പത്തനംതിട്ടയില്‍ എയര്‍പോര്‍ട്ട് വരണമെന്നാണ് ആഗ്രഹം -സുരേഷ് ഗോപി

പത്തനംതിട്ട: പത്തനംതിട്ടയില്‍ എയര്‍പോര്‍ട്ട് വരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് നടന്‍ സുരേഷ് ഗോപി. ആറന്മുളയിലെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദിയുടെ ഭരണനേട്ടങ്ങള്‍ കണ്ടുതുടങ്ങിയെന്നും അതിനുനേരെ കണ്ണും കാതും അടക്കുന്നവര്‍ അതുവഴി അസഹിഷ്ണത സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയില്‍ ജനകീയ ഭരണം ഉണ്ടാകാന്‍ എന്‍.ഡി.എക്ക് ശക്തി പകരണമെന്നും സുരേഷ് ഗോപി പറഞ്ഞു. പ്രകൃതിക്കുവേണ്ടി സമരം നടത്തി വിജയിച്ച മണ്ണാണ് ആറന്മുളയിലേത്. അതേസമയം, കഴിഞ്ഞ അഞ്ചു വര്‍ഷം ചില നേട്ടങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ നേട്ടങ്ങളൊക്കെ ഇല്ലായ്മ ചെയ്യുന്ന രീതിയിലായിരുന്നു അഴിമതിയും ധാര്‍ഷട്യവും. ഇതില്‍ ജനങ്ങള്‍ക്ക് പകയുണ്ട്. പുതിയ ഭരണം ജനങ്ങള്‍ ആഗ്രഹിക്കുന്നു. ഒരു പര്‍ട്ടിയിലും ഇല്ലാത്തവര്‍ അങ്ങനെ ചിന്തിക്കുന്നു.

വിഷയാധിഷ്ടതമായി മനുഷ്യന്‍റെ തൊലിയുടെ നിറം നോക്കാതെ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. ഇന്നത്തെ രാഷ്ട്രീയക്കളികളില്‍ ഇഷ്ടവും അനിഷ്ടവും തോന്നിയിട്ടുണ്ട്. ഓരോ അഞ്ചു വര്‍ഷവും പ്രതീക്ഷകള്‍ നല്‍കി ഭരണത്തിനെത്തുന്നവര്‍ എന്ത് വികസനമാണ് നടത്തിയതെന്ന് ചിന്തിക്കണം. 25 കൊല്ലം കഴിഞ്ഞുള്ള കേരളത്തിന്‍റെ പ്രതീക്ഷ കാക്കാന്‍ ഇന്നത്തെ ഭരണത്തിന് കഴിയുന്നില്ല. സംസ്ഥാനത്തിന്‍റെ 60 കൊല്ലത്തെ ഭരണം ദീര്‍ഘവീക്ഷണമില്ലാത്തതാണെന്ന് നാം കണ്ടു. മാറിമാറി വന്ന സര്‍ക്കാറുകള്‍ക്ക് ജനങ്ങളോടുള്ള വാഗ്ദാനം നിറവേറ്റാന്‍ കഴിഞ്ഞില്ല. ഇവിടെയാണ് ബി.ജെ.പി ഉയര്‍ന്ന് വരേണ്ടതിന്‍റെ ആവശ്യകതയെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് വര്‍ഷം ഭരണം തീറെഴുതി കൊന്നതാണ് നാം കണ്ടത്. ഇടക്ക് ഒരു സോളാര്‍ വന്നാല്‍ അതിനെ ചോദ്യം ചെയ്യുന്നത് മുഖ്യമന്ത്രിയുടെ നെറ്റിയില്‍ ചെന്ന് മുട്ടണം. ജനങ്ങളുടെ ക്ഷേത്രമായ നിയമസഭയില്‍ അക്രമം കാട്ടിയുള്ള പ്രകടനം മാത്രമായിരുന്നു ചിലര്‍ നടത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.