ഇ. അഹമ്മദ് മാറിനില്‍ക്കുന്ന അപൂര്‍വ നിയമസഭാ വോട്ടെടുപ്പ്

കണ്ണൂര്‍: മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഇ. അഹമ്മദ് എം.പി കേരള നിയമസഭ തെരഞ്ഞെടുപ്പിന്‍െറ കാല്‍നൂറ്റാണ്ട് ചരിത്രത്തില്‍ ഇതാദ്യമായി മാറിനില്‍ക്കേണ്ടിവന്ന വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. ആരോഗ്യസ്ഥിതി മോശമായതിനാല്‍ ഒരാഴ്ചയായി ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഹമ്മദ് ഇന്നലെ ഒൗദ്യോഗിക വസതിയിലത്തെിയെങ്കിലും കണ്ണൂരില്‍ ഇന്ന് വോട്ടുചെയ്യാന്‍ എത്താനുള്ള അവസാന ശ്രമവും ഉപേക്ഷിച്ചു. ഇന്നലെ വൈകീട്ട് ഡല്‍ഹിയില്‍നിന്ന് കൊച്ചി വഴി കണ്ണൂരിലത്തെി വോട്ടുചെയ്യാനായിരുന്നു ശ്രമം. എന്നാല്‍, യാത്ര ചെയ്യുന്നത് ഡോക്ടര്‍മാര്‍ വിലക്കിയതായി ഡല്‍ഹിയില്‍ അഹമ്മദുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു. അഹമ്മദിന്‍െറ മക്കളെല്ലാം ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.

പാര്‍ട്ടിയുടെ നിയമസഭ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന്‍െറ ഭാഗമായി ഒരുമാസം മുമ്പാണ് അഹമ്മദ് അവസാനം പാണക്കാട്ട് എത്തിയത്. അതിനുശേഷം ഈ മാസം അഞ്ചുമുതല്‍ തെരഞ്ഞെടുപ്പ് പര്യടനത്തിന് ഷെഡ്യൂള്‍ നിശ്ചയിച്ചിരുന്നു. പക്ഷേ, മേയ് ആദ്യം പനി ബാധിച്ച് കിടപ്പിലായി.
കണ്ണൂര്‍ മണ്ഡലത്തില്‍ കണ്ണൂര്‍ കോര്‍പറേഷനിലെ ആനയിടുക്ക് എല്‍.പി സ്കൂള്‍ 76ാം നമ്പര്‍ ബൂത്തിലെ 849ാം നമ്പര്‍ വോട്ടറാണ് അഹമ്മദ്. കേരള നിയമസഭ തെരഞ്ഞെടുപ്പിന്‍െറ തുടക്കം മുതല്‍ ബാഫഖി തങ്ങളുടെയും പൂക്കോയ തങ്ങളുടെയും കാലത്ത് മുസ്ലിം ലീഗിന്‍െറ യുവപ്രഭാഷകനായിരുന്ന അദ്ദേഹം മൂന്നാം കേരള നിയമസഭയിലേക്ക് 1967ല്‍ കണ്ണൂരില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 70ല്‍ കണ്ണൂരില്‍ വീണ്ടും മത്സരിച്ചെങ്കിലും എന്‍.കെ. കുമാരനോട് തോറ്റു. പിന്നീട് 1977ല്‍ കോഴിക്കോട് കൊടുവള്ളിയില്‍നിന്ന് വീണ്ടും നിയമസഭയിലത്തെി.
’80ല്‍ മലപ്പുറം ജില്ലയിലെ താനൂരായി അഹമ്മദിന്‍െറ തട്ടകം. ’82ല്‍ രണ്ടാമതും താനൂരില്‍നിന്ന് ജയിച്ച് വ്യവസായ മന്ത്രിയായി. 1991ല്‍ പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് അഹമ്മദിന്‍െറ പ്രവര്‍ത്തന കേന്ദ്രം ഡല്‍ഹിയിലേക്ക് മാറിയത്. ലീഗിന്‍െറ ചരിത്രത്തിലെ ആദ്യ കേന്ദ്രമന്ത്രിയായി. രണ്ടുതവണ കേന്ദ്രസഹമന്ത്രിയായി.  കുഞ്ഞാലിക്കുട്ടി-അഹമ്മദ് ചേരിതിരിവ് പ്രകടമായ 2006ലെ നിയമസഭ തെരഞ്ഞടുപ്പിലാണ് കുഞ്ഞാലിക്കുട്ടി, എം.കെ. മുനീര്‍ തുടങ്ങിയ പ്രമുഖര്‍ കടപുഴകിയത്. ഇത്തവണയും സ്ഥാനാര്‍ഥി പട്ടികയില്‍ തന്നോട് അനുഭാവമുള്ള ഒരുനിരയെ ഉള്‍പ്പെടുത്തുന്നതില്‍ സജീവമായി ഇടപെട്ടാണ് അഹമ്മദ് ഡല്‍ഹിക്ക് മടങ്ങിയത്. എന്നാല്‍, ആരോഗ്യസ്ഥിതി മോശമായതിനാല്‍ പിന്നീട് തെരഞ്ഞെടുപ്പ് വേദിയിലേക്ക് എത്താന്‍ കഴിഞ്ഞില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.