എലത്തൂരില്‍ 15 ലക്ഷം രൂപയുടെ ബ്രൗണ്‍ ഷുഗര്‍ പിടികൂടി

എലത്തൂര്‍: എലത്തൂരില്‍ വന്‍ ബ്രൗണ്‍ ഷുഗര്‍ വേട്ട. 15 ലക്ഷത്തോളം രൂപ വിപണിയില്‍ വിലവരുന്ന ബ്രൗണ്‍ ഷുഗറുമായി എലത്തൂര്‍ നാലകത്ത് ചേരിക്കല്‍ എന്‍.സി. മൊയ്തീന്‍ കോയയാണ് (65) പിടിയിലായത്. ബുധനാഴ്ച വൈകീട്ട് നാലോടെ എലത്തൂര്‍ എസ്.ഐ എസ്. അനീഷും ഷാഡോ പൊലീസും ചേര്‍ന്നാണ് അറസ്റ്റുചെയ്തത്. ഇയാള്‍ മയക്കുമരുന്ന് മൊത്ത വ്യാപാരിയാണെന്ന് പൊലീസ് അറിയിച്ചു. അഞ്ചു വര്‍ഷത്തിനിടെ ജില്ലയിലെ ഏറ്റവും വലിയ ബ്രൗണ്‍ ഷുഗര്‍ വേട്ടയാണിത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ്  മയക്കുമരുന്ന് വില്‍ക്കുന്നത്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നാണ് ഇയാള്‍ ബ്രൗണ്‍ ഷുഗര്‍ കൊണ്ടുവരുന്നത്. സിറ്റി പൊലീസ് കമീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഷാഡോ പൊലീസ് 10 ദിവസമായി സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ ഇയാളെ നിരീക്ഷിച്ചുവരുകയായിരുന്നു. ബുധനാഴ്ച രാവിലെയോടെയാണ് ഇയാള്‍ മുംബൈയില്‍നിന്ന് മയക്കുമരുന്നുമായി എത്തിയത്. മയക്കുമരുന്നിനടിമകളായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നിരവധി പേരുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. മൊയ്തീന്‍െറ വീട് റെയ്ഡ് ചെയ്ത പൊലീസ് ബ്രൗണ്‍ഷുഗര്‍ ചെറിയ അളവില്‍ തൂക്കാനുള്ള ഇലക്ട്രോണിക് തുലാസും കണ്ടെടുത്തു. വിവിധ മയക്കുമരുന്ന് കേസുകളിലായി 10 വര്‍ഷത്തോളം ജയില്‍ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ഭാര്യയും മക്കളുമായി അകന്നുകഴിയുന്ന മൊയ്തീന്‍ കോയ സഹോദരിയോടൊപ്പമാണ് താമസിക്കുന്നത്. മയക്കുമരുന്ന് ഉപയോഗിക്കുന്ന ഇയാള്‍ നാട്ടില്‍ കുപ്രസിദ്ധനാണ്. മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഇയാളെ ദുര്‍നടപ്പുകാരണം പാര്‍ട്ടിയില്‍നിന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് പുറത്താക്കിയതാണത്രെ. എസ്.ഐയെ കൂടാതെ എ.എസ്.ഐമാരായ കൃഷ്ണകുമാര്‍, ബാവ രഞ്ജിത്ത്, സി.പി.ഒമാരായ സജിത്ത്, രാജേഷ്, ഷാഡോ പൊലീസ് അംഗങ്ങളായ മുഹമ്മദ് ഷാഫി, മനോജ്, സജി, എന്നിവവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.