തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് അഞ്ജു ബോബി ജോര്‍ജിന്‍െറ സഹോദരന് സ്പോര്‍ട്സ് കൗണ്‍സിലില്‍ നിയമനം നല്‍കി സംസ്ഥാന സര്‍ക്കാര്‍. അര്‍ജുന അവാര്‍ഡ് ജേതാവ് സിനിമോള്‍ പൗലോസിന്‍െറ ഭര്‍ത്താവും പരിശീലകനുമായ അജിത്ത് മാര്‍ക്കോസിനെയാണ് അസി. സെക്രട്ടറി (ടെക്നിക്കല്‍) ഒഴിവിലേക്ക് നിയമിച്ചത്. ഇതുസംബന്ധിച്ച ഉത്തരവില്‍ കഴിഞ്ഞ ദിവസം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഒപ്പുവെച്ചു. മാസം 80,000 രൂപ ശമ്പള സ്കെയിലിലാണ് നിയമനം. ഒരുവര്‍ഷം മുമ്പ് ഈ തസ്തികയിലേക്ക് അജിത്ത് അപേക്ഷിച്ചിരുന്നെങ്കിലും അന്ന് കൗണ്‍സില്‍ പ്രസിഡന്‍റായിരുന്ന പത്മിനി തോമസ് യോഗ്യതയില്ളെന്നുകണ്ട് ഫയല്‍ മടക്കി അയച്ചു.
എന്നാല്‍, കഴിഞ്ഞ നവംബര്‍ 27ന് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റായി അഞ്ജു ബോബിജോര്‍ജ് സ്ഥാനമേറ്റതോടെ ഫയലിന് ജീവന്‍വെച്ചെന്നാണ് ആക്ഷേപം. അടുത്ത ദിവസങ്ങളില്‍തന്നെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പുറത്തുവരുമെന്ന് കണ്ടതോടെയാണ് നിയമന ഉത്തരവില്‍ മന്ത്രി ഒപ്പുവെച്ചത്.
നേരത്തേ ഒളിമ്പ്യന്‍ ബോബി അലോഷ്യസ് ഇരുന്ന കസേരയില്‍ സമാന യോഗ്യതയുള്ളയാള്‍ വേണമെന്ന് തോന്നിയതുകൊണ്ടാണ് അജിത്തിനെ നിയമിക്കാത്തതെന്നും അപേക്ഷിക്കുന്ന സമയത്ത് അദ്ദേഹത്തിന് എല്‍.എന്‍.സി.പിയില്‍ 15 ദിവസത്തെ പരിശീലന കോഴ്സ് പൂര്‍ത്തിയാക്കിയതിന്‍െറ സര്‍ട്ടിഫിക്കറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും പത്മിനി തോമസ് ‘മാധ്യമ’ത്തോട് പറഞ്ഞു. രാജ്യത്തിനകത്തും പുറത്തും നടന്ന ഒരു ടൂര്‍ണമെന്‍റിലും മെഡല്‍ നേടാത്ത അജിത്തിന് ഈ തസ്തികയിലേക്കുള്ള യോഗ്യത എന്താണെന്ന് തിരിച്ചയച്ച ഫയലില്‍രേഖപ്പെടുത്തിയിരുന്നു. ഇപ്പോഴത്തെ നിയമനം സംബന്ധിച്ച് ഒന്നും പറയാനില്ളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം തന്‍െറ സഹോദരന് യോഗ്യതയില്ളെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അമേരിക്കയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ അദ്ദേഹം മുന്‍ ദേശീയ ഗെയിംസുകളില്‍ പ്രീജ ശ്രീധരന്‍, സിനിമോള്‍ പൗലോസ്, സജീഷ് ജോസഫ് എന്നിവരുടെ പരിശീലകനായിരുന്നെന്നും അഞ്ജു ബോബിജോര്‍ജ് പറഞ്ഞു. സംശയമുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാമെന്നും അഞ്ജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.