തിരുവമ്പാടി സീറ്റ്: മലയോര വികസന സമിതിയുമായി സഹകരിക്കാം -സി.പി.എം

കോഴിക്കോട്: തിരുവമ്പാടി നിയോജക മണ്ഡലത്തിൽ മലയോര വികസന സമിതിയുമായി സഹകരിക്കാൻ തയാറാണെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ. ഇക്കാര്യം ചർച്ച ചെയ്യാൻ തയാറാണ്. സമിതിയുടെ വികാരം കൂടി പരിഗണിച്ചാകും തിരുവമ്പാടിയിൽ എൽ.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുക. പൊതുസമ്മതനായ സ്ഥാനാർഥി വേണമെന്ന താമരശേരി രൂപതയുടെ നിലപാടിനെ എതിർക്കില്ലെന്നും പി. മോഹനൻ മാധ്യമങ്ങളോട് പറഞ്ഞു.

തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസുമായി വെച്ചുമാറാന്‍ സന്നദ്ധമാണെന്ന് അറിയിച്ച്, മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറിയായിരിക്കെ പി.കെ. കുഞ്ഞാലിക്കുട്ടി 2011ല്‍ ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ കത്ത് പുറത്തായ സാഹചര്യത്തിലാണ് പുതിയ തന്ത്രവുമായി സി.പി.എം രംഗത്തെത്തിയത്. തിരുവമ്പാടിയിൽ താമരശേരി രൂപത പിന്തുണക്കുന്ന മലയോര വികസന സമിതിയുമായി രൂപം കൊള്ളുന്ന ധാരണ വഴി ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലും നേട്ടം കൈവരിക്കാമെന്നാണ് സി.പി.എം വിലയിരുത്തൽ.

മലയോര വികസന സമിതി നേതാക്കള്‍ സി.പി.എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തെന്നാണ് റിപ്പോർട്ട്. അതേസമയം, ലീഗ് ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ ഉറപ്പ് പാലിക്കണമെന്ന ആവശ്യം മലയോര വികസന സമിതി ആവർത്തിച്ചു. കത്ത് പുറത്തായ സംഭവത്തിലെ അതൃപ്തി മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കുടിയേറ്റ കര്‍ഷകരിലുണ്ടായ വികാരം കണക്കിലെടുത്ത് 2016ല്‍ സീറ്റ് കോണ്‍ഗ്രസിനു നല്‍കാമെന്നാണ് കുഞ്ഞാലിക്കുട്ടി കൈമാറിയ കത്തിലെ ചുരുക്കം. പകരം കോണ്‍ഗ്രസിന്‍െറ മറ്റൊരു സീറ്റ് ലീഗിന് നല്‍കണമെന്നും കത്തിലുണ്ട്. കത്ത് 2011 മാര്‍ച്ച് 30നാണ് ഉമ്മന്‍ചാണ്ടിക്ക് കൈമാറിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.