്. അക്കൗണ്ട് സംബന്ധിച്ച ഫയലുകള്‍ നല്‍കുന്നതിന് നിയന്ത്രണമുണ്ടാകില്ല. കോളജ് ലെക്ചറര്‍ മലയാളത്തിന്‍െറ റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട വിഷയം അടുത്ത കമീഷന്‍ യോഗം തീരുമാനിക്കും. തിങ്കളാഴ്ച ഈ വിഷയം ചര്‍ച്ച ചെയ്തില്ല. അനിശ്ചിതമായി ഇക്കാര്യം നീട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.