ആദിവാസികള്‍ക്ക് കാലാവധി കഴിഞ്ഞ ഡി.ഡി നല്‍കിയ സംഭവം: മന്ത്രി ജയലക്ഷ്മി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

താമരശ്ശേരി: കോടഞ്ചേരി പഞ്ചായത്തിലെ പൂണ്ട, മേക്കോഞ്ഞി ആദിവാസി കോളനികളില്‍ ഭവനനിര്‍മാണത്തിന് ധനസഹായമായി നല്‍കിയ ഡിമാന്‍ഡ് ഡ്രാഫ്റ്റ് കാലാവധി കഴിഞ്ഞതായിരുന്നു എന്ന ‘മാധ്യമ’ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി പട്ടികജാതി വികസനവകുപ്പ് ഡയറക്ടറോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കാലപ്പഴക്കംകൊണ്ട് വീഴാറായ വീടുകള്‍ പുനര്‍നിര്‍മിക്കുന്നതിന് ഹഡ്കോ, എ.ടി.എസ്.പി എന്നിവിടങ്ങളില്‍നിന്ന് അനുവദിച്ച തുകയുടെ ആദ്യ ഗഡുവായ 52,500 രൂപയുടെ ഡി.ഡിയാണ് കാലാവധി കഴിഞ്ഞതുമൂലം ആദിവാസികള്‍ക്ക് ലഭിക്കാതെപോയത്. കോളനികളിലെ 20 വീടുകള്‍ക്ക് മൂന്നരലക്ഷം രൂപ വീതമാണ് അനുവദിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മലാപ്പറമ്പ് ശാഖയില്‍നിന്ന് 2015 ഡിസംബര്‍ 29നാണ് ഡി.ഡി എടുത്തത്. ഗുണഭോക്താക്കള്‍ക്ക് ലഭിച്ചതാകട്ടെ 2016 മാര്‍ച്ച് 29നും. മൂന്നുമാസക്കാല ഗുണഭോക്താക്കള്‍ക്ക് ഡി.ഡി വിതരണം ചെയ്യാതിരുന്നത് ഗുരുതരമായ വീഴ്ചയായി ‘മാധ്യമം’ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വകുപ്പുമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, പട്ടികജാതി വികസനവകുപ്പ് ജില്ലാ ഓഫിസര്‍ ശശീന്ദ്രന്‍ നല്‍കുന്ന വിശദീകരണം ഇപ്രകാരമാണ്. ഡി.ഡി കൈപ്പറ്റണമെന്നാവശ്യപ്പെട്ട് എ.ഡി.സി പ്രമോട്ടറോടും മുന്‍ വാര്‍ഡ് അംഗത്തോടും നിലവിലെ അംഗത്തോടും മൂന്നാഴ്ചമുമ്പ് ആവശ്യപ്പെട്ടതാണ്. എന്നാല്‍, ഗുണഭോക്താക്കള്‍ സിവില്‍സ്റ്റേഷനില്‍ വന്ന് വാങ്ങാന്‍ കൂട്ടാക്കാതിരുന്നതുമൂലമാണ് ഡി.ഡി മാറാന്‍ കഴിയാതെപോയത്.
എന്നാല്‍, ഡി.ഡി വാങ്ങിയ ഒരു ഗുണഭോക്താവിന് തുക ലഭിക്കുകയും ചെയ്തിട്ടുണ്ട്. കാലാവധി കഴിഞ്ഞ ഡി.ഡികള്‍ റീവാലിഡേഷന്‍ നടത്തി പുതിയ ഡി.ഡികള്‍ വിതരണം ചെയ്യുമെന്ന് ഓഫിസര്‍ പറഞ്ഞു. മൂന്നുമാസം മുമ്പ് വിതരണം ചെയ്യേണ്ട ഡി.ഡി കൈപ്പറ്റാന്‍ ഗുണഭോക്താക്കളെ കൂട്ടിവരണമെന്ന് പ്രമോട്ടറോടും ജനപ്രതിനിധികളോടും മൂന്നാഴ്ചമുമ്പ് ആവശ്യപ്പെട്ടിരുന്നു എന്ന വാദമുഖവും ഗുരുതരമായ വീഴ്ചയാണ്. ഡി.ഡി റീവാലിഡേറ്റ് ചെയ്യാന്‍ 150 രൂപയുമായി സിവില്‍സ്റ്റേഷനില്‍ എത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് കോളനിവാസികള്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.