സാമൂഹിക മാധ്യമങ്ങളിലെ യുദ്ധഭടന്മാര്‍...

തൃശൂര്‍: ശബ്ദകോലാഹലങ്ങളില്ലാത്ത ഒരു ദിനം- അതായിരുന്നു ഞായറാഴ്ച.വോട്ടുകള്‍ കൂട്ടിയും കിഴിച്ചും,അടിയൊഴുക്കുകള്‍ തടഞ്ഞും ഞായറാഴ്ച മുന്നണികള്‍ മുന്നേറുമ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ പ്രചാരണത്തിന്‍െറ ഉച്ചസ്ഥായിയിലായിരുന്നു.സാമൂഹിക മാധ്യമങ്ങള്‍  ജനകീയമായ ശേഷം നടക്കുന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പിനെ എല്ലാ മുന്നണികളും ക്രിയാത്മകമായി ഉപയോഗിച്ചു. മണ്ഡലം കേന്ദ്രീകരിച്ചുള്ള മീഡിയ വിങ്ങുകളും സോഷ്യല്‍ മീഡിയ വാര്‍ഗ്രൂപ്പുകളും ഇത്തവണത്തെ പ്രത്യേകതയായിരുന്നു. നേതാക്കളുടെ ആരോപണ പ്രത്യാരോപണങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ വഴിയാക്കിയപ്പോള്‍ പരമ്പരാഗത മാധ്യമങ്ങള്‍ക്ക് പോലും അതിനെ തിരെ കണ്ണടക്കാനായില്ല.

മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുടെ സന്ദര്‍ശന ഷെഡ്യൂള്‍ മുതല്‍ വികസനകാഴ്ചപ്പാടുകള്‍ അടങ്ങിയ വീഡിയോകള്‍ വരെ സമൂഹികമാധ്യമങ്ങളില്‍ പറന്നു നടന്നു. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ ഉത്തരവാദിത്തത്തോടെ ചെയ്തുകൊടുക്കുമെന്ന് പറഞ്ഞ് കമ്പനികള്‍ വരെ സ്ഥാനാര്‍ഥികളെ സമീപിച്ചിരുന്നു. ചിലര്‍ വാര്‍റൂമുകള്‍  പ്രഫഷനലുകളെ വെച്ച് കൈകാര്യം ചെയ്തപ്പോള്‍ മറ്റ്ചിലര്‍ പാര്‍ട്ടി പ്രവര്‍ത്തകരിലെ ടെക്കികളെയാണ് ആശ്രയിച്ചത്. എന്തായാലും, ഒഴിച്ചുകൂടാനാവാത്ത പ്രചാരണ മാര്‍ഗമായി സാമൂഹിക മാധ്യമങ്ങള്‍ മാറി എന്ന് നിസ്സംശയം പറയാം. അതില്‍ ഫേസ്ബുക് തന്നെയായിരുന്നു താരം. സോഷ്യല്‍ മീഡിയ മാനേജ്മെന്‍റ്  പ്രഫഷനലുകള്‍ക്കായി കേരളത്തില്‍ പോലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വന്നിരിക്കുന്നു. അത് വിരല്‍ ചൂണ്ടുന്നത് കേരളത്തില്‍ സാമൂഹികമാധ്യമങ്ങളുടെ സാധ്യതയിലേക്കാണ്. മോദിയുടെ സോമാലിയ പരാമര്‍ശത്തിനെതിരെ ഉയര്‍ന്ന `പോ മോനെ മോദി', വി.എസ് നെതിരെ ഫയല്‍ ചെയ്ത ഉപഹരജി തള്ളിയപ്പോള്‍ ഉയര്‍ന്നു വന്ന `വണ്ടി വിട് ചാണ്ടി' എന്നീ ഹാഷ് ടാഗുകള്‍ സൈബര്‍ സമരഭടന്മാരുടെ സര്‍ഗാത്മകതയാണ് കാണിക്കുന്നത്. എന്നാല്‍ തങ്ങള്‍ക്ക് അനുകൂലമായ രീതിയിലുള്ള സര്‍വേ ഫലങ്ങള്‍ വ്യാജമായി നിര്‍മിച്ച് പ്രചരിപ്പിക്കുന്നതില്‍ മുന്നണികള്‍ പിന്നിലായിരുന്നില്ല എന്നതും വസ്തുതയാണ്.

കേരളത്തിലെ 71 നിയമസഭാ മണ്ഡലങ്ങളില്‍ സാമൂഹികമാധ്യമങ്ങള്‍ നിര്‍ണായകമാവുമെന്ന രീതിയിലുള്ള ഒരു പഠന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ്  ഇന്‍റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ(ഐ.എ.എം.എ.ഐ) പുറത്തുവിട്ടത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്  കേരളത്തില്‍ ഫേസ്ഫുക് ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. 58 ലക്ഷം മലയാളികളാണ് ഫേസ്ബുക് റിപ്പബ്ളിക്കിലെ പ്രജകള്‍. ആലപ്പുഴ ജില്ലയാണ് സാമൂഹിക മാധ്യമ സ്വാധീനം ഉയര്‍ന്ന മണ്ഡലം. കണ്ണൂര്‍ ഏറ്റവും പിന്നിലും. സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും സാമൂഹികമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ കണ്ണും പൂട്ടി വിശ്വസിക്കുന്നവരല്ല മലയാളികള്‍. സാമ്പ്രദായിക മാധ്യമങ്ങളെ ആശ്രയിച്ചാണ് കിട്ടിയ വാര്‍ത്തകള്‍ അവര്‍ സ്ഥിരീകരിക്കുന്നത്.
കേരളത്തിന് പുറത്ത് തെരഞ്ഞെടുപ്പ് ഗോദയില്‍ ട്വിറ്റര്‍ പ്രധാന ആയുധമാണെങ്കിലും മലയാളികള്‍ക്ക് അതിനോട് പഥ്യംപോര. വാര്‍ത്താ ലിങ്കുകള്‍ക്കായാണ് ഇവര്‍ ട്വിറ്ററിനെ ഇപ്പോഴും ഉപയോഗിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.